India - 2025
വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ശിഷ്യഗണത്തിലെ അവസാന അംഗവും യാത്രയായി
സ്വന്തം ലേഖകന്‍ 22-09-2019 - Sunday
വാകക്കാട്: 1932- 33 കാലഘട്ടത്തില്‍ വാകക്കാട് പള്ളിക്കൂടത്തില്‍ അധ്യാപനം നടത്തിയ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ശിഷ്യഗണത്തിലെ അവസാന അംഗവും യാത്രയായി. ഇടമറുക് ഇടയക്കുന്നേല്‍ പി.കെ. ഗൗരിയാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ നിര്യാതയായത്. 90 വയസ്സായിരിന്നു. ഗൗരിക്കുട്ടിയുടെ സ്‌കൂള്‍ ജീവിതത്തിലെ ഓര്‍മകളെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ അധ്യാപനത്തെയും ആസ്പദമാക്കി വാകക്കാട് അല്‍ഫോന്‍സ ഹൈസ്‌കൂളിലെ ലിറ്റില്‍ കൈറ്റ്‌സ് ക്ലബ് തയാറാക്കിയ ഹ്രസ്വചിത്രം 'വിശുദ്ധ അധ്യാപിക' ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു.
രണ്ടു മാസങ്ങള്‍ക്ക് മുന്പ് ഗൗരിക്കുട്ടിയമ്മയുമായി ലിറ്റില്‍ കൈറ്റ്‌സ് അംഗങ്ങള്‍ നടത്തിയ അഭിമുഖ സംഭാഷണത്തില്‍ അല്‍ഫോന്‍സാമ്മയുടെ സൗമ്യമായ പെരുമാറ്റത്തെക്കുറിച്ചും സ്‌നേഹപൂര്‍ണമായ അധ്യാപനത്തെക്കുറിച്ചും അവര്‍ സംസാരിച്ചിരുന്നു. അല്‍ഫോന്‍സാമ്മ കുട്ടികളെ നല്ല ശിക്ഷണത്തിലായിരുന്നു വളര്‍ത്തിയതെന്നായിരിന്നു അവര്‍ പറഞ്ഞിരിന്നത്. ഗൗരിക്കുട്ടിയമ്മയുടെ നിര്യാണത്തില്‍ വാകക്കാട് അല്‍ഫോന്‍സാ ഹൈസ്‌കൂള്‍ മാനേജര്‍ ഫാ. ജയിംസ് കുടിലിലും അധ്യാപകരും അനുശോചിച്ചു. സംസ്‌കാരം നടത്തി.
