India - 2025
'ക്രൈസ്തവരെ ലക്ഷ്യംവച്ചുള്ള തീവ്രവാദ അജണ്ടകള്‍ ആശങ്കാജനകം'
23-09-2019 - Monday
കോട്ടയം: ഭാരതത്തിലെ ക്രൈസ്തവരെ ലക്ഷ്യംവച്ചുള്ള തീവ്രവാദ ശക്തികളുടെ അജണ്ടകള്‍ ആശങ്കാജനകമെന്നു കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍. ഈ രീതി തുടര്‍ന്നാല്‍ കേരളത്തിലെ ക്രൈസ്തവ സമൂഹം വരും നാളുകളില്‍ വന്‍ പ്രതിസന്ധികളെ നേരിടേണ്ടിവരുമെന്നുള്ളതു തിരിച്ചറിയണം. ക്രൈസ്തവ സഭാസംവിധാനങ്ങളിലേക്കും സ്ഥാപനങ്ങളിലേക്കും മാത്രമല്ല വിശ്വാസി സമൂഹത്തെയും ലക്ഷ്യംവച്ചുള്ള ആസൂത്രിതവും സംഘടിതവുമായ നീക്കങ്ങളെ നിസാരവത്കരിക്കാതെ കണ്ണുതുറന്നു കാണാന്‍ വിവിധ െ്രെകസ്തവ വിഭാഗങ്ങള്‍ക്കും നേതൃത്വങ്ങള്‍ക്കുമാകണം.
ഒരു തലമുറതന്നെ നഷ്ടപ്പെടുന്ന പ്രതിസന്ധിയെ നേരിടാന്‍ സഭാസംവിധാനങ്ങള്‍ ഉണരണം. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ പോലും ക്രൈസ്തവ വിരുദ്ധത തുടരുന്‌പോള്‍ വിവിധ സഭാ നേതൃത്വങ്ങള്‍ ഒറ്റക്കെട്ടായി പ്രതികരിക്കാതിരിക്കുന്നതു ദുഃഖകരമാണ്. കഴിഞ്ഞ നാളുകളില്‍ ഭരിച്ച യുഡിഎഫും ഇപ്പോള്‍ ഭരിക്കുന്ന എല്‍ഡിഎഫും ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ ക്രൈസ്തവരോട് അവഗണനയാണു കാണിക്കുന്നത്.
മതനിരപേക്ഷത ഉയര്‍ത്തിക്കാട്ടി സഭയുടെ പൊതുവേദികളില്‍ സഭാവിരുദ്ധരെ പ്രതിഷ്ഠിക്കുന്നത് എതിര്‍ക്കപ്പെടേണ്ടതാണ്. സന്പത്തിന്റെ തര്‍ക്കത്തിലും പള്ളികളുടെ അവകാശത്തിന്റെ പേരിലും വിശ്വാസികളെ തെരുവിലേക്കു തമ്മിലടിക്കാന്‍ തള്ളിവിടുന്നതു െ്രെകസ്തവികതയാണോയെന്നു വിവിധ സഭാസമൂഹങ്ങളും നേതൃത്വങ്ങളും പുനര്‍ചിന്ത നടത്തണം. ക്രൈസ്തവ സഭാവിഭാഗങ്ങളിലുള്ള ഭിന്നിപ്പുകള്‍ മുതലെടുത്തു വിരുദ്ധ ശക്തികള്‍ സഭയ്ക്കുള്ളിലേക്കു നുഴഞ്ഞുകയറി അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന സ്ഥിതി വിശേഷം അനുവദിക്കാന്‍ പാടില്ല. വിശ്വാസി സമൂഹത്തില്‍ ഭിന്നിപ്പുകള്‍ സൃഷ്ടിച്ച് പശ്ചിമേഷ്യയില്‍ ക്രൈസ്തവര്‍ നേരിട്ട ദുരന്തങ്ങള്‍ക്കു സമാനമായി ഭാരത സഭയെ തള്ളിവിടരുത്. സഭയ്ക്കുള്ളിലും വിശ്വാസി സമൂഹത്തിനിടയിലും ഒരുമയും സ്വരുമയും സൃഷ്ടിച്ചു വിശ്വാസികളെ സംരക്ഷിക്കാന്‍ സഭാ നേതൃത്വങ്ങള്‍ പ്രതിജ്ഞാബദ്ധരായി മുന്നോട്ടുവരണമെന്നും വി.സി. സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.
