News - 2024

നോ​ട്ര​ഡാം കത്തീഡ്രല്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും: 786 കോടിയുടെ സഹായവുമായി ഫ്രഞ്ച് ശതകോടീശ്വരന്‍

സ്വന്തം ലേഖകന്‍ 16-04-2019 - Tuesday

പാരീസ്, ഫ്രാന്‍സ്: ഇന്നലെയുണ്ടായ അഗ്നിബാധയില്‍ ഫ്രാന്‍സിന്റെ നൊമ്പരമായി മാറിയ നോ​ട്ര​ഡാം കത്തീഡ്രല്‍ അതിവേഗം ഉയിര്‍ത്തെഴുന്നേല്‍ക്കും. ദേവാലയത്തിന് സഹായം ലഭ്യമാക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേല്‍ മാക്രോണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ പുനര്‍നിര്‍മ്മാണത്തിന് 786 കോടിയിലധികം രൂപയുടെ സഹായവാഗ്ദാനവുമായി ഫ്രഞ്ച് ശതകോടീശ്വരന്‍ രംഗത്തെത്തിയിരിക്കുകയാണ്. കത്തീഡ്രലില്‍ തീപിടുത്തമുണ്ടായി മണിക്കൂറുകള്‍ക്കുള്ളിലാണ് ഫ്രഞ്ച് ശതകോടീശ്വരനായ ഫ്രാങ്കോയിസ് ഹെന്രി പിനോള്‍ട്ട് സഹായവാഗ്ദാനവുമായി മുന്നോട്ട് വന്നത്.

100 ദശലക്ഷം യൂറോ (ഇന്ത്യന്‍ രൂപ 785 കോടിയിലധികം) ആണ് അദ്ദേഹം വാഗ്ദാനം ചെയ്തിരിക്കുന്നത്. ഗുച്ചി, സെയിന്റ് ലോറന്‍സ് തുടങ്ങിയ പ്രമുഖ ഫാഷന്‍ ബ്രാന്‍ഡുകള്‍ ഉള്‍കൊള്ളുന്ന അന്താരാഷ്ട്ര ലക്ഷ്വറി ഗ്രൂപ്പായ കെറിങ്ങിന്റെ ചെയര്‍മാനും, ചീഫ് എക്സിക്യുട്ടീവ്‌ ഓഫീസറും, പിനോള്‍ട്ട് കുടുംബത്തിന്റെ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയും, ക്രിസ്റ്റീസ് ഫൈന്‍ ആര്‍ട്സ് ഓക്ഷന്‍ ഹൌസിന്റെ ഉടമസ്ഥരുമായ ആര്‍ട്ടിമീസ് ഗ്രൂപ്പിന്റെ പ്രസിഡന്റുമാണ് ഹെന്രി പിനോള്‍ട്ട്.

നോ​ട്ര​ഡാം കത്തീഡ്രലിന്റെ നിര്‍മ്മാണം പൂര്‍ത്തികരിക്കുവാനായി ആര്‍ട്ടിമീസിന്റെ ഫണ്ടില്‍ നിന്നും 100 ദശലക്ഷം യൂറോ നല്‍കുവാനാണ് താനും തന്റെ പിതാവും (ഫ്രാങ്കോയിസ് പിനോള്‍ട്ട്) ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നതെന്നു ഹെന്രി പിനോള്‍ട്ട് ഇതുസംബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഫ്രഞ്ച് ഗോത്തിക്ക് ശില്‍പ്പകലയുടെ മകുടോദാഹരണമായ നോ​ട്ര​ഡാം കത്തീഡ്രലില്‍ ഇന്നലെ വൈകീട്ടോടെയാണ് അഗ്നിബാധയുണ്ടായത്.

ദേവാലയ ഗോപുരത്തില്‍ ദശലക്ഷകണക്കിന് ഡോളര്‍ ചിലവ് വരുന്ന അറ്റകുറ്റപ്പണികള്‍ നടന്നുകൊണ്ടിരിക്കെയാണ് അപകടം. അഗ്നിബാധയുടെ വാര്‍ത്ത അറിഞ്ഞ ഉടന്‍ തന്നെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു കത്തീഡ്രലിന്റെ പുനര്‍നിര്‍മ്മാണത്തിനായി ദേശവ്യാപകമായ ധനസമാഹരണ പരിപാടി ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരിന്നു. ഫ്രാന്‍സിലെ ഐതിഹാസികമായ ദേവാലയം അഗ്നിബാധക്കിരയായതില്‍ വത്തിക്കാന്‍ ഖേദം അറിയിച്ചിട്ടുണ്ട്.


Related Articles »