Life In Christ - 2024

പീഡിത ക്രൈസ്തവരെ സഹായിക്കാൻ ഹംഗറി പ്രതിജ്ഞാബദ്ധം: വിദേശകാര്യ മന്ത്രി യുഎന്നിൽ

സ്വന്തം ലേഖകന്‍ 01-10-2019 - Tuesday

ന്യൂയോർക്ക്: ലോകമെമ്പാടും പീഡനമേൽക്കുന്ന ക്രൈസ്തവ സമൂഹങ്ങളെ  സഹായിക്കാൻ ഹംഗറി പ്രതിജ്ഞാബദ്ധമാണെന്ന് ഹംഗേറിയൻ  വിദേശകാര്യ മന്ത്രി പീറ്റർ സിജാർത്തോ  ഐക്യരാഷ്ട്രസഭയിൽ  നടന്ന സമ്മേളനത്തിൽ പറഞ്ഞു. ക്രൈസ്തവ സമൂഹങ്ങൾ അഭിമുഖീകരിക്കുന്ന പീഡനങ്ങളും, പീഡനങ്ങളിൽ നിന്ന് മോചിപ്പിക്കപ്പെട്ട സമൂഹങ്ങളുടെ പുനർനിർമ്മാണവും സംബന്ധിച്ച കാര്യങ്ങളെ  അടിസ്ഥാനപ്പെടുത്തിയുള്ള ചർച്ചയിലാണ് ക്രിസ്തീയ സമൂഹത്തിനു വേണ്ടിയുള്ള തങ്ങളുടെ നിലപാട് ഹംഗറി ആവർത്തിച്ചത്. വിശ്വാസത്തെ പ്രതി ജീവൻ നഷ്ടപ്പെടുന്ന ലോകത്തിലെ 80% ആളുകളും  ക്രൈസ്തവരാണെന്ന് പീറ്റർ സിജാർത്തോ പറഞ്ഞു.

എന്നാൽ ലോകത്ത് ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന വിഭാഗം, ക്രൈസ്തവ വിശ്വാസികളുടേതാണെന്നു അംഗീകരിക്കാൻ അന്താരാഷ്ട്ര സമൂഹം തയ്യാറാകുന്നില്ലെന്ന യാഥാർത്ഥ്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ കപടത ഒരിക്കൽ ഇല്ലാതാകും. ആയിരം വർഷത്തിൽ കൂടുതൽ പഴക്കമുള്ള ക്രൈസ്തവ ചരിത്രത്തിൽ ഹംഗറി  അഭിമാനിക്കുന്നുണ്ടെന്നും പീറ്റർ സിജാർത്തോ പറഞ്ഞു.

പീഡിത ക്രൈസ്തവർക്ക് വേണ്ടി നവംബറിൽ  മറ്റൊരു സമ്മേളനം ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ  സംഘടിപ്പിക്കുമെന്ന പ്രഖ്യാപനവും പീറ്റർ സിജാർത്തോ സമ്മേളനത്തിൽ നടത്തി. ഇതുവരെ 40 മില്യൺ ഡോളറാണ് ഹംഗറി പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവർക്ക് വേണ്ടി ചെലവഴിച്ചത്. ആയിരം വീടുകളും, ഒരു ദേവാലയവും പുനർനിർമ്മിക്കാനുള്ള സഹായവും ഹംഗറി നൽകിക്കഴിഞ്ഞു.

More Archives >>

Page 1 of 14