India - 2025
ലവ് ജിഹാദ്: പ്രതിയെ രക്ഷപ്പെടുത്താന്‍ പഴുതുകളൊരുക്കി പോലീസ്?
സ്വന്തം ലേഖകന്‍ 26-09-2019 - Thursday
കോഴിക്കോട്: ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തി മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കുകയും അനുസരിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ റിമാന്‍ഡിലായ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാതെ പോലീസ്. ഇത്തരം കേസുകളില്‍ പ്രതിയെ കൂടുതല്‍ ചോദ്യംചെയ്യുന്നതിനും കേസിനാസ്പദമായ തെളിവുകള്‍ ശേഖരിക്കുന്നതിനും കസ്റ്റഡിയില്‍ വാങ്ങുക പതിവാണ്. മിക്ക കേസുകളിലും റിമാന്‍ഡിലായതിന് തൊട്ടുപിന്നാലെതന്നെ കസ്റ്റഡിയില്‍ വാങ്ങുന്നതിനുള്ള അപേക്ഷയും പോലീസ് കോടതിയില്‍ സമര്‍പ്പിക്കാറുള്ളതാണ്. എന്നാല്‍ ഈ കേസില്‍ പോലീസ് ഇങ്ങനെയുള്ള യാതൊരു നടപടിയും സ്വീകരിച്ചില്ല.
പ്രതിയായ കോഴിക്കോട് നടുവണ്ണൂരിനടുത്ത കരുവണ്ണൂര്‍ സ്വദേശി കുറ്റിക്കണ്ടി വീട്ടില്‍ മുഹമ്മദ് ജാസിമിനാണ് പോലീസ് മോചനത്തിന് പഴുതുകളൊരുക്കി കൊടുത്തുകൊണ്ടിരിക്കുന്നത്. ഐപിസി 376 വകുപ്പു പ്രകാരം മാനഭംഗപ്പെടുത്തല്‍, പിടിച്ചുപറി (384), വധഭീഷണി (506) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ജാസിമിനെതിരേ കേസെടുത്തത്. ഇതില്‍ പിടിച്ചുപറിയുമായി ബന്ധപ്പെട്ട് റിക്കവറി നടത്തുന്നതുള്‍പ്പെടെയുള്ള നടപടി ക്രമങ്ങള്‍ പോലീസിന് സ്വീകരിക്കേണ്ടതായുണ്ട്. തൊണ്ടിമുതല്‍ കണ്ടെത്തുന്നതിനായി സാധാരണ പ്രതിയെ എത്രയും വേഗം കസ്റ്റഡിയിലെടുക്കുകയാണ് പോലീസ് നടപടി. എന്നാല്‍ ഇതൊന്നും പാലിക്കപ്പെട്ടിട്ടില്ല.
സംസ്ഥാന മന്ത്രി സഭയിലെ ഒരു മന്ത്രിയുടെ പേഴ്സണല്‍ സെക്രട്ടറി വിഷയത്തില്‍ പ്രത്യേക ഇടപെടല്‍ നടത്തിയെന്ന് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവ് നേരത്തെ തന്നെ ആരോപിച്ചിരിന്നു. ഇത് ശരിവെക്കുന്നതാണ് ഇപ്പോള്‍ പോലീസ് എടുത്തിരിക്കുന്ന നിലപാട്. ജാസിമിന് പിന്നില്‍ മതതീവ്രവാദ സംഘടനകളുടെ പങ്കുണ്ടെന്ന്‍ നേരത്തെ മുതല്‍ ആരോപണവുമുണ്ട്. കേന്ദ്ര ഏജന്‍സികളായ ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍ഐഎ) ഇന്റലിജന്‍സ് ബ്യൂറോയും വിഷയത്തില്‍ സംശയം പ്രകടിപ്പിച്ചിരിന്നു. എന്നാല്‍ സംസ്ഥാന പോലീസ് വിഷയത്തില്‍ നിസംഗത പുലര്‍ത്തുന്നത് ഉന്നതര്‍ ഇടപെടല്‍ നടത്തുന്നുണ്ടെന്ന സത്യത്തിലേക്ക് വിരല്‍ചൂണ്ടുകയാണ്.
