India - 2025
സമര്‍പ്പിത ജീവിതത്തെ അവഹേളിച്ചവര്‍ക്കെതിരെ പോലീസിന് കൂടുതല്‍ പരാതികള്‍
30-08-2019 - Friday
കണ്ണൂര്‍: സമൂഹ മാധ്യമങ്ങളിലൂടെ ക്രൈസ്തവ വിശ്വാസത്തെയും സമര്‍പ്പിത ജീവിതത്തെയും അവഹേളിച്ചു പോസ്റ്റുകള്‍ നല്‍കുകയും അത് പ്രചരിപ്പിക്കുകയും ചെയ്തവര്‍ക്കെതിരെ കൂടുതല്‍ പരാതികള്‍ നല്‍കി. നവമാധ്യമങ്ങളായ ഫേസ്ബുക്ക്, വാട്‌സാപ്പ് തുടങ്ങിയവയിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന്‍ ചൂണ്ടിക്കാട്ടിയാണ് വിവിധ പോലീസ് സ്റ്റേഷനുകളില്‍ സംഘടന ഭാരവാഹികളും വ്യക്തികളും പരാതി നല്കിയിരിക്കുന്നത്. ക്രൈസ്തവ വിശ്വാസത്തെയും സന്യാസിനികളെയും അപമാനിച്ച കോഴിക്കോട് മുക്കം സ്വദേശിക്കെതിരേ തലശേരി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോര്‍ജ് തയ്യില്‍ കണ്ണൂര്‍ ഡിവൈഎസ്പി പി.പി. സദാനന്ദനു പരാതി നല്കി. മുഖ്യമന്ത്രി, ഡിജിപി, ന്യൂനപക്ഷ കമ്മീഷന്‍, വനിതാ കമ്മീഷന്‍ എന്നിവര്‍ക്കും പരാതി നല്കിയിട്ടുണ്ട്.
എസ്എംവൈഎം കാഞ്ഞിരപ്പള്ളി രൂപത സമിതിയും കെസിവൈഎം കൊച്ചി രൂപതയും സോഷ്യല്‍ മീഡിയയിലെ അപവാദ പ്രചാരണത്തിനെതിരേ പരാതി നല്‍കിയിട്ടുണ്ട്. വയനാട് ക്രിസ്ത്യന്‍ കള്‍ച്ചറല്‍ ഫോറത്തിന് വേണ്ടി ചെയര്‍മാന്‍ സാലു അബ്രാഹവും പരാതി പൊലീസിന് കൈമാറിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലെ അധിക്ഷേപത്തില്‍ തലശേരി അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ പ്രതിഷേധിച്ചു. സന്യസ്തര്‍ക്കെതിരേ പൊതുവിലും അതുവഴി കന്യാസ്ത്രീ ഭവനങ്ങള്‍ക്കെതിരേയും അശ്ലീലങ്ങള്‍ എഴുതി സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റിടുന്ന വ്യക്തികളെ നിരീക്ഷിക്കാനും ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരേ നടപടിയെടുക്കാനും പോലീസ് തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. രാജ്യത്തു െ്രെകസ്തവ സന്യാസിനികള്‍ ചെയ്യുന്ന സേവനങ്ങള്‍ അനുഭവിച്ചിട്ടുള്ള വലിയൊരു സമൂഹം രാജ്യത്തുണ്ടെന്നും ഇത്തരത്തില്‍ സേവന സന്നദ്ധരായവരെ അപമാനിക്കുന്ന പ്രവണതകള്‍ക്കെതിരെ പൊതുസമൂഹം ഉണരണമെന്നും പാസ്റ്ററല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.