News - 2024

ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന സംഘടനയെന്ന പേരില്‍ അജണ്ട വേറെ: പിന്തുണക്കരുതെന്ന് മെത്രാന്മാരോട് പ്രോലൈഫ് സംഘടനകള്‍

സ്വന്തം ലേഖകന്‍ 16-11-2019 - Saturday

വാഷിംഗ്‌ടണ്‍ ഡി.സി: ഗര്‍ഭഛിദ്രം, ഗര്‍ഭനിരോധനം, സ്വവര്‍ഗ്ഗരതി, മാര്‍ക്സിസം തുടങ്ങിയ പ്രോലൈഫ് വിരുദ്ധതയെ പ്രോത്സാഹിപ്പിക്കുന്ന സംഘടനകള്‍ക്ക് ധനസഹായം നല്‍കുന്നുവെന്ന വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുന്ന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന സംഘടനയായ കാത്തലിക് ക്യാംപെയിന്‍ ഫോര്‍ ഹുമന്‍ ഡെവലപ്മെന്റ്’ന്റെ (സി.സി.എച്ച്.ഡി) വാര്‍ഷിക ധനശേഖരണ പരിപാടിയില്‍ പങ്കെടുക്കുകയോ പിന്തുണക്കുകയോ ചെയ്യരുതെന്ന് അമേരിക്കന്‍ മെത്രാന്മാരോട് പ്രമുഖ പ്രോലൈഫ് സംഘടനകള്‍ അഭ്യര്‍ത്ഥിച്ചു. നവംബര്‍ 23, 24 തിയതികളിലാണ് സി.സി.എച്ച്.ഡി യുടെ വാര്‍ഷിക ധനശേഖരണ പരിപാടി. കത്തോലിക്ക സഭയുടെ സംരക്ഷണത്തിനായി നിലകൊള്ളുന്ന ഗവേഷണ, വിദ്യാഭ്യാസ സംഘടനയായ ദി ലെപാന്റോ ഇന്‍സ്റ്റിറ്റ്യൂട്ടും, മുന്‍നിര പ്രോലൈഫ് വെബ്സൈറ്റുമായ ലൈഫ്സൈറ്റ് ന്യൂസുമാണ് ഈ അഭ്യര്‍ത്ഥനയുടെ പിന്നില്‍.

ദാരിദ്ര്യത്തിനെതിരെയുള്ള പോരാട്ടമെന്ന പേരില്‍ സഭാവിരുദ്ധ ആശയങ്ങളെ പ്രചരിപ്പിക്കുന്ന വിവാദ സംഘടനയാണ് സി.സി.എച്ച്.ഡി എന്നാണ് പ്രോലൈഫ് സംഘടനകള്‍ ആരോപിക്കുന്നത്. അമേരിക്കയിലെ ഹൈസ്കൂള്‍ പ്രായക്കാരായ കുട്ടികള്‍ക്കിടയില്‍ പോലും സ്വവര്‍ഗ്ഗരതി, സ്വവര്‍ഗ്ഗരതിക്കാരുടെ അവകാശങ്ങള്‍ എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനാല്‍ വത്തിക്കാന്‍ അടക്കം തള്ളിപ്പറഞ്ഞ ന്യു വേ മിനിസ്ട്രിയെ സഹായിച്ചുകൊണ്ടിരിക്കുന്ന ‘ഇഗ്നേഷ്യന്‍ സോളിഡാരിറ്റി നെറ്റ്വര്‍ക്ക്’ (ഐ.എസ്.എന്‍) സംഘടനക്ക് സി.സി.എച്ച്.ഡി 7,50,000 ഡോളര്‍ ധനസഹായം നല്‍കിയതാണ് പ്രോലൈഫ് സംഘടനകളെ ചൊടിപ്പിച്ചിരിക്കുന്നത്. സ്വവര്‍ഗ്ഗരതിയുമായി ബന്ധപ്പെട്ട നിരവധി ശില്‍പ്പശാലകള്‍ ഐ.എസ്.എന്‍ സംഘടിപ്പിച്ചിട്ടുള്ള കാര്യവും പ്രോലൈഫ് സംഘടനകള്‍ ചൂണ്ടിക്കാട്ടി.

സി.സി.എച്ച്.ഡി യുടെ വാര്‍ഷിക ധനശേഖരണം അടുത്തുവരികയാണെന്നും അതില്‍ പങ്കെടുക്കുന്നതില്‍ നിന്നും തങ്ങളുടെ രൂപതകളെ വിലക്കണമെന്ന് മെത്രാന്‍മാരോട് വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നുവെന്നും ലൈഫ്സൈറ്റ് ന്യൂസിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന അഭ്യര്‍ത്ഥനയില്‍ പറയുന്നു. 2010-ല്‍ കത്തോലിക്കാ വിരുദ്ധ സംഘടനകളെ സഹായിച്ചതില്‍ ഖേദിക്കുന്നുവെന്ന്‍ പറഞ്ഞുകൊണ്ട് സി.സി.എച്ച്.ഡി ക്ഷമാര്‍പ്പണം നടത്തിയെങ്കിലും, ജീവന്‍ വിരുദ്ധ സംഘടനകള്‍ക്കുള്ള ധനസഹായം സി.സി.എച്ച്.ഡി തുടരുകയാണെന്നും, തങ്ങളുടെ മുഖം രക്ഷിക്കുവാനുള്ള വെറുമൊരു നടപടി മാത്രമായിരുന്നു ക്ഷമാര്‍പ്പണമെന്നുമാണ് ലെപാന്റോ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റായ മൈക്കേല്‍ ഹിച്ച്ബോണ്‍ പറയുന്നത്.


Related Articles »