News - 2025
ആഗോള സഭ അസാധാരണ മിഷ്ണറി മാസത്തിലേക്ക്: ലോകമെമ്പാടും വിപുലമായ ഒരുക്കങ്ങൾ
സ്വന്തം ലേഖകൻ 01-10-2019 - Tuesday
ഫ്രാൻസിസ് പാപ്പ ആഗോള കത്തോലിക്ക സഭയിൽ പ്രഖ്യാപിച്ച അസാധാരണ മിഷ്ണറി മാസത്തിന് ഇന്ന് ആരംഭം. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ വെച്ച് ഇറ്റാലിയന്‍ സമയം വൈകിട്ട് 5.15ന് ( ഇന്ന് രാത്രി 8.45) ആരംഭിക്കുന്ന ചടങ്ങില്‍വെച്ചു ഫ്രാന്‍സിസ് പാപ്പ അസാധാരണ മിഷ്ണറി മാസത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിക്കും. കോംബോണി മിഷ്ണറീസ്, സവേരിയന്‍സ്, മിഷ്ണറീസ് ഓഫ് ദി കോണ്‍സോലാറ്റാ, പി.ഐ.എം.ഇ, മിഷ്ണറീസ് ഓഫ് ദി ഇമ്മാക്കുലേറ്റ് തുടങ്ങി ഇറ്റലിയിലെ എട്ടോളം മിഷ്ണറി സ്ഥാപനങ്ങള്‍ തയ്യാറാക്കിയ പ്രാര്‍ത്ഥനകളും സാക്ഷ്യങ്ങളുമായി ആരംഭിക്കുന്ന ചടങ്ങിന്റെ അവസാനം പാപ്പ പ്രേഷിതര്‍ക്ക് കുരിശുരൂപം കൈമാറും.
ബനഡിക്ട് പതിനഞ്ചാമന്‍ പാപ്പയുടെ മാക്‌സിമം ഇല്യൂഡ് എന്ന പ്രബോധന രേഖയുടെ ശതാബ്ദിയുടെ പശ്ചാത്തലത്തിലാണ് അസാധാരണ മിഷന്‍ മാസാചരണത്തിന് പാപ്പ ആഹ്വാനം ചെയ്തിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. മാമ്മോദീസയിലൂടെ അയയ്ക്കപ്പെട്ടവര്‍ എന്നതാണ് അസാധാരണ മിഷന്‍ മാസാചരണത്തിന്റെ പ്രമേയം. പ്രത്യേക മിഷന്‍ മാസാചരണം സഭയുടെ പ്രേഷിത കാഴ്ചപ്പാടുകളിലും പ്രവര്‍ത്തനങ്ങളിലും നവീനമായ ഉണര്‍വ് ആഹ്വാനം ചെയ്യുന്നതാണെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു. അസാധാരണ മിഷ്ണറി മാസ ആചരണം ഭാരത സഭയിലും പ്രത്യേകമായ വിധത്തിൽ നടത്തുന്നുണ്ട്.