News - 2025

പ്രോലൈഫ് കെന്റകി: പ്ലാൻഡ് പാരന്‍റ്ഹുഡിന് ലൈസൻസ് നിഷേധിച്ച് ഗവര്‍ണ്ണര്‍

സ്വന്തം ലേഖകന്‍ 21-08-2019 - Wednesday

ലൂയിസ് വില്ല: അമേരിക്കയിലെ ഗര്‍ഭഛിദ്ര കേന്ദ്രങ്ങളുടെ ഈറ്റില്ലമായ പ്ലാൻഡ് പാരന്‍റ്ഹുഡിന് ലൈസൻസ് നിഷേധിച്ച് കെന്റകി സംസ്ഥാനം. ലൂയിസ് വില്ലയിൽ പ്രവർത്തിക്കുന്ന പ്ലാൻഡ് പാരന്‍റ്ഹുഡ് ക്ലിനിക്കിന് ഭ്രൂണഹത്യ നടത്താനുള്ള അനുമതി കെന്റകി ഗവർണർ മാറ്റ് ബെവിനാണ് നിഷേധിച്ചത്. ഇത് രണ്ടാമത്തെ തവണയാണ് ക്ലിനിക്കിന് ഭ്രൂണഹത്യ നടത്താനുള്ള അനുമതി തള്ളുന്നത്. ഗവര്‍ണ്ണറുടെ നിലപാടില്‍ പ്രോലൈഫ് പ്രവര്‍ത്തകര്‍ ആവേശത്തിലാണ്. 1998-ലെ നിയമമനുസരിച്ച് മെഡിക്കൽ എമർജൻസികൾ ഉണ്ടാവുന്ന ഘട്ടങ്ങളിൽ ആളുകളെ മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിനായി ഭ്രൂണഹത്യ നടത്തി കൊടുക്കുന്ന ക്ലിനിക്കുകൾക്ക് ആശുപത്രിയുമായും ആംബുലൻസുമായും കരാർ ഉണ്ടായിരിക്കണം. ഇത് പ്രകാരമാണ് ആദ്യത്തെ തവണ പ്ലാന്‍ഡ് പാരന്‍റ്ഹുഡ് ക്ലിനിക്കിന് പ്രവർത്തനാനുമതി നിഷേധിച്ചത്.

2015 ഡിസംബർ മുതൽ 2016 ജനുവരി വരെ ലൈസൻസ് ഇല്ലാതെ ഭ്രൂണഹത്യകൾ നടത്തിക്കൊടുത്തു എന്നതാണ് ഇത്തവണ സർക്കാർ ലൈസൻസ് നിഷേധിക്കാൻ കാരണമായത്. ഇതേ കാരണം ചൂണ്ടിക്കാണിച്ചുകൊണ്ട് കുടുംബങ്ങൾക്കും ആരോഗ്യത്തിനുമായുള്ള കെന്റകി ക്യാബിനറ്റ് സെക്രട്ടറി ആദം മേയ്ർ വെള്ളിയാഴ്ച കത്തയച്ചിരുന്നു. ഗർഭസ്ഥ ശിശുക്കളുടെ വർഗം, ലിംഗം, വൈകല്യങ്ങൾ തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ ഭ്രൂണഹത്യ പാടില്ല എന്ന മറ്റൊരു ഭ്രൂണഹത്യ വിരുദ്ധ നിയമത്തിൽ കഴിഞ്ഞ മാർച്ച് മാസം ഗവർണർ മാറ്റ് ബെവിൻ ഒപ്പുവെച്ചിരുന്നു.

എന്നാൽ കോടതികളിൽ നടക്കുന്ന കേസുകളുമായി ബന്ധപ്പെട്ട നിയമപരമായ പ്രതിസന്ധികൾ മൂലം അത് ഇതുവരെ നടപ്പിലാക്കാൻ സാധിച്ചിട്ടില്ല. ഗർഭസ്ഥ ശിശുവിന്റെ ഹൃദയമിടിപ്പ് അറിയാൻ സാധിച്ചതിനുശേഷം ഭ്രൂണഹത്യ പാടില്ല എന്ന നിയമം മാർച്ച് മാസം കെന്റക്കി സംസ്ഥാനം പാസാക്കിയെങ്കിലും സംസ്ഥാനത്തെ ഫെഡറൽ കോടതി ജഡ്ജിയായ ഡേവിഡ് ജെ ഹാൾ അത് താത്ക്കാലികമായി തടയുകയായിരിന്നു. എങ്കിലും പ്രോലൈഫ് സമീപനംവെച്ചു പുലര്‍ത്തുന്ന ഭരണനേതൃത്വത്തെ ഏറെ പ്രതീക്ഷയോടെയാണ് കെന്റകിയിലെ ജനങ്ങള്‍ നോക്കിക്കാണുന്നത്.


Related Articles »