India - 2025

മറിയം ത്രേസ്യയുടെ നാമകരണ ചടങ്ങില്‍ പങ്കുചേരാന്‍ നാനൂറിലേറെ പേര്‍ റോമിലേക്ക്

സ്വന്തം ലേഖകന്‍ 27-09-2019 - Friday

തൃശൂര്‍: ഹോളി ഫാമിലി സന്യാസിനീസമൂഹത്തിന്റെ സ്ഥാപകയും കുടുംബങ്ങളുടെ മധ്യസ്ഥയുമായ വാഴ്ത്തപ്പെട്ട മദര്‍ മറിയം ത്രേസ്യയുടെ നാമകരണ ചടങ്ങില്‍ പങ്കെടുക്കാന്‍ കേരളത്തിലെ മെത്രാന്മാരും സന്യസ്തരും ജനപ്രതിനിധികളുമുള്‍പ്പെടെ നാനൂറിലേറെ പേര്‍ റോമിലേക്കു പോകും. ഒക്ടോബര്‍ 13നു സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ 13നു രാവിലെ പത്തിനാണ് മദര്‍ മറിയം ത്രേസ്യയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നത്. ചടങ്ങില്‍ ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ സഹകാര്‍മികനാകും. വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ ഇന്ത്യയിലെ ആഘോഷം നവംബര്‍ 16ന് കുഴിക്കാട്ടുശേരിയില്‍ നടക്കും.

പ്രഖ്യാപനത്തിന്റെ തലേദിവസമായ 12ന് വൈകുന്നേരം നാലിനു മരിയ മെജോറ ബസിലിക്കയില്‍ ഒരുക്കശുശ്രൂഷ നടക്കും. വിശുദ്ധരുടെ കാര്യാലയത്തിന്റെ പ്രീഫെക്ട് കര്‍ദ്ദിനാള്‍ ആഞ്ചലോ ജിയോവാനി ബെച്ച്യു മുഖ്യകാര്‍മികനാകും. വിശുദ്ധ പ്രഖ്യാപനത്തിന്റെ പിറ്റേന്ന് രാവിലെ പത്തരയ്ക്ക് റോമിലെ സെന്റ് അനസ്താസിയ ബസിലിക്കയില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ കൃതജ്ഞതാബലി അര്‍പ്പിക്കും. മെത്രാപ്പോലീത്തമാരും മെത്രാന്മാരും വൈദികരും സഹകാര്‍മികരാകും. വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ഒക്ടോബര്‍ 13 ന് ഇരിങ്ങാലക്കുട രൂപതയിലെ എല്ലാ ദേവാലയങ്ങളിലും കൃതജ്ഞതാബലി അര്‍പ്പിക്കുമെന്നു മാര്‍ പോളി കണ്ണൂക്കാടന്‍ അറിയിച്ചിട്ടുണ്ട്.

ആഗോള കത്തോലിക്കാ സഭയ്ക്ക് കേരളം നല്‍കുന്ന നാലാമത്തെ വിശുദ്ധയാണ് വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ. 1876 ഏപ്രില്‍ 26 ന് ജനിച്ച് 1926 ജൂണ്‍ 8 ന് മരണമടഞ്ഞ സിസ്റ്റര്‍ മറിയം ത്രേസ്യ 2000 ഏപ്രില്‍ 9 നാണ് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ടത്. കുടുംബങ്ങളില്‍ പ്രാര്‍ത്ഥനയുടെ ചൈതന്യവും ആരോഗ്യ പരിചരണവും മാനസിക സാന്ത്വനവും എത്തിക്കാന്‍ 1914 മേയ് 14 നു മറിയം ത്രേസ്യ സ്ഥാപിച്ച ഹോളി ഫാമിലി സന്യാസിനീസമൂഹം ഇന്നു ഒമ്പതു രാജ്യങ്ങളിലെ 248 ഭവനങ്ങളിലായി 1990 സന്യാസിനിമാര്‍ സേവനം ചെയ്യുന്നുണ്ട്.


Related Articles »