News - 2025
നിനവേയിലെ പീഡിത ക്രൈസ്തവ സമൂഹത്തിന് പിന്തുണ തേടി കർദ്ദിനാൾ സാക്കോ
സ്വന്തം ലേഖകന്‍ 14-09-2019 - Saturday
നിനവേ: ഇറാഖിലെ നിനവേയിലെ ക്രൈസ്തവ സാന്നിധ്യം നിലനിർത്തുന്നതിനായി സർക്കാരിനും ഇറാഖി ജനതയ്ക്കും മാനുഷികവും, ധാർമികവുമായ ഉത്തരവാദിത്വമുണ്ടെന്ന് കൽദായ സഭയുടെ തലവൻ കർദ്ദിനാൾ ലൂയിസ് റാഫേൽ സാക്കോ. അനീതി അവസാനിപ്പിക്കണമെന്നും ക്രൈസ്തവരുടെ അവകാശം സംരക്ഷിക്കണമെന്നുമാവശ്യപ്പെട്ട് അധികാരികൾക്ക് അദ്ദേഹം കത്ത് കൈമാറിയിട്ടുണ്ട്. രാജ്യ ചരിത്രത്തിലെ ശ്രേഷ്ഠമായ ഭാഗത്തെ പ്രതിനിധാനം ചെയ്യുന്നവരാണ് ക്രൈസ്തവരെന്നും, അവർ പ്രത്യേക അവകാശങ്ങളല്ല സമത്വമാണ് ആഗ്രഹിക്കുന്നതെന്നും കത്തിൽ കർദ്ദിനാൾ ചൂണ്ടിക്കാട്ടി.
ഉത്തര ഇറാഖിൽ, സായുധരായ ഷിയാ പോരാളികൾ ക്രൈസ്തവരുടെ ഭാവിക്ക് ഭീഷണിയാണെന്നാണ് കത്തോലിക്ക മതമേലധ്യക്ഷന്മാരും, മറ്റ് ക്രൈസ്തവ നേതാക്കളും പരാതിപ്പെടുന്നത്. ഷിയാ പോരാളികളും, ഇറാഖി സൈന്യവുമായി നിലനിൽക്കുന്ന സംഘർഷങ്ങളും, ഇസ്ലാമിക് സ്റ്റേറ്റിനെ ഭയന്ന് ക്രൈസ്തവർക്ക് പലായനം ചെയ്യേണ്ടി വന്നതും നിനവേ പ്രവിശ്യയിലെ ക്രൈസ്തവരുടെ സാന്നിധ്യത്തിന് വലിയ ഭീഷണിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇപ്പോൾ ക്രൈസ്തവർക്ക് ഭൂരിപക്ഷമുളള പ്രദേശത്ത് ജനസംഖ്യയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുന്ന ശക്തികളെ ലൂയിസ് സാക്കോ ശക്തമായ ഭാഷയിലാണ് വിമർശിച്ചത്.
ചിലരുടെ ശത്രുതാമനോഭാവവും സർക്കാരിന്റെ പിടിപ്പുകേടും മൂലം മറ്റാരെയുംക്കാൾ കൂടുതൽ ക്രൈസ്തവർക്ക് സഹിക്കേണ്ടി വന്നുവെന്നും കത്തിൽ വ്യക്തമായി പറയുന്നുണ്ട്. സാഹചര്യങ്ങൾ മെച്ചപ്പെടുത്താനായി വിവിധ നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചാണ് കർദ്ദിനാൾ ലൂയിസ് റാഫേൽ സാക്കോയുടെ കത്ത് അവസാനിക്കുന്നത്.