India - 2024

ക്രിസ്തീയ സമുദായങ്ങളുടെ പിന്നോക്കാവസ്ഥയെ കുറിച്ച് പഠിക്കണം: ന്യൂനപക്ഷ കമ്മീഷനോടു വിവിധ രൂപതകള്‍

08-09-2019 - Sunday

തൃശൂര്‍: ക്രിസ്തീയ സമുദായങ്ങളുടെ പിന്നോക്കാവസ്ഥയെക്കുറിച്ചു പഠിക്കാനും പരിഹാരങ്ങള്‍ നിര്‍ദേശിക്കാനും കമ്മീഷനെ നിയോഗിക്കണമെന്ന് കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷനോടു വിവിധ രൂപതകളും ക്രിസ്ത്യന്‍ സംഘടനകളും ആവശ്യപ്പെട്ടു. തൃശൂരില്‍ ഇന്നലെ കമ്മീഷന്‍ വിളിച്ചുകൂട്ടിയ ചര്‍ച്ചായോഗത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. മുസ്ലിം സമുദായത്തിന്റെ പിന്നോക്കാവസ്ഥ പരിശോധിക്കാന്‍ പാലൊളി മുഹമ്മദ് കമ്മിറ്റി രൂപീകരിച്ചതുപോലെ ക്രിസ്ത്യന്‍ സമുദായത്തിന്റെ പിന്നോക്കാവസ്ഥ പഠിക്കുകയും പരിഹരിക്കുകയും വേണം. ക്രൈസ്തവരുടെ ജനസംഖ്യ ആശങ്കാജനകമായി കുറഞ്ഞുവരികയാണ്.

1958ല്‍ 25 ശതമാനമായിരുന്ന ക്രിസ്ത്യാനികള്‍ 2011 ലെ സെന്‍സസ് അനുസരിച്ച് 18.38 ശതമാനമായി കുറഞ്ഞു. 2017 ല്‍ ജനിച്ച കുട്ടികളില്‍ ക്രൈസ്തവര്‍ 14.96 ശതമാനമായി കുറഞ്ഞപ്പോള്‍ മുസ്ലിംകള്‍ 43 ശതമാനമായും ഹിന്ദുക്കള്‍ 41.7 ശതമാനമായും വര്‍ധിച്ചു. ദശാബ്ദങ്ങളായി ക്രിസ്ത്യാനികളുടെ ജനസംഖ്യാനുപാതം കുറഞ്ഞു വരികയാണ്. ജനസംഖ്യാനുപാതം വളരെ കുറഞ്ഞുപോയ പാഴ്‌സികള്‍ക്കു ജിയോ പാഴ്‌സി പദ്ധതി നടപ്പാക്കിയതുപോലെ ജിയോ ക്രിസ്റ്റ്യന്‍ പദ്ധതി നടപ്പാക്കണം. ക്രൈസ്തവര്‍ക്കു തൊഴില്‍ മേഖലയില്‍ സംവരണം ഏര്‍പ്പെടുത്തണം.

ക്രിസ്ത്യന്‍ പള്ളികളും സെമിത്തേരിയും സ്ഥാപനങ്ങളും നിര്‍മിക്കുന്നതിന് അനാവശ്യ തടസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. സ്വന്തം വീട്ടുവളപ്പില്‍ മൃതദേഹം സംസ്‌കരിക്കുന്ന നാട്ടില്‍ സെമിത്തേരിയെ ഹസാര്‍ഡ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി അനുമതി നിഷേധിക്കുന്നു. ഈ നീതിനിഷേധത്തിനു പരിഹാരം വേണം. ന്യൂനപക്ഷ ജില്ലാതല സെല്ലുകള്‍ അനുവദിക്കണം. ഗവേഷക വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നതിലുള്ള വിവേചനം അവസാനിപ്പിക്കണം. ന്യൂനപക്ഷ വിഭാഗങ്ങള്‍ 24.27 ശതമാനം താമസിക്കുന്ന തൃശൂര്‍ ജില്ലയെ ന്യൂനപക്ഷങ്ങള്‍ കൂടുതല്‍ കേന്ദ്രീകരിച്ചു താമസിക്കുന്ന മേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണം.

ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സീറ്റുകള്‍ ഭരണഘടനാവിരുദ്ധമായി സംസ്ഥാന സര്‍ക്കാര്‍ പിടിച്ചടക്കിയിരിക്കുകയാണ്. കമ്യൂണിറ്റി ക്വോട്ട സീറ്റുകള്‍ വെട്ടിക്കുറച്ച നടപടി തിരുത്തണം. അധ്യാപക നിയമനാധികാരം പരിമിതപ്പെടുത്തിയതും തിരുത്തണം. മദ്രസ അധ്യാപകര്‍ക്കു ക്ഷേമനിധി ഏര്‍പ്പെടുത്തിയതുപോലെ മതാധ്യാപനം നടത്തുന്ന ക്രിസ്ത്യന്‍ വൈദികര്‍ക്കും സിസ്റ്റര്‍മാര്‍ക്കും മതാധ്യാപകര്‍ക്കും ക്ഷേമനിധി ഏര്‍പ്പെടുത്തണം. സാമൂഹ്യ മാധ്യമങ്ങളിലൂടെ ന്യൂനപക്ഷ മതത്തെയും വിശ്വാസങ്ങളെയും അവഹേളിക്കുന്നതിനെതിരേ നടപടി വേണം.

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റീസ് പി.കെ. ഹനീഫ, മെംബര്‍മാരായ അഡ്വ. മുഹമ്മദ് ഫൈസല്‍, അഡ്വ. ബിന്ദു എന്നിവരാണു നിര്‍ദേശങ്ങള്‍ സ്വകീരിച്ചത്. തൃശൂര്‍ അതിരൂപതയിലെയും ഇരിങ്ങാലക്കുട രൂപതയിലെ്യും പ്രതിനിധികള്‍ സിറ്റിംഗില്‍ പങ്കെടുത്തു. കത്തോലിക്ക കോണ്‍ഗ്രസ്, ടീച്ചേഴ്‌സ് ഗില്‍ഡ്, എക്‌സല്‍ അക്കാദമി എന്നിവയുടെ പ്രതിനിധികളും ഉണ്ടായിരുന്നു. ഫാ. വര്‍ഗീസ് കൂത്തൂര്‍, ഫാ. ആന്റണി ചെമ്പകശേരി, ഡോ. ഇഗ്‌നേഷ്യസ് ആന്റണി, ജോഷി വടക്കന്‍, അഡ്വ. സോജന്‍ ജോബ്, റോണി അഗസ്റ്റിന്‍, ഡെന്‍സണ്‍ തുടങ്ങിയവര്‍ സിറ്റിംഗില്‍ പങ്കെടുത്തു.


Related Articles »