News - 2024

കുരുന്നു ജീവനുകളെ കൂട്ടക്കൊല നടത്താന്‍ ബ്രിട്ടന്റെ സഹായവും

സ്വന്തം ലേഖകന്‍ 27-09-2019 - Friday

ന്യൂയോര്‍ക്ക്: ഗര്‍ഭഛിദ്ര പ്രചാരണത്തിനും, ഗര്‍ഭനിരോധനത്തിനുമായി 600 മില്യണ്‍ പൗണ്ട് ചെലവിടുവാന്‍ യു.കെ പദ്ധതിയിടുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച യു.കെ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് സെക്രട്ടറി അലോക് ശര്‍മ ഐക്യരാഷ്ട്രസഭയില്‍ പറഞ്ഞ കാര്യമാണ് പ്രോലൈഫ് പ്രവര്‍ത്തകര്‍ക്ക് ഇടയില്‍ ഞെട്ടലുളവാക്കിയിരിക്കുന്നത്. വരുന്ന 5 വര്‍ഷങ്ങള്‍ക്കുള്ളില്‍ ബംഗ്ലാദേശ്, സിറിയ, യെമന്‍ തുടങ്ങിയ ദരിദ്ര രാഷ്ട്രങ്ങളില്‍ കുടുംബാസൂത്രണവുമായി ബന്ധപ്പെട്ട വസ്തുക്കള്‍ ലഭ്യമാക്കുവാനാണ് ഈ തുക വിനിയോഗിക്കുക. പ്രോലൈഫ് കാഴ്ചപ്പാടുകള്‍ക്ക് തികച്ചും വിരുദ്ധമായ കാര്യങ്ങളാണ് തങ്ങളുടെ പദ്ധതിയെ ന്യായീകരിച്ചുകൊണ്ട് ശര്‍മ്മ ഐക്യരാഷ്ട്രസഭയില്‍ പറഞ്ഞത്.

പ്രത്യുത്പ്പാദന ആരോഗ്യ പരിപാലന വസ്തുക്കള്‍ എന്നാണ് യു.കെ സര്‍ക്കാരിന്റെ പത്രക്കുറിപ്പില്‍ പറയുന്നതെങ്കിലും, ഗര്‍ഭനിരോധന ഉറകള്‍, ഗര്‍ഭ നിരോധന ഗുളികകള്‍, അബോര്‍ഷന്‍ സാമഗ്രികള്‍ തുടങ്ങിയവ ലഭ്യമാക്കലാണ് ഇതുകൊണ്ടു ഉദ്ദേശിക്കുന്നതെന്ന്‍ നിരീക്ഷിക്കപ്പെടുന്നു. ലോകത്തെ ദരിദ്രരാജ്യങ്ങളിലെ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ പ്രത്യുല്‍പ്പാദനപരവും, ലൈംഗീകവുമായ അവകാശങ്ങളുടെ സംരക്ഷണത്തിനുവേണ്ടിയുള്ള ആഗോളശ്രമങ്ങളില്‍ യുകെ മുന്‍പന്തിയിലാണ്. ഈ സഹായം വഴി ദശലക്ഷകണക്കിന് പെണ്‍കുട്ടികള്‍ക്ക് തങ്ങളുടെ ശരീരത്തിന്റെ മേല്‍ നിയന്ത്രണം ലഭിക്കുമെന്നും, തങ്ങള്‍ക്ക് എത്ര കുട്ടികള്‍ വേണമെന്ന് തീരുമാനിക്കുവാന്‍ കഴിയുമെന്നും ശര്‍മ പറഞ്ഞു.

ഗര്‍ഭനിരോധനവും, അബോര്‍ഷനും മനുഷ്യാവകാശമാണെന്ന്‍ പറഞ്ഞു ‘ഇന്റര്‍നാഷണല്‍ വുമണ്‍സ് ഹെല്‍ത്ത് കൊയാളിഷന്‍’ ഈ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതിനെതിരെ ശക്തമായ പ്രതികരണവുമായിട്ടാണ് പ്രോലൈഫ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട യാതൊരു അവകാശങ്ങളും അബോര്‍ഷനില്ലെന്നാണ് പ്രോലൈഫ് പ്രവര്‍ത്തകര്‍ പറയുന്നത്. ഐക്യരാഷ്ട്രസഭയും, ബ്രിട്ടീഷ് സര്‍ക്കാരും തങ്ങളുടെ ജീവന്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്തിരിയണമെന്ന്‍ “റൈറ്റ് റ്റു ലൈഫ്”ന്റെ യു.കെ. ഔദ്യോഗിക വക്താവായ കാതറിന്‍ റോബിന്‍സണ്‍ ആവശ്യപ്പെട്ടു. ബ്രിട്ടനിലെ ജനങ്ങള്‍ തങ്ങളുടെ നികുതിപ്പണം ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നത് ഇഷ്ടപ്പെടാത്തവരാണെന്നും, വിദേശങ്ങളിലെ അബോര്‍ഷനുകള്‍ക്കായി തങ്ങള്‍ നല്‍കുന്ന നികുതി ഉപയോഗിക്കുന്നതിനോട് 65 ശതമാനം ജനങ്ങളും എതിര്‍പ്പുപ്രകടിപ്പിച്ചിട്ടുണ്ടെന്നും കാതറിന്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ യുകെയുടെ നിലപാടിന് വിരുദ്ധമായ നിലപാടാണ് ട്രംപിന് കീഴിലുള്ള അമേരിക്ക സ്വീകരിച്ചിരിക്കുന്നത്. ഗര്‍ഭഛിദ്രത്തിനായി പ്രോലൈഫ് രാഷ്ട്രങ്ങളുടെ മേല്‍ നടത്തിയ സമ്മര്‍ദ്ധത്തെ അമേരിക്കന്‍ പ്രസിഡന്റ് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരിന്നു. അബോര്‍ഷന് യാതൊരു അവകാശവുമില്ലെന്നും, “പ്രത്യുല്‍പ്പാദന ആരോഗ്യം” എന്ന വാക്യം പ്രയോഗിക്കുന്നത് തന്നെ തെറ്റാണെന്നും യു.എസ് ഹെല്‍ത്ത് ആന്‍ഡ്‌ ഹുമന്‍ സര്‍വീസസ് സെക്രട്ടറി അലെക്സ് അസറും നേരത്തെ വ്യക്തമാക്കി.


Related Articles »