Faith And Reason - 2024

'യേശുവിനെ കൂടാതെയുള്ള ജീവിതം ശൂന്യം': സിംഗപ്പൂര്‍ ശതകോടീശ്വരന്റെ തുറന്നുപറച്ചില്‍

സ്വന്തം ലേഖകന്‍ 31-08-2019 - Saturday

സിംഗപ്പൂര്‍: യേശുവിനെ കൂടാതെയുള്ള ജീവിതവും, ഭൗതീകതയും വെറും ശൂന്യമാണെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് സിംഗപ്പൂരിലെ ഏറ്റവും വലിയ സമ്പന്നനും, വന്‍ റിയല്‍ എസ്റ്റേറ്റ് സാമ്രാജ്യത്തിന്റെ ഉടമയുമായ ഫിലിപ്പ് ങ് ചീ റ്റാറ്റിന്റെ അഭിമുഖം ശ്രദ്ധേയമാകുന്നു. നമ്മളെല്ലാവരും തകര്‍ന്ന ഭാഗങ്ങളാണെന്നും എല്ലാവരേയും പൂര്‍ണ്ണരാക്കുന്ന നമ്മില്‍ നിന്നും നഷ്ടപ്പെട്ട ഒരു കഷ്ണമുണ്ടെന്നും അതാണ് കര്‍ത്താവായ യേശു ക്രിസ്തുവെന്നും ‘ബിലിവേഴ്സ് പോര്‍ട്ടല്‍’നു നല്‍കിയ അഭിമുഖത്തില്‍ ഫിലിപ്പ് പറഞ്ഞു. യേശുവില്ലാതെ, ഭൗതീകതയിലൂന്നിയുള്ള ജീവിതം സങ്കടകരമായ ഒരു മാര്‍ഗ്ഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെറ്റായ കാര്യങ്ങള്‍ക്ക് പിറകേയുള്ള നമ്മുടെ പരക്കം പാച്ചില്‍ തിരിച്ചറിഞ്ഞാല്‍ മാത്രമേ സന്തോഷകരവും, പരിപൂര്‍ണ്ണവുമായ ഒരു ജീവിതം നയിക്കുവാന്‍ കഴിയുകയുള്ളു. യാതൊരു അര്‍ത്ഥവുമില്ലാതെ മുന്നേറിക്കൊണ്ടിരുന്ന തന്റെ ജീവിതത്തില്‍ ദൈവസ്നേഹത്തെ കണ്ടെത്തിയത് ഒരു വഴിത്തിരിവായെന്നും ഫിലിപ്പ് സമ്മതിക്കുന്നു. നമ്മുടെ പക്കല്‍ ഒരുപക്ഷേ ധാരാളം സമ്പത്തും ആഡംബര വസ്തുക്കളും ഉണ്ടായിരിക്കാം. എന്നാല്‍ നാമെല്ലാവരും തകര്‍ന്നവരാണെന്നും, നമ്മില്‍ നിന്നും നഷ്ടമായ ഒരു ഭാഗമുണ്ടെന്നും അത് അംഗീകരിക്കുന്നതിലൂടെയാണ് എല്ലാം ആരംഭിക്കുന്നതെന്നും തന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായി പറഞ്ഞാല്‍ അത് യേശു ക്രിസ്തുവാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

സിംഗപ്പൂരിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് ഭീമനായ ‘ഫാര്‍ ഈസ്റ്റ് ഓര്‍ഗനൈസേഷന്‍ സെന്റര്‍ പ്രൈവറ്റ് ലിമിറ്റഡ്’ എന്ന കമ്പനിയുടെ ചീഫ് എക്സിക്യുട്ടീവ്‌ ഒഫീസറും, സിനോ ഗ്രൂപ്പിന്റെ ഹോങ്കോങ്ങിലേയും, ചൈനയിലേയും പദ്ധതികളുടെ പ്ലാനിങ്ങിനും, പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുകയും ചെയ്യുന്ന കണ്‍സള്‍ട്ടന്റുമാണ് ഫിലിപ്പ്. ‘ഫാര്‍ ഈസ്റ്റ് ഓര്‍ച്ചാര്‍ഡ്'ന്റെ സ്ട്രാറ്റജിക് അഡ്വൈസര്‍ കൂടിയാണ് ഫിലിപ്പ്. ക്രിസ്തീയ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് തങ്ങളുടെ ബിസിനസ്സെന്നു കമ്പനിയുടെ ഒഫീഷ്യല്‍ വെബ്സൈറ്റില്‍ പ്രത്യേകം പരമാര്‍ശിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.


Related Articles »