News - 2025
മഴക്കെടുതി: വീണ്ടും പ്രാര്‍ത്ഥനകള്‍ വാഗ്ദാനം ചെയ്ത് പാപ്പ
സ്വന്തം ലേഖകന്‍ 16-08-2019 - Friday
വത്തിക്കാന്‍ സിറ്റി: ഇന്ത്യ അടക്കമുള്ള തെക്കെ ഏഷ്യന്‍ രാജ്യങ്ങളില്‍ മഴക്കെടുതിയും വെള്ളപ്പൊക്കവും മൂലം ക്ലേശിക്കുന്ന ജനങ്ങള്‍ക്ക് തന്‍റെ സാന്ത്വനവും പ്രാര്‍ത്ഥനയും വീണ്ടും നേര്‍ന്ന് ഫ്രാന്‍സിസ് പാപ്പ. പരിശുദ്ധ അമ്മയുടെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ദിനമായ ഇന്നലെ നല്‍കിയ സന്ദേശത്തിലാണ് ദുരിതമനുഭവിക്കുന്ന പ്രിയപ്പെട്ടവരെ പാപ്പ വീണ്ടും സ്മരിച്ചത്. മഴക്കെടുതിയില്‍ മരണമടഞ്ഞവരെയും അവരുടെ കുടുംബാംഗങ്ങളെയും, ഭവനരഹിതരാക്കപ്പെട്ടവരെയും പ്രാര്‍ത്ഥനയില്‍ പ്രത്യേകം അനുസ്മരിക്കുന്നതായി പാപ്പാ പറഞ്ഞു. വിവിധ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകുകയും വേദനിക്കുന്ന ജനതയെ പിന്‍തുണയ്ക്കുകയും ചെയ്യുന്നവരുടെ കരങ്ങളെ ദൈവം ശക്തിപ്പെടുത്തട്ടെയെന്നും പാപ്പ ആശംസിച്ചു.
കഴിഞ്ഞ ദിവസം കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതിയില്‍ ക്ലേശം അനുഭവിക്കുന്ന പ്രിയപ്പെട്ടവരെ സ്മരിച്ചു പാപ്പക്ക് വേണ്ടി വത്തിക്കാന്‍ സെക്രട്ടറി പ്രാദേശിക അധികാരികള്‍ക്ക് ടെലിഗ്രാം സന്ദേശം അയച്ചിരിന്നു. ഇതിന് പിന്നാലെയാണ് പാപ്പ പൊതുപ്രസംഗത്തില്‍ വീണ്ടും പരാമര്‍ശം നടത്തിയത്.
![](/images/close.png)