News - 2024

ഐ‌എസ് തടവില്‍ ബോംബ് നിര്‍മ്മിക്കേണ്ട സാഹചര്യം ഉണ്ടായതായി ഫിലിപ്പീന്‍സ് വൈദികന്‍

സ്വന്തം ലേഖകന്‍ 09-09-2019 - Monday

മാരാവി: രണ്ടു മാസക്കാലം ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ തടവിലായിരുന്ന സമയത്ത് തീവ്രവാദികളുടെ ഭീഷണിക്കും, ക്രൂരമായ മര്‍ദ്ദനത്തിനും വിധേയനായി തനിക്ക് ബോംബ്‌ നിര്‍മ്മിക്കേണ്ടി വന്നിട്ടുണ്ടെന്നു ഫിലിപ്പീന്‍സിലെ കത്തോലിക്കാ പുരോഹിതന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. ഫാ. ചിട്ടോ സുഗാനോബായാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഫിലിപ്പീന്‍സിന്റെ തെക്കു ഭാഗത്തുള്ള മാരാവി നഗരം ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ ഉപരോധത്തിലായിരുന്ന സമയത്ത് 2017 മെയ് 23നാണ് ഫാ. ചിറ്റോയും, സഹപ്രവര്‍ത്തകരായ അഞ്ചു കത്തോലിക്കാ വിശ്വാസികളും ബന്ധികളാവുന്നത്. മാരാവിയിലെ ബാറ്റോ മുസ്ലീം പള്ളിയിലായിരുന്നു അവരെ പാര്‍പ്പിച്ചിരുന്നത്.

തടവിലായ ദിവസം വെടിയൊച്ച കേട്ടാണ് താന്‍ ഞെട്ടി ഉണര്‍ന്നതെന്നും, തന്റെ കത്തോലിക്കരും മുസ്ലീമുകളുമായ സുഹൃത്തുക്കള്‍ മാരാവിയില്‍ നിന്നും പുറത്തുകടക്കുവാന്‍ ആവശ്യപ്പെട്ടുകൊണ്ട് തനിക്ക് സന്ദേശങ്ങള്‍ അയച്ചുവെങ്കിലും എല്ലാം ദൈവത്തില്‍ അര്‍പ്പിച്ചുകൊണ്ട് മാറാവിയില്‍ തന്നെ തുടരുവാനായിരുന്നു തന്റെ തീരുമാനമായിരിന്നുവെന്ന് ഫാ. ചിറ്റോ വെളിപ്പെടുത്തി. തടവില്‍ വെച്ച് തീവ്രവാദികള്‍ തങ്ങളുടെ ഇസ്ലാമിക സിദ്ധാന്തങ്ങള്‍ തങ്ങളില്‍ കുത്തിനിറക്കുവാന്‍ ശ്രമിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാരാവി മുസ്ലീം നഗരമാണെന്നും നഗരത്തെ ശുദ്ധീകരിച്ച് ഇസ്ലാമിക് കാലിഫേറ്റ് ഉണ്ടാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നുമാണ് തീവ്രവാദികള്‍ പറഞ്ഞത്.

തീവ്രവാദികളുടെ ഭീഷണിയുള്ളതിനാല്‍ അവര്‍ക്ക് വേണ്ടി പാചകം ചെയ്യുക, നിലം വൃത്തിയാക്കുക എന്നത് കൂടാതെ ബോംബ്‌ നിര്‍മ്മിക്കേണ്ട സാഹചര്യങ്ങള്‍ വരെ വന്നുവെന്ന് ഫാ. ചിറ്റോ വെളിപ്പെടുത്തി. തടവിലായിരുന്ന സമയത്ത് നൂറോളം വ്യോമാക്രമങ്ങള്‍ക്കാണ് അദ്ദേഹം സാക്ഷ്യം വഹിച്ചത്. തീവ്രവാദികളുടെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ മാരാവിയില്‍ നിന്ന്‍ മാറിയാണ് അദ്ദേഹം ഇപ്പോള്‍ ശുശ്രൂഷ തുടരുന്നതെങ്കിലും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനായി ഇടക്കൊക്കെ അദ്ദേഹം മാരാവിയില്‍ എത്താറുണ്ട്. ക്രൈസ്തവ - മുസ്ലീം സാഹോദര്യത്തെക്കുറിച്ച് ശുഭപ്രതീക്ഷ തന്നെയാണ് തനിക്കുള്ളതെന്ന് ഫാ. ചിറ്റോ ഇപ്പോഴും ആവര്‍ത്തിക്കുന്നു.


Related Articles »