Life In Christ - 2025
വിശുദ്ധ കുര്‍ബാനയെയും പൗരോഹിത്യത്തെയും കുറിച്ച് വിചിന്തനവുമായി കര്‍ദ്ദിനാള്‍ സാറ
സ്വന്തം ലേഖകന്‍ 30-09-2019 - Monday
വത്തിക്കാന്‍ സിറ്റി: തിരുവോസ്തിയിലെ യേശുവിന്റെ യഥാര്‍ത്ഥ സാന്നിധ്യത്തെക്കുറിച്ചും, പൗരോഹിത്യത്തിന്റെ അര്‍ത്ഥത്തെക്കുറിച്ചുമുള്ള ഓര്‍മ്മപ്പെടുത്തലുമായി വത്തിക്കാന്‍ ആരാധന തിരുസംഘത്തിന്‍റെ തലവനായ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ. തന്റെ തിരുപ്പട്ട സ്വീകരണത്തിന്റെ സുവര്‍ണ്ണ ജൂബിലിയും, മെത്രാഭിഷേകത്തിന്റെ നാല്‍പ്പതാമത് വാര്‍ഷികത്തോടും അനുബന്ധിച്ച് ഇക്കഴിഞ്ഞ ശനിയാഴ്ച വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ വെച്ച് നടന്ന വിശുദ്ധ കുര്‍ബാനക്കിടയിലായിരുന്നു കര്‍ദ്ദിനാളിന്റെ വിചിന്തനം. വിശുദ്ധ കുര്‍ബാനയുടെ പൂര്‍ണ്ണതയില്‍ നിന്നുമുള്ള ആനന്ദത്തിലാണ് പുരോഹിതന്‍ ജീവിക്കുന്നതെന്നും അതാണ് വൈദികന്റെ നിലനില്‍പ്പിന്റെ അടിസ്ഥാനവും, അര്‍ത്ഥവുമെന്നും കര്‍ദ്ദിനാള്‍ സാറ പറഞ്ഞു.
അനുദിനമുള്ള വിശുദ്ധ കുര്‍ബാനയില്‍ പുരോഹിതന്‍ ക്രിസ്തുവുമായി മുഖാമുഖം കാണുന്നു. ആ നിമിഷം അവനും ക്രിസ്തുവായി മാറുകയാണ്. മറ്റൊരു ക്രിസ്തുവല്ല, യഥാര്‍ത്ഥത്തിലുള്ള ക്രിസ്തു തന്നെ. ഒരു പുരോഹിതന്റെ ആന്തരിക ജീവിതം കുരിശ്, വിശുദ്ധ കുര്‍ബാന, പരിശുദ്ധ കന്യകാമറിയം എന്നീ മൂന്നു കാര്യങ്ങളെ കേന്ദ്രീകരിച്ചാണ് ഇരിക്കേണ്ടത്. കര്‍ത്താവിന്റെ കുരിശാണ് ഒരു പുരോഹിതന്റെ പ്രധാന നീരുറവ. അവന്റെ പൗരോഹിത്യ അസ്ഥിത്വം തന്നെ ഉണ്ടാക്കിയിരിക്കുന്നത് കുരിശാകുന്ന സ്തംഭത്തിലാണ്. നമ്മുടെ മാതാവെന്ന നിലയില്‍ പരിശുദ്ധ കന്യകാമാതാവ് നമ്മുടെ ആത്മീയ വളര്‍ച്ചയെ നിരീക്ഷിക്കുകയും, വിശ്വാസത്തില്‍ വളരുവാന്‍ നമ്മളെ പഠിപ്പിക്കുകയും ചെയ്യുന്നതായും കര്‍ദ്ദിനാള്‍ പറഞ്ഞു.
വിശുദ്ധ കുര്‍ബാന കൂടാതെ നമുക്ക് ജീവിക്കുവാനേ കഴിയില്ല. യേശുവുമായുള്ള അടുപ്പം വഴി അവന്റെ ജീവിതത്തിലൂടെ ജീവിക്കുവാനുള്ള പോഷണമാണ് തന്റെ സ്വര്‍ഗ്ഗീയ ഭക്ഷണത്തിന്റെ രഹസ്യത്തിലൂടെ അവന്‍ നമുക്ക് വെളിപ്പെടുത്തി തന്നിരിക്കുന്നത്. പ്രാകൃതമായ ആരാധന സമ്പ്രദായത്തിനും വിജാതീയ വിശ്വാസങ്ങള്‍ക്കുമിടയില്‍ ദരിദ്രാവസ്ഥയില്‍ ജനിച്ച തന്നെ, ദൈവം തന്നെ ഒരു പുരോഹിതനും, മെത്രാനുമാക്കിയ കാര്യം ചൂണ്ടിക്കാട്ടിക്കൊണ്ട് ദൈവത്തിന്റെ വഴികള്‍ അതിശയിപ്പിക്കുന്നതാണെന്ന് കര്‍ദ്ദിനാള്‍ പറഞ്ഞു.
മാമ്മോദീസായും, പൗരോഹിത്യവും വഴി അവനെന്നെ ഒന്നുമില്ലാത്ത വെറും ദാസനില്‍ നിന്നും അവന്റെ പ്രിയപ്പെട്ട പുത്രനാക്കി മാറ്റിയെന്ന്‍ അദ്ദേഹം സ്മരിച്ചു. പൗരോഹിത്യം ഇന്ന് കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്ന യാഥാര്‍ത്ഥ്യവും കര്‍ദ്ദിനാള്‍ സാറ ചൂണ്ടിക്കാട്ടി. ലോകം മുഴുവനുമുള്ള പുരോഹിതന്‍മാര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഓര്‍മ്മപ്പെടുത്തലുമായാണ് അദ്ദേഹം തന്റെ സന്ദേശം അവസാനിപ്പിച്ചത്.