India - 2024

മലയാളി വൈദികന്റെ അറസ്റ്റ്: ന്യൂനപക്ഷ കമ്മീഷന്‍ വിശദീകരണം തേടി

സ്വന്തം ലേഖകന്‍ 14-09-2019 - Saturday

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ കള്ളക്കേസില്‍ കുടുക്കി മലയാളിയായ ഫാ. ബിനോയി വടക്കേടത്തുപറമ്പിലിനെ ജയിലില്‍ അടച്ചതിലും സാഹിബ്ഗഞ്ച് ജില്ലയിലെ കത്തോലിക്കാ ജൂണിയര്‍ കോളജ് ഗുണ്ടകള്‍ അടിച്ചു തകര്‍ത്ത സംഭവത്തിലും ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വിശദീകരണം തേടി. 'ദീപിക' പത്രത്തില്‍ ഇന്നലെ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണ് ജാര്‍ഖണ്ഡിലെ രണ്ടു സംഭവങ്ങളിലും രണ്ടു ജില്ലാ പോലീസ് സൂപ്രണ്ടുമാരോടും വിശദീകരണം തേടിയതെന്നു കമ്മീഷന്‍ ദേശീയ വൈസ് ചെയര്‍മാന്‍ ജോര്‍ജ് കുര്യന്‍ പറഞ്ഞു.

ജാര്‍ഖണ്ഡില്‍ ക്രൈസ്തവര്‍ക്കു നേര്‍ക്കുണ്ടായ അതിക്രമങ്ങളില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും പ്രതിഷേധിച്ചു. വാര്‍ത്ത വായിച്ച ഉടന്‍ തന്നെ ജാര്‍ഖണ്ഡിലെ കോണ്‍ഗ്രസ് നേതാക്കളെ വിളിച്ച് സംഭവത്തില്‍ വേണ്ട സഹായം നല്‍കണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങളെ രാജ്യം ഒറ്റക്കെട്ടായി എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഫാ. ബിനോയിയ്ക്കു ജാമ്യം അനുവദിക്കേണ്ടത് കോടതിയാണെന്നാണ് ജാര്‍ഖണ്ഡിലെ ദിയോദര്‍ദ് ജില്ലയിലെ പോലീസ് സൂപ്രണ്ട് പ്രാഥമിക വിശദീകരണം നല്‍കിയത്. അറസ്റ്റിലുള്ള വൈദികന് കോടതി തിങ്കളാഴ്ച ജാമ്യം അനുവദിച്ചേക്കുമെന്നാണു പ്രതീക്ഷയെന്നും എസ്പി ദേശീയ ന്യൂനപക്ഷ കമ്മീഷനെ അറിയിച്ചു. ജാര്‍ഖണ്ഡിലെ മുണ്ട്‌ലി തീന്‍പഹാഡിലെ ജെസ്യൂട്ട് വൈദികര്‍ നടത്തിവന്നിരുന്ന സെന്റ് ജോണ്‍ ബെര്‍ക്കുമാന്‍സ് ജൂണിയര്‍ കോളജ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ പ്രതികളെ വൈകാതെ അറസ്റ്റ് ചെയ്‌തേക്കുമെന്നു പോലീസ് ന്യൂനപക്ഷ കമ്മീഷനെ അറിയിച്ചിട്ടുണ്ട്.


Related Articles »