News - 2025
സിറിയന്‍ ക്രൈസ്തവര്‍ക്കായി പ്രാര്‍ത്ഥന യാചിച്ച് മധ്യപൂര്‍വ്വേഷ്യന്‍ മെത്രാന്മാര്‍
സ്വന്തം ലേഖകന്‍ 19-10-2019 - Saturday
അല്‍ ഹസാക്ക, സിറിയ: ആഭ്യന്തര യുദ്ധത്തെ തുടര്‍ന്നു കലാപ കലുഷിതമായ വടക്കന്‍ സിറിയയിലെ അന്തരീക്ഷം തുര്‍ക്കി-കുര്‍ദ്ദിഷ് പോരാട്ടത്തോടെ കൂടുതല്‍ വഷളായ സാഹചര്യത്തില്‍ ആഗോള വിശ്വാസികളുടെ പ്രാര്‍ത്ഥനാ സഹായം യാചിച്ച് ഇറാഖിലേയും സിറിയയിലേയും മെത്രാന്മാര്‍ രംഗത്ത്. അതിര്‍ത്തികളില്‍ തുര്‍ക്കിയില്‍ നിന്നുള്ള സൈന്യത്തിന്റെ ആക്രമണങ്ങളുടെ വാര്‍ത്ത അറിഞ്ഞപ്പോള്‍ മുതല്‍ അവിടത്തെ ക്രിസ്ത്യാനികളുടെ കാര്യത്തില്‍ തങ്ങള്‍ ആശങ്കാകുലരാണെന്ന് ആലപ്പോയിലെ മെല്‍ക്കൈറ്റ് മെത്രാപ്പോലീത്ത ജീന്‍-ക്ലമന്റ് ജീന്‍ബാര്‍ട്ട് വത്തിക്കാന്‍ ന്യൂസിന് നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു. നാല് നൂറ്റാണ്ടോളം അടക്കിവാണ ഓട്ടോമന്‍ അധിനിവേശത്തെയാണ് തുര്‍ക്കിയുടെ ആക്രമണങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിരപരാധികളായ മറ്റ് മതവിശ്വാസികള്‍ക്കൊപ്പം പ്രതീക്ഷയറ്റ നിരാലംബരായ ക്രൈസ്തവരെ പരിപാലിക്കുകയും, സംരക്ഷിക്കുകയും ചെയ്യണമെന്ന് ഇറാഖി സര്‍ക്കാരിനോടും, പ്രാദേശിക കുര്‍ദ്ദിഷ് സര്‍ക്കാരുകളോടും, അന്താരാഷ്ട്ര സമൂഹത്തോടും ഇര്‍ബിലിലെ കല്‍ദായ മെത്രാപ്പോലീത്ത ബാഷര്‍ വര്‍ദ അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇവിടെ അഭയം തേടിയെത്തുന്ന ക്രിസ്ത്യന്‍ അഭയാര്‍ത്ഥികളുടെ എണ്ണം കൂടിവരികയാണെന്നും വടക്കന്‍ സിറിയയില്‍ പ്രശ്നങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ ഇര്‍ബിലില്‍ എത്തുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കുവാന്‍ വേണ്ട തയ്യാറെടുപ്പിലാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു.
സിറിയയിലും, ഇറാഖിലും സമാധാന പുനഃസ്ഥാപനത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് ലോകമെങ്ങുമുള്ള കല്‍ദായ ദേവാലയങ്ങളോട് ബാബിലോണിലെ കല്‍ദായ പാത്രിയാര്‍ക്കീസ് ലൂയീസ് റാഫേല്‍ സാക്കോ ആഹ്വാനം ചെയ്തിട്ടുണ്ടെന്ന് കൂരിയ മെത്രാന്‍ ബാസെല്‍ യെല്‍ദോയും ഒക്ടോബര്‍ 16-ന് പുറത്തുവിട്ട പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്. സിറിയക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും സമാധാന ചര്‍ച്ചകള്‍ പുനസ്ഥാപിക്കണമെന്നും ഒക്ടോബര്‍ 13-ലെ ത്രികാല ജപപ്രാര്‍ത്ഥനക്കിടയില്‍ ഫ്രാന്‍സിസ് പാപ്പയും ആവശ്യപ്പെട്ടിരിന്നു. സിറിയന്‍ പട്ടണങ്ങളായ റാസ് അല്‍-അയിനിലും, അല്‍ ദര്‍ബാസിയായിലും തുര്‍ക്കി നടത്തിയ ആക്രമണങ്ങളില്‍ സാധാരണക്കാരായ നിരവധി ക്രിസ്ത്യാനികള്‍ കൊല്ലപ്പെടുകയും, ഗുരുതരമായ വിധത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവരുടെ സംരക്ഷണത്തിനു വേണ്ടി നിലകൊള്ളുന്ന ‘ഇന്‍ ഡിഫന്‍സ് ഓഫ് ക്രിസ്റ്റ്യന്‍സ്’ എന്ന സംഘടന പറയുന്നു. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് കഴിഞ്ഞയാഴ്ചത്തെ ആക്രമണങ്ങളില്‍ മാത്രം ഒരു ലക്ഷത്തോളം പേരാണ് ഭവനരഹിതരായിരിക്കുന്നത്.
![](/images/close.png)