Arts - 2025
ചിത്രീകരണങ്ങളോടുകൂടിയ ആദ്യ ബൈബിൾ കയ്യെഴുത്തുപ്രതി എത്യോപ്യയിൽ
സ്വന്തം ലേഖകന്‍ 28-08-2019 - Wednesday
ആഡിസ് അബാബ: ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിലെ അബുനാ ഗാരിമ സന്യാസ ആശ്രമത്തിൽ സൂക്ഷിയ്ക്കുന്ന ചിത്രീകരണത്തോടുകൂടിയ ആദ്യ ബൈബിൾ കയ്യെഴുത്തുപ്രതി ശ്രദ്ധയാകര്‍ഷിക്കുന്നു. ഗരിമ ഗോസ്പെൽ എന്നാണ് ഈ കയ്യെഴുത്തുപ്രതി അറിയപ്പെടുന്നത്. എത്യോപ്യൻ ഭാഷയായ "ഗീസിൽ" ആട്ടിൻ തോലിലാണ് ഇത് എഴുതപ്പെട്ടിരിക്കുന്നത്. ഏകദേശം ഒരേ കാലഘട്ടത്തിൽ എഴുതപ്പെട്ടിരിക്കുന്ന പത്ത് ഇഞ്ച് കനത്തിലുള്ള രണ്ടു വാല്യങ്ങളായാണ് ബൈബിൾ സൂക്ഷിച്ചിരിക്കുന്നത്. നാല് സുവിശേഷങ്ങളാണ് ചിത്രങ്ങൾ സഹിതം രണ്ട് വാല്യങ്ങളിലുമുളളത്. ഇത് പതിനൊന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ടതാണെന്നാണ് ഗവേഷകർ ആദ്യം അനുമാനിച്ചതെങ്കിലും പിന്നീട് തിരുത്തപ്പെടുകയായിരിന്നു.
വിശദമായ കാർബൺ ഡേറ്റിംഗ് ടെസ്റ്റിൽ എഡി 330 മുതൽ, എഡി 650 വരെയുള്ള കാലഘട്ടത്തിനിടയിൽ എഴുതപ്പെട്ടവയാണ് ഈ ബൈബിളെന്ന് കണ്ടെത്തി. എഴുതപ്പെട്ട കാലഘട്ടം കണക്കിലെടുത്താൽ ഏറ്റവും പഴക്കമുള്ള സുവിശേഷങ്ങളുടെ പട്ടികയിൽ ഇതും ഉള്‍പ്പെടുന്നുണ്ടെന്നാണ് ചരിത്രം. ഇസ്ലാമിക അധിനിവേശത്തെയും, ഇറ്റാലിയൻ കടന്നുകയറ്റത്തെയും, സന്യാസ ആശ്രമത്തിന്റെ ദേവാലയത്തിൽ ഉണ്ടായ അഗ്നിബാധയെയും കയ്യെഴുത്ത് പ്രതികൾ അതിജീവിച്ചത് വലിയ അത്ഭുതമായാണ് എത്യോപ്യൻ സഭ ഇന്നും നോക്കി കാണുന്നത്. സന്യാസ ആശ്രമം സ്ഥാപിച്ച അബ ഗരിമ എന്ന സന്യാസിയാണ് ബൈബിൾ കയ്യെഴുത്തുപ്രതിക്കു പിന്നിലെ കരങ്ങളെന്ന് വിശ്വസിക്കപ്പെടുന്നു.