Life In Christ - 2025
പൊള്ളയായ വാക്കല്ല, യഥാര്‍ത്ഥ വാക്കുകളാണ് മാധ്യമ പ്രവര്‍ത്തനത്തിന് ആവശ്യം: ഫ്രാന്‍സിസ് പാപ്പ
സ്വന്തം ലേഖകന്‍ 24-09-2019 - Tuesday
വത്തിക്കാന്‍ സിറ്റി: പൊളളയായ നിരവധി വാക്കുകള്‍ അല്ല, യഥാര്‍ത്ഥ വാക്കുകളാണ് മാധ്യമ പ്രവര്‍ത്തനത്തിന് ആവശ്യമെന്നും ഇക്കാര്യത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ഉത്തരവാദിത്വം വളരെ വലുതാണെന്നും ഫ്രാന്‍സിസ് പാപ്പ. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന മാധ്യമങ്ങളെ നിശിതമായി വിമര്‍ശിക്കുന്ന ഫ്രാന്‍സിസ് പാപ്പയുടെ നിലപാടിന്റെ തനിയാവര്‍ത്തനമായാണ് ഈ വാക്കുകളും നിരീക്ഷിക്കപ്പെടുന്നത്. ഇറ്റലിയിലെ കത്തോലിക്ക പത്രപ്രവര്‍ത്തകരുടെ സമിതിയുടെ (UCSI) അറുപതാം സ്ഥാപന വാര്‍ഷികത്തോടനുബന്ധിച്ച് 170 പ്രതിനിധികള്‍ അടങ്ങിയ സംഘത്തെ വത്തിക്കാനില്‍ ഇന്നലെ സ്വീകരിച്ചപ്പോഴാണ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്.
മനസാക്ഷിയുടെ സ്വരമാകാന്‍ മാധ്യമ പ്രവര്‍ത്തകരെ ക്ഷണിച്ച പാപ്പ മാധ്യമ സംവിധാനത്തെ പരിവര്‍ത്തനം ചെയ്യാന്‍ ഭയപ്പെടരുതെന്നും പറഞ്ഞു. സമാധാനം, നീതി, ഐക്യദാര്‍ഢ്യം എന്നീ വാക്കുകള്‍ക്ക് വിശ്വാസ യോഗ്യമായ സാക്ഷ്യം നല്‍കുന്നതിലൂടെ മാത്രമേ നീതിയും ഐക്യദാര്‍ഢ്യവും വാഴുന്ന ഒരു സമൂഹം കെട്ടിപ്പടുക്കാനാകുകയുള്ളൂ. ശബ്ദമില്ലാത്തവര്‍ക്ക് സ്വരം നല്‍കാനും സാമൂഹ്യ സൗഹൃദം പരിപോഷിപ്പിക്കുന്ന സദ്വാര്‍ത്തകള്‍ നല്കാനും കാലത്തിന്‍റെ അടയാളങ്ങള്‍ വായിക്കാനും കഴിയുന്ന ചിന്തയും ജീവിതവും ഉള്‍ക്കൊള്ളുന്ന സമൂഹം കെട്ടിപ്പടുക്കാനും മാധ്യമസംവിധാനത്തെ പരിവര്‍ത്തനവിധേയമാക്കുന്നതിന് ഭയപ്പെടരുതെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.