News - 2025
പ്രോലൈഫ് സംസ്ഥാനങ്ങളിലേക്ക് സര്‍ക്കാര്‍ ജീവനക്കാരുടെ യാത്ര വിലക്കുന്ന ബില്ലുമായി ഇല്ലിനോയ്സ്
സ്വന്തം ലേഖകന്‍ 02-10-2019 - Wednesday
സ്പ്രിംഗ്ഫീല്‍ഡ്: ഇതര അമേരിക്കന്‍ സംസ്ഥാനങ്ങള്‍ ഗര്‍ഭഛിദ്ര വിരുദ്ധ നടപടികളുമായി മുന്നോട്ട് പോകുമ്പോള്‍ ഇല്ലിനോയിസിലെ ജീവന്‍ വിരുദ്ധ നടപടികള്‍ തുടരുന്നു. പ്രോലൈഫ് നിയമങ്ങള്‍ പാസ്സാക്കിയ സംസ്ഥാനങ്ങളിലേക്ക് സര്‍ക്കാര്‍ ജീവനക്കാരും, ഉദ്യോഗസ്ഥരും യാത്ര ചെയ്യുന്നത് നിരോധിക്കുന്ന ബില്‍, ഇല്ലിനോയിസ് ജനപ്രതിനിധി സഭയില്‍ അവതരിപ്പിച്ചു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 26ന് ഡെമോക്രാറ്റിക് അംഗമായ ഡാനിയല്‍ ഡിഡെകാണ് ഇഎച്ച്.ബി 3901 എന്ന പേരില്‍ ബില്‍ സഭയില്‍ അവതരിപ്പിച്ചത്. ഇല്ലിനോയിസ് സര്‍ക്കാര്‍ പ്രതിനിധികളും, ജീവനക്കാരും സര്‍ക്കാര്‍ അംഗീകാരത്തോടേയോ, സാമ്പത്തിക സഹായത്തോടേയോ കോണ്‍ഫറന്‍സുകള്‍, നിയമ വ്യവഹാരങ്ങള്‍, പരിശീലനങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ക്കായി പ്രോലൈഫ് നിയമങ്ങളുള്ള സംസ്ഥാനങ്ങളില്‍ പോകുന്നത് വിലക്കുന്നതാണ് ഈ ബില്‍.
സ്റ്റേറ്റ് അറ്റോര്‍ണി ജനറലിന്റെ വെബ്സൈറ്റില്‍ ഗര്‍ഭഛിദ്ര അവകാശങ്ങളെ നിരോധിക്കുകയും നിയന്ത്രിക്കുകയും ചെയ്തിട്ടുള്ള സംസ്ഥാനങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചിരിക്കണമെന്നും ബില്ലില്‍ പറയുന്നു. ഗര്‍ഭസ്ഥ ശിശുവില്‍ ഹൃദയമിടിപ്പ് തിരിച്ചറിയുന്ന നിമിഷം മുതലോ, എട്ടു ആഴ്ചകള്‍ക്ക് ശേഷമോ ഉള്ള ഭ്രൂണഹത്യ നിരോധിക്കുകയോ, നിയന്ത്രിക്കുകയോ ചെയ്തിട്ടുള്ള സംസ്ഥാനങ്ങളിലേക്ക് ജോലിക്കാരോടോ, ഉദ്യോഗസ്ഥരോടോ പോകുവാന്‍ ആവശ്യപ്പെടുകയോ, അവര്‍ക്ക് യാത്രാനുമതി നല്‍കുകയോ ചെയ്യുന്നതില്‍ ഇല്ലിനോയിസ് സംസ്ഥാന ഏജന്‍സികളെ എച്ച്.ബി 3901 വിലക്കുന്നു. നിയമ നിര്‍മ്മാണ സഭയിലെ അംഗമെന്ന നിലയില്‍ സംസ്ഥാന ജോലിക്കാരെ സംരക്ഷിക്കേണ്ട ചുമതല തനിക്കുണ്ടെന്നാണ് ബില്‍ അവതരിപ്പിച്ചുകൊണ്ട് ഡിഡെക് പറഞ്ഞത്.
എന്നാല്‍, ശുദ്ധ അസംബന്ധമെന്നാണ് ഇല്ലിനോയിസ് സ്റ്റേറ്റ് കത്തോലിക് കോണ്‍ഫറന്‍സ് ബില്ലിനെ വിശേഷിപ്പിച്ചത്. ദുര്‍ബ്ബലമായ ആയുധ നിയമങ്ങളും, വേഗത നിയമങ്ങളും, പുകവലി നിയമങ്ങളും നിലനില്‍ക്കുന്ന സംസ്ഥാനങ്ങളുണ്ട്, എന്തുകൊണ്ടാണ് സര്‍ക്കാര്‍ ജോലിക്കാരെ അത്തരം സംസ്ഥാനങ്ങളിലൂടെയുള്ള യാത്രകളില്‍ വിലക്കേര്‍പ്പെടുത്താതെന്ന്‍ ഇല്ലിനോയിസ് കാത്തലിക് കോണ്‍ഫറന്‍സ് എക്സിക്യൂട്ടിവ് ഡയറക്ടറായ റോബര്‍ട്ട് ഗിലിഗന്‍ ചോദിക്കുന്നത്. ഗര്‍ഭധാരണം മുതല്‍ സ്വാഭാവിക മരണം വരെയുള്ള ജീവന്റെ സംരക്ഷണത്തിനായി ഈ വര്‍ഷം ഇതുവരെ അമേരിക്കയിലെ 22 സംസ്ഥാനങ്ങളിലായി 58 നിയമങ്ങള്‍ ഒപ്പുവെക്കപ്പെട്ടിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്തുവന്നിരിന്നു.
![](/images/close.png)