News
ചൈന-വത്തിക്കാന്‍ കരാര്‍: ഒരു വര്‍ഷത്തിന് ദിവസങ്ങള്‍ ശേഷിക്കേ ആദ്യ സ്ഥാനാരോഹണം
സ്വന്തം ലേഖകന്‍ 27-08-2019 - Tuesday
ജിന്നിംഗ്: കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഒപ്പുവെച്ച വത്തിക്കാന്‍- ചൈന കരാറിന് ശേഷമുള്ള ആദ്യ മെത്രാന്‍ സ്ഥാനാരോഹണത്തിന് ചൈന സാക്ഷിയായി. ഉടമ്പടി പ്രാബല്യത്തില്‍ വന്നിട്ട് ഒരു കൊല്ലമാകാന്‍ ദിവസങ്ങള്‍ ശേഷിക്കെയാണ് ചൈനയിലെ ഇന്നര്‍ മംഗോളിയയിലെ ജിന്നിംഗ് രൂപതയിലെ മെത്രാനായി ഫാ. അന്റോണിയോ യാവോ ഷുന്‍ സ്ഥാനാരോഹണം ചെയ്തത്. ഓഗസ്റ്റ് 26ന് ജിന്നിംഗ് നഗരത്തിലെ ഔര്‍ ലേഡി ഓഫ് റോസറി കത്തീഡ്രലില്‍വെച്ച് നടന്ന സ്ഥാനാരോഹണ ശുശ്രൂഷകള്‍ക്ക് ഇന്നര്‍ മംഗോളിയയുടെ തലസ്ഥാന നഗരമായ ഹൊഹോട്ടിലെ മെത്രാനായ മോണ്‍. പോള്‍ മെങ്ങ് ക്വിങ്ലു നേതൃത്വം നല്‍കി.
“നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍” എന്ന വിശുദ്ധ ലൂക്കായുടെ സുവിശേഷ വാക്യമാണ് അന്‍പത്തിനാലുകാരനായ പുതിയ മെത്രാന്റെ ഔദ്യോഗിക മുദ്രാവാക്യം. ബാമെങ്ങ് രൂപതയുടെ മെത്രാനായ മോണ്‍. മാറ്റിയ ഡു ജിയാങ് നിങ്ക്സിയ രൂപതയുടെ തലവനായ മോണ്‍. ജോസഫ് ലി ജിങ്, ഷാന്‍ക്സിയിലെ തായുവാന്‍ രൂപതയുടെ തലവനായ മോണ്‍. പോള്‍ മെങ് നിങ്യു തുടങ്ങിയ പിതാക്കന്മാര്‍ക്ക് പുറമേ നൂറ്റിഇരുപതോളം പുരോഹിതന്‍മാരും സ്ഥാനാരോഹണ ശുശ്രൂഷയില്‍ പങ്കെടുത്തു.
ബെയ്ജിംഗിലെ നാഷ്ണല്‍ സെമിനാരിയിലെ പഠനശേഷം 1991-ലാണ് ഫാ. യാവോ പൗരോഹിത്യ പട്ട സ്വീകരണം നടത്തിയത്. പിന്നീട് അദ്ദേഹം ഇവിടെ അദ്ധ്യാപകനായും ആത്മീയ ഡയറക്ടറായും സേവനം ചെയ്തിട്ടുണ്ട്. അമേരിക്കയില്‍ ആരാധനാക്രമത്തില്‍ വിദഗ്ദപഠനം നടത്തുകയും, ജെറുസലേമില്‍ ബൈബിള്‍പരമായ പഠനം നടത്തുകയും ചെയ്തിട്ടുള്ള ഫാ. യാവോ ആരാധനയുമായി ബന്ധപ്പെട്ട നിരവധി കമ്മീഷനുകളില്‍ പ്രവര്‍ത്തിച്ചിട്ടുമുണ്ട്. ഏതാണ്ട് എഴുപതിനായിരത്തോളം വിശ്വാസികളാണ് ജിന്നിംഗ് രൂപതയിലുള്ളത്. രണ്ടുവര്‍ഷം മുന്‍പ് മോണ്‍. ജോണ്‍ ലിയു ഷിഗോങ് ദിവംഗതനായതിനെ തുടര്‍ന്ന്‍ ഇടയനില്ലാതിരുന്ന ജിന്നിംഗ് രൂപതക്ക് ഇതോടെ പുതിയ ഇടയനെ ലഭിച്ചിരിക്കുകയാണ്.
ചൈനയില്‍ റോമന്‍ കത്തോലിക്ക മെത്രാന്‍മാരെ നിയമിക്കുന്നതില്‍ മാര്‍പാപ്പയ്ക്കു കൂടി അവകാശം നല്‍കുന്ന ചൈന-വത്തിക്കാന്‍ കരാര്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 22-നാണ് നിലവില്‍ വന്നത്. ബെയ്ജിംഗില്‍വെച്ച് ഒപ്പിട്ട ഈ കരാറിന്റെ വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പുതിയ മെത്രാന്റെ സ്ഥാനാരോഹണം ഈ കരാറിന്റെ വിജയമായിട്ടാണെന്നാണ് വത്തിക്കാനില്‍ നിന്നുള്ളവര്‍ വിലയിരുത്തുന്നത്.