News - 2025

38,000 അടി ഉയരത്തില്‍ കത്തീഡ്രല്‍ ക്വയര്‍ സംഘത്തിന്റെ ഗാനാലാപനം

സ്വന്തം ലേഖകന്‍ 14-08-2019 - Wednesday

ലണ്ടന്‍: യു‌കെയിലെ വേക്ക്ഫീല്‍ഡ് കത്തീഡ്രല്‍ ഗായക സംഘം 38,000 അടി ഉയരത്തില്‍ ആകാശത്ത് നടത്തിയ ദേവാലയ സംഗീത പ്രകടനം വ്യത്യസ്ഥമായി. പോളണ്ടിലെ ക്രാക്കോ സന്ദര്‍ശനത്തിന് ശേഷമുള്ള യാത്രാമദ്ധ്യേ ക്യാപ്റ്റന്റെ നിര്‍ദ്ദേശപ്രകാരം ജെറ്റ് 2 ഫ്ലൈറ്റിനകത്താണ് പുതുചരിത്രം രചിച്ചുകൊണ്ട് ആത്മീയ സംഗീത വിരുന്ന്‍ നടന്നത്. ശ്രദ്ധേയമായ ഈ പ്രകടനം സഹയാത്രികര്‍ക്ക് പുത്തന്‍ അനുഭവം സമ്മാനിച്ചു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്. “ദേവാലയ ഗാനങ്ങളുടെ ഇംഗ്ലീഷ് പാരമ്പര്യത്തെ പുതിയ ഉയരങ്ങളിലെത്തിച്ചു” എന്നാണ് കത്തീഡ്രലിന്റെ കാനന്‍ പ്രിസെന്റോറായ റവ. കാനോന്‍ ലിയാ വാസി സോണ്ടേഴ്സ് പറഞ്ഞത്. ഗായകസംഘത്തിന്റെ സംഗീത പരിപാടിക്ക് നിറഞ്ഞ കൈയടി വിമാനത്തില്‍ ലഭിച്ചു.

വേക്ക്ഫീല്‍ഡ് കത്തീഡ്രല്‍ ക്വയറിന്റെ പോളണ്ടിലെ പര്യടനത്തിന്റെ തുടക്കവും വ്യത്യസ്ഥമായിരുന്നു. ഭൂമിക്കടിയില്‍ 101 മീറ്റര്‍ താഴെ ഭൂഗര്‍ഭ ഉപ്പുഖനിയില്‍ വെച്ച് നടത്തിയ ഫ്ലാഷ് മോബോടെയായിരുന്നു പര്യടനത്തിനു ആരംഭം. പോളിഷ് സന്ദര്‍ശനത്തിന്റെ ഭാഗമായി ഗായക സംഘം പോളണ്ടിലെ നിരവധി ദേവാലയങ്ങളിലും, മ്യൂസിക് ഫെസ്റ്റിവലുകളിലും ആത്മീയ സംഗീത വിരുന്നൊരുക്കി.

മനോഹരമായ സംഗീതത്തിന്റെ അകമ്പടിയോടെയുള്ള വിശുദ്ധ കുര്‍ബാന കൊണ്ട് പ്രസിദ്ധമാണ് വേക്ക്ഫീല്‍ഡ് കത്തീഡ്രല്‍. ഏറെക്കാലം മുന്‍പ് തന്നെ പുരുഷന്മാരുടേയും ആണ്‍കുട്ടികളുടേതുമായ ഒരു പരമ്പരാഗത ഗായക സംഘം തന്നെ കത്തീഡ്രലിനുണ്ട്. 1979-ലാണ് ഗായക സംഘത്തിന്റെ വിദേശ പര്യടനങ്ങള്‍ ആരംഭിച്ചത്. ജര്‍മ്മനി, ഫ്രാന്‍സ്, അമേരിക്ക, സ്കോട്ട്ലന്റ്, സാല്‍സ്ബര്‍ഗ്, റോം, ടസ്കാനി, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളില്‍ ഇവര്‍ പര്യടനം നടത്തിയിട്ടുണ്ട്.


Related Articles »