Life In Christ - 2024

അസാധാരണ മിഷന്‍ മാസാചരണം മിഷ്ണറിമാര്‍ക്ക് കരുത്ത് പകരുമെന്ന് സീറോ മലബാര്‍ സഭ

സ്വന്തം ലേഖകന്‍ 01-10-2019 - Tuesday

കൊച്ചി: മിഷന്‍ ചൈതന്യം സഭയില്‍ ഉജ്വലിക്കാനും മിഷനറിമാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരാനും വേണ്ടി അസാധാരണ മിഷന്‍ മാസാചരണം സഹായകമാകുമെന്നു പ്രത്യാശിക്കുന്നതായി സുവിശേഷവല്‍കരണത്തിനും പ്രവാസികളുടെ അജപാലന ശുശ്രൂഷയ്ക്കും വേണ്ടിയുള്ള സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. സെബാസ്റ്റൃന്‍ മുട്ടംതൊട്ടില്‍. ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനംചെയ്ത അസാധാരണ മിഷന്‍ മാസാചരണത്തിന്റെ (ഒക്ടോബര്‍) ഭാഗമായി സീറോ മലബാര്‍ സഭയില്‍ വിപുലമായ കര്‍മ പരിപാടികള്‍ക്കു രൂപം നല്‍കിയിട്ടുണ്ട്.

സുവിശേഷവത്കരണത്തിനും പ്രവാസികളുടെ അജപാലന ശുശ്രൂഷയ്ക്കും വേണ്ടിയുള്ള സഭയുടെ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ കമ്മീഷനും സീറോ മലബാര്‍ മിഷനും സംയുക്തമായി തയാറാക്കിയ കര്‍മപദ്ധതികള്‍ എല്ലാ ഇടവകകളിലും സമര്‍പ്പിത സമൂഹങ്ങളിലും കുടുംബങ്ങളിലും പ്രാവര്‍ത്തികമാക്കുന്നതിനുള്ള നിര്‍ദേശങ്ങളാണ് കര്‍മപരിപാടികളിലുള്ളത്. ഒക്ടോബര്‍ മാസം മുഴുവന്‍ എല്ലാ കുടുംബങ്ങളിലും സമര്‍പ്പിത സമൂഹങ്ങളിലും ഇടവകകളിലും മാര്‍പാപ്പ നിര്‍ദേശിച്ചിരിക്കുന്ന പ്രാര്‍ഥന ചൊല്ലണം. ഈ പ്രാര്‍ഥനയുടെ മലയാള പരിഭാഷ കമ്മീഷന്റെ വെബ്‌സൈറ്റിലും രൂപതകളുടെയും സമര്‍പ്പിത സമൂഹങ്ങളുടെയും വെബ്‌സൈറ്റുകളിലുമുണ്ട്. ചെറുപുഷ്പ മിഷന്‍ ലീഗിന്റെ സഹായം ഇതിനു ലഭിക്കും.

മാസത്തിലെ എല്ലാ ദിവസങ്ങളിലും മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സമൂഹമാധ്യമങ്ങളിലും വെബ്‌സൈറ്റുകളിലും ഫിയാത്ത് മിഷന്റെ സഹകരണത്തോടെ ലഭ്യമാക്കും. ജനതകളുടെ സുവിശേഷവത്കരണത്തിനുവേണ്ടിയുള്ള വത്തിക്കാന്‍ കാര്യാലയം നിര്‍ദേശിച്ചിരിക്കുന്ന വിശുദ്ധ ഗ്രന്ഥവായനകള്‍ അടിസ്ഥാനമാക്കി ഒക്ടോബര്‍ മാസത്തിലെ എല്ലാ ദിവസങ്ങളിലും വചനവ്യാഖ്യാനവും അനുബന്ധ വിചിന്തനങ്ങളും ദിവ്യകാരുണ്യ മിഷനറി സഭയുടെ ലൈഫ്‌ഡേ എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന്റെ സഹായത്തോടെ ലഭ്യമാക്കും. ജപമാല മാസമായി ആചരിക്കുന്ന ഒക്ടോബറില്‍ ദേവാലയങ്ങളിലെ ഒരുദിവസത്തെ ദിവ്യബലിയും ആരാധനയും ജപമാലയും മിഷനുവേണ്ടി സമര്‍പ്പിക്കും.

രൂപതകളും സമര്‍പ്പിത സമൂഹങ്ങളും അല്മായ പ്രേഷിതരും നടത്തുന്ന ധ്യാനകേന്ദ്രങ്ങളില്‍ മിഷനെക്കുറിച്ചുള്ള അവബോധം നല്‍കുന്ന ഒരു മിഷന്‍ ധ്യാനമെങ്കിലും സംഘടിപ്പിക്കണം. ഫിയാത്ത് മിഷന്റെയും ക്രിസ്റ്റീന്‍ ടീമിന്റെയും സഹകരണം ഇക്കാര്യത്തിലുണ്ടാകും. സാധാരണ നടത്തപ്പെടുന്ന ധ്യാനങ്ങളില്‍ ഒരു പ്രഭാഷണം എങ്കിലും മിഷനെക്കുറിച്ചുള്ളതാവണം. മിഷന്‍ ഞായര്‍ കൂടുതല്‍ തീക്ഷ്ണതയോടെ ആഘോഷിക്കണം. ആ ദിവസമോ, അല്ലെങ്കില്‍ ഒക്ടോബര്‍ മാസത്തിലെ മറ്റേതെങ്കിലും ഞായറാഴ്ചയോ, ഒരു മിഷനറി വൈദികന്റെ അനുഭവം ജനങ്ങളുമായി പങ്കുവയ്ക്കാനുള്ള അവസരമൊരുക്കും.

More Archives >>

Page 1 of 14