India - 2025
ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പില്‍ ചുമതലയേറ്റു
സ്വന്തം ലേഖകന്‍ 12-10-2019 - Saturday
ആലപ്പുഴ: ആലപ്പുഴ രൂപതയുടെ പുതിയ ഇടയനായി ബിഷപ്പ് ഡോ. ജെയിംസ് റാഫേല്‍ ആനാപറന്പില്‍ ചുമതലയേറ്റു. ആലപ്പുഴ മൗണ്ട് കാര്‍മല്‍ കത്തീഡ്രലില്‍ നടന്ന ചടങ്ങിലായിരുന്നു സ്ഥാനാരോഹണം. ഉച്ചകഴിഞ്ഞു 3.30നു നടന്ന ചടങ്ങില്‍ പരിശുദ്ധാത്മാവിന്റെ ഗാനത്തിനു ശേഷം ബിഷപ്പ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ ആമുഖ പ്രസംഗം നടത്തി. രൂപതയുടെ ചരിത്രത്തിലെ സുപ്രധാന ദിനമായ 67 ാമത് വാര്‍ഷികത്തില്‍തന്നെ പുതിയ മെത്രാന്‍ അധികാരമേല്‍ക്കുന്നത് ഏറെ സന്തോഷം നല്‍കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 18 വര്‍ഷക്കാലം രൂപത മെത്രാനായി ശുശ്രൂഷ ചെയ്യാനായത് ദൈവനിയോഗമാണ്.
ഏവരുടെയും സഹകരണത്തിനും പ്രാര്‍ത്ഥനയ്ക്കും നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ന്നു രൂപത അജപാലന ശുശ്രൂഷയില്‍നിന്നു വിരമിക്കാനുള്ള ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയിലിന്റെ അപേക്ഷ അംഗീകരിച്ചുകൊണ്ടും രൂപതയുടെ പുതിയ മെത്രാനായി ബിഷപ് ഡോ. ജെയിംസ് ആനാപറന്പിലിനെ നിയമിച്ചുകൊണ്ടുമുള്ള അപ്പസ്‌തോലിക വിളംബരം രൂപത ചാന്‍സലര്‍ ഫാ. സോണി സേവ്യര്‍ പനയ്ക്കല്‍ വായിച്ചു. സ്‌തോത്രഗീതത്തിനു ശേഷം ബിഷപ് ഡോ. ആനാപറന്പില്‍ കൃതജ്ഞത അര്‍പ്പിച്ചു.
ആലപ്പുഴ രൂപതയിലെ കണ്ടക്കടവ് സെന്റ് ഫ്രാൻസിസ് സേവ്യർ ഇടവകയിലെ, ആനാപറമ്പിൽ റാഫേൽ- ബ്രിജിത് ദമ്പതികളുടെ മകനായി 1962 മാർച്ച് ഏഴിന് ജെയിംസ് പിതാവ് ജനിച്ചു. 1986 ഡിസംബര്‍ 17-ന് ആലപ്പുഴ രൂപതാ അധ്യക്ഷന്‍ ഡോ.പീറ്റര്‍ ചേനപറമ്പില്‍ പിതാവില്‍ നിന്നും പാരോഹത്യം സ്വീകരിച്ചു. 2017 ഡിസംബര്‍ 7 -ന് പിന്തുടര്‍ച്ചാ അവകാശമുള്ള സഹായമെത്രാനായി വത്തിക്കാന്‍ നിയമിക്കുകയും 2018 ഫെബ്രുവരി 11-ന് അര്‍ത്തുങ്കല്‍ ബസലിക്കായില്‍ വച്ച് പിന്തുടര്‍ച്ചാ അവകാശമുള്ള സഹായ മെത്രാനായി അഭിഷിക്തനാവുകയും ചെയ്തു.
കെ.സി.എസ്.എൽ, ടീച്ചേഴ്സ് ഗിൽഡ്, കേരള വൊക്കേഷൻ സെന്റർ എന്നിവയുടെ രൂപതാ ഡയറക്ടർ; ആലപ്പുഴ രൂപതയുടെ മായിത്തറ തിരുഹൃദയ സെമിനാരി പ്രീഫക്റ്റ്; പ്രൊക്യൂറേറ്റര്‍; ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് അധ്യാപകന്‍; കാർമലഗിരി മേജർ സെമിനാരി റെക്റ്റര്‍; കോട്ടയം വടവാതൂര്‍ സെന്റ്. തോമസ് അപ്പോസ്തലിക് സെമിനാരിയില്‍ ലത്തീന്‍ ആരാധനാക്രമ അധ്യാപകന്‍ തുടങ്ങി വിവിധ മേഘലകളില്‍ പിതാവ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
റോമിലെ ഉർബാനിയ സർവകലാശാലയിൽ നിന്നും ബിബ്ലിക്കൽ തിയോളജിയിൽ പി.എച്ച്.ഡി. നേടിയിട്ടുണ്ട്. ബൈബിള്‍ വിജ്‍ഞാനീയ-ദൈവശാസ്ത്രത്തില്‍ പാണ്ഡിത്യമുള്ള, ബഹുഭാഷാ പണ്ഡിതനായ പിതാവ് കെ.സി.ബി.സി. യുടെ പരിഷ്കരിച്ച ബൈബിള്‍ തർജ്ജിമയുടെ ചുമതലയും വഹിച്ചിട്ടുണ്ട്.
