News - 2024
കർണ്ണാടകയിലെ ധ്യാനകേന്ദ്രം അടച്ചുപൂട്ടിക്കാന്‍ സംഘടിത നീക്കം
സ്വന്തം ലേഖകന്‍ 31-08-2019 - Saturday
ബെംഗളൂരു: കര്‍ണ്ണാടകയില്‍ കത്തോലിക്ക ധ്യാനകേന്ദ്രം അടച്ചുപൂട്ടുവാൻ സമ്മര്‍ദ്ധ തന്ത്രവുമായി തീവ്ര ഹൈന്ദവ സംഘടന രംഗത്ത്. മുള്‍ക്കിയിലുള്ള ഡിവൈന്‍ കോള്‍സെന്റര്‍ ധ്യാനകേന്ദ്രം നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുകയാണെന്ന വ്യാജ ആരോപണം ഉന്നയിച്ചാണ് തീവ്ര ഹിന്ദുത്വ സംഘടനയായ വിശ്വ ഹിന്ദു പരിഷത്ത് രംഗത്തെത്തിയിരിക്കുന്നത്. ഹൈന്ദവർ ഒരുമിക്കുകയും ക്രിസ്‌തുമതം സ്വീകരിച്ചവരെ തിരികെ കൊണ്ടുവരികയും വേണമെന്നാണ് ഇവരുടെ ആവശ്യം. എല്ലാ മതകേന്ദ്രങ്ങളെയും സംസ്ഥാനത്തിന്റെ അധികാരത്തിന് കീഴിൽ കൊണ്ടുവരണമെന്നു ബിജെപി പോഷക സംഘടനയായ വിശ്വഹിന്ദു പരിഷത്തിന്റെ പ്രാദേശിക സെക്രട്ടറിയായ ശരൺ പമ്പ്‌വെല്‍ പറഞ്ഞു.
പ്രദീപ് കൊടിയൻ എന്ന ഹൈന്ദവ ടാക്സി ഡ്രൈവറെ രണ്ട് മിഷനറിമാർ ക്രൈസ്തവ വിശ്വാസം സ്വീകരിക്കാൻ നിർബന്ധിച്ചു എന്നാണ് ഇയാള്‍ ഉന്നയിക്കുന്ന ആരോപണം. ക്രൈസ്തവ വിദ്യാഭാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു മതപരിവർത്തനത്തിന് പ്രേരിപ്പിക്കുന്നുവെന്ന യുക്തിരഹിതമായ ആരോപണവും ശരൺ ഉന്നയിച്ചു. അതേസമയം, ക്രൈസ്തവ ഹൈന്ദവ സാഹോദര്യം തകര്‍ക്കാനുള്ള ചില സംഘടനകളുടെ നീക്കമാണ് ആരോപണത്തിനു പിന്നിലെന്നു ക്രൈസ്തവ നേതൃത്വം വ്യക്തമാക്കി. ഡിവൈൻ കോള്‍ സെന്റർ, പ്രാർത്ഥനയ്ക്കായി സ്വമനസാലേ വിശ്വാസികൾ ഒന്നിച്ചു കൂടുന്ന സ്ഥലമാണെന്നും അവിടുത്തെ പ്രാർത്ഥന ശുശ്രുഷകളിൽ പങ്കെടുക്കാൻ ആരെയും നിർബന്ധിക്കുന്നില്ലെന്നും സാജൻ കെ ജോർജ് വ്യക്തമാക്കി.
നിർബന്ധിത പരിവർത്തനം കെട്ടിച്ചമച്ച ആരോപണമാണ്. ആത്മീയ നവീകരണത്തിനായി വിശ്വാസികൾ വരുന്ന പ്രാർത്ഥനാകേന്ദ്രം അനേകർക്ക് ആശ്രയമാണ്. മാധ്യമ ശ്രദ്ധ നേടാനും കർണാടകയിലെ യഥാർത്ഥ പ്രതിസന്ധികൾ മൂടിവെയ്ക്കുന്നതിനുമായാണ് ഏതാനും നേതാക്കന്മാർ ഇത്തരം ആരോപണങ്ങളെ കൂട്ടുപിടിക്കുന്നത്. രാഷ്ട്രീയ പ്രേരിതമായ ഇത്തരം നീക്കങ്ങള്‍ അവസാനിപ്പിച്ച് സംസ്ഥാനത്തെ കർഷകരുടെ ആവശ്യങ്ങൾക്ക് ഭരണകൂടം മുൻതൂക്കം നൽകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ധ്യാനകേന്ദ്രത്തിനെതിരെയുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്ന് കര്‍ണാടക റീജിനല്‍ കാത്തലിക് ബിഷപ്പ് കൗണ്‍സില്‍ പ്രസിഡന്‍റും ബാംഗ്ലൂര്‍ ആര്‍ച്ച് ബിഷപ്പുമായ പീറ്റര്‍ മച്ചാഡോയും വ്യക്തമാക്കിയിരിന്നു.