India - 2025
മെത്രാപ്പോലീത്തന്‍ വികാരി: മാര്‍ഗരേഖ നിയമത്തിന്റെ ഭാഗമാകും
31-08-2019 - Saturday
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയ്ക്കുവേണ്ടിയുള്ള മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ വികാരി അഥവാ മെത്രാപ്പോലീത്തന്‍ വികാരിയുടെ ഉത്തരവാദിത്തങ്ങളും അവകാശങ്ങളും വ്യക്തമാക്കുന്ന മാര്‍ഗരേഖ സിനഡ് അംഗീകരിച്ചു. സാവകാശം ഇതു സഭയുടെ പ്രത്യേക നിയമത്തിന്റെ ഭാഗമാകും. അതിരൂപതയുടെ സാധാരണ ഭരണത്തിന്റെ ഉത്തരവാദിത്തം മെത്രാപ്പോലീത്തന്‍ വികാരിയിലാണു നിക്ഷിപ്തമായിരിക്കുന്നത്. മേജര്‍ ആര്‍ച്ച്ബിഷപ് അതിരൂപതയുടെ മെത്രാപ്പോലീത്തയായി തുടരുന്നതിനാല്‍, വളരെ പ്രധാനപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിനുമുന്പ് അതിരൂപതാധ്യക്ഷനുമായി മെത്രാപ്പോലീത്തന്‍ വികാരി കൂടിയാലോചിക്കണമെന്നു മാര്‍ഗരേഖ നിര്‍ദേശിക്കുന്നു.
അതേസമയം, അതിരൂപതയുടെ സാമ്പത്തിക കാര്യങ്ങളുള്‍പ്പെടെയുള്ള സാധാരണ ഭരണം നിര്‍വഹിക്കാന്‍ മെത്രാപ്പോലീത്തന്‍ വികാരിക്കു പൂര്‍ണ ഉത്തരവാദിത്തം ഉണ്ടായിരിക്കും. സിവില്‍ നിയമമനുസരിച്ച് അതിരൂപതയെ പ്രതിനിധീകരിക്കുന്നതും രേഖകളില്‍ ഒപ്പുവയ്ക്കുന്നതുമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അദ്ദേഹത്തിന്റെ ഉത്തരവാദിത്തങ്ങളില്‍പ്പെടുന്നവയാണ്. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് എന്ന നിലയിലുള്ള ശ്രമകരമായ ദൗത്യവും എറണാകുളം അങ്കമാലി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് എന്ന ഉത്തരവാദിത്തവും ഒരുമിച്ചു നിറവേറ്റുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് അതിരൂപതയ്ക്കു പുതിയ ഭരണസംവിധാനം രൂപീകരിക്കുന്നതിനെക്കുറിച്ചു 2007 മുതല്‍ സിനഡില്‍ ആലോചനകള്‍ ആരംഭിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷങ്ങളില്‍ സീറോ മലബാര്‍ സഭയുടെ രൂപതകള്‍ കേരളത്തിനു പുറത്തും ഇന്ത്യയ്ക്കു പുറത്തും വര്‍ധിച്ചതോടെ, മേജര്‍ ആര്‍ച്ച് ബിഷപ്പ് എന്ന നിലയില്‍ കൂടുതല്‍ സമയം സഭയുടെ പൊതു ആവശ്യങ്ങള്‍ക്കുവേണ്ടി കണ്ടെത്തേണ്ടി വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ജനുവരി സിനഡില്‍ എടുത്ത തീരുമാനം റോമിനെ അറിയിക്കുന്നതും പൗര്യസ്ത്യ തിരുസംഘത്തിന്റെ അംഗീകാരത്തോടെ മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ വികാരിയെ എറണാകുളം അങ്കമാലി അതിരൂപതയുടെ അനുദിന ഭരണനിര്‍വഹണത്തിനായി നിയമിക്കുകയും ചെയ്തിരിക്കുന്നത്.