Life In Christ

ഇരുപതാം നൂറ്റാണ്ടിന്റെ വചനപ്രഘോഷകന്‍ ഫുള്‍ട്ടന്‍ ജെ ഷീന്‍റെ വാഴ്ത്തപ്പെട്ട പദ പ്രഖ്യാപനം ഡിസംബര്‍ 21ന്

സ്വന്തം ലേഖകന്‍ 19-11-2019 - Tuesday

പ്യോറിയ, ഇല്ലിനോയിസ്‌: ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയുള്ള വചനപ്രഘോഷണം കൊണ്ട് അനേകായിരങ്ങളെ വിശ്വാസത്തിലേക്ക് നയിച്ച ആര്‍ച്ച് ബിഷപ്പ് ഫുള്‍ട്ടന്‍ ജെ ഷീന്‍റെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം ഡിസംബര്‍ 21ന്. ഒരു നൂറ്റാണ്ട് മുന്‍പ് ഫുള്‍ട്ടന്‍ ജെ.ഷീന്‍ മെത്രാപ്പോലീത്തയുടെ തിരുപ്പട്ട സ്വീകരണത്തിന് വേദിയായ 'മേരി ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍' കത്തീഡ്രലില്‍വെച്ചായിരിക്കും പ്രഖ്യാപനമെന്ന്‍ ഇല്ലിനോയിസിലെ പ്യോറിയ രൂപത അറിയിച്ചു. വത്തിക്കാന്‍ നാമകരണ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ ആഞ്ചലോ ബെച്യൂ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഫ്രാന്‍സിസ് പാപ്പ പരിശോധിച്ച് അംഗീകരിച്ചതോടെയാണ് മഹാനായ ഈ വചനപ്രഘോഷകന്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുന്നത്.

1950-60 കളില്‍ അമേരിക്കയിലെ സംപ്രേഷണം ചെയ്ത “ലൈഫ് ഈസ്‌ വര്‍ത്ത് ലിവിംഗ്” എന്ന ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച ടെലിവിഷന്‍ വചന പ്രഘോഷണ പരിപാടിയുടെ പേരിലാണ് ഫുള്‍ട്ടന്‍ ജെ. ഷീന്‍ അനേകായിരങ്ങള്‍ക്ക് പരിചിതനാകുന്നത്. ദശലക്ഷകണക്കിന് ആളുകളാണ് ഈ പരിപാടി കണ്ടിട്ടുള്ളത്. മരണശേഷവും അദ്ദേഹത്തിനെ വചന പ്രഘോഷണ ഭാഗങ്ങള്‍ പുനഃസംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്.

1895-ല്‍ അമേരിക്കയിലെ ഇല്ലിനോയിസില്‍ ജനിച്ച ഷീന്‍ തന്റെ ഇരുപത്തിനാലാമത്തെ വയസ്സില്‍ പൗരോഹിത്യ പട്ടം സ്വീകരിച്ചു. 1951-ല്‍ ന്യൂയോര്‍ക്കിലെ സഹായക മെത്രാനായി നിയമിതനായി. 1966-ല്‍ റോച്ചെസ്റ്റര്‍ രൂപതയുടെ മെത്രാനായി. മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം ആര്‍ച്ച് ബിഷപ്പ് പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. 1979-ല്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ വെച്ചാണ് അദ്ദേഹം നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്. വിശുദ്ധമായ ജീവിതം കൊണ്ടും സുവിശേഷ തീക്ഷ്ണത കൊണ്ടും അനേകായിരങ്ങളെ പ്രകാശത്തിലേക്ക് നയിച്ച ഫുള്‍ട്ടന്‍ ജെ. ഷീന്‍റെ നാമകരണ നടപടികള്‍ക്ക് 2002-ല്‍ ആരംഭമായി.

2010-ല്‍ ജീവന്റെ അടയാളങ്ങളൊന്നും കാണിക്കാതെ മരിച്ച നിലയില്‍ കണ്ടെത്തിയ ജെയിംസ് എങ്ങ്സ്ട്രോം എന്ന കുട്ടി അത്ഭുതകരമായി ജീവിതത്തിലേക്ക് തിരികെ വന്നതാണ് ഷീനിനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുവാന്‍ കാരണമായ അത്ഭുതം. ഫുള്‍ട്ടന്‍ ജെ ഷീനിന്റെ മാധ്യസ്ഥം അപേക്ഷിച്ച് പ്രാര്‍ത്ഥിച്ചതോടെയാണ് വൈദ്യശാസ്ത്രം മരിച്ചതായി പ്രഖ്യാപിച്ച കുട്ടി ജീവിതത്തിലേക്ക് തിരികെ വന്നതെന്ന് മാതാപിതാക്കള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

ഇക്കഴിഞ്ഞ ജൂലൈ ആറിനാണ് വത്തിക്കാന്‍ നാമകരണ തിരുസംഘം ഈ അത്ഭുതം അംഗീകരിച്ചത്. ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച ടിവി വ്യക്തിത്വത്തിനുള്ള ‘എമ്മി’ അവാര്‍ഡ് രണ്ടു പ്രാവശ്യം ഷീന്‍ മെത്രാപ്പോലീത്തക്ക് ലഭിച്ചിരിന്നു. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രസിദ്ധരായ സുവിശേഷ പ്രഘോഷകരില്‍ ഒരാളായി പരിഗണിക്കപ്പെടുന്ന ഫുള്‍ട്ടന്‍ ജെ ഷീനിന്റെ കബറിടം പ്യോറിയയിലെ സെന്റ്‌ മേരീസ് കത്തീഡ്രലിലാണ് സ്ഥിതി ചെയ്യുന്നത്.

More Archives >>

Page 1 of 20