Life In Christ - 2024
വിശുദ്ധ ഫ്രാൻസിസ് അസീസ്സിയുടെ തിരുനാളില്‍ പങ്കുചേരാന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രിയും
സ്വന്തം ലേഖകന്‍ 02-10-2019 - Wednesday
വത്തിക്കാന്‍ സിറ്റി: ഇറ്റലിയുടെ മധ്യസ്ഥനായ വിശുദ്ധ ഫ്രാൻസിസ് അസീസ്സിയുടെ തിരുനാളില്‍ പങ്കുചേരാന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി ഗിയുസേപ്പേ കൊണ്ടേയും. ഒക്ടോബർ നാലിനു അസീസ്സിയിലെ കത്തീഡ്രല്‍ ദേവാലയത്തില്‍ നടക്കുന്ന ആഘോഷ പരിപാടികളില്‍ വിവിധ തലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. പാപ്പായുടെ പ്രതിനിധിയായി കർദ്ദിനാൾ അഗോസ്തീനോ വല്ലീനി സന്നിഹിതനാകും. നഗര സഭാധ്യക്ഷന്മാരെയും പ്രാദേശിക സംഘടന അധ്യക്ഷന്മാരെയും സംഘടനകളേയും അസ്സീസി ആശ്രമാദ്ധ്യക്ഷൻ മാവുരോ ഗാംബെത്തി സ്വാഗതം ചെയ്യും.
തിരുക്കർമ്മങ്ങൾക്ക് ഫ്ളോറൻസിലെ മെത്രാപ്പോലീത്താ മോൺ. ജുസെപ്പേ ബെത്തോറി നേതൃത്വം നൽകും. ദിവ്യബലിക്ക് ശേഷം പ്രധാനമന്ത്രി കൊണ്ടേ, തിരി തെളിയിച്ച് രാഷ്ട്രത്തോടും ലോകത്തോടും സന്ദേശം നല്‍കും. 2005ലാണ് ഫ്രാൻസിസ് അസീസ്സിയുടെ തിരുനാളിനെ ഇറ്റലിയന്‍ ഗവണ്മെന്‍റ് പൊതു ആഘോഷ ദിനവും സമാധാന ദിനവും മതങ്ങൾ തമ്മിലുള്ള സാഹോദര്യത്തിനും സംവാദനത്തിനുമായി തിരഞ്ഞെടുത്തത്. ഇത് ഫ്രാൻസീസ് അസീസ്സിയുടെ ആദർശങ്ങളും മൂല്യങ്ങളും ലോകത്തിന് മുന്നില്‍ സാക്ഷ്യപ്പെടുത്തുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ്.