News - 2024

മതപീഡനം പുതിയ രൂപത്തില്‍: ചൈനയില്‍ യേശുവിന്റെ രൂപം മാറ്റി മിന്നല്‍ രക്ഷാ ചാലകം സ്ഥാപിച്ചു

സ്വന്തം ലേഖകന്‍ 22-11-2019 - Friday

ബെയ്ജിംഗ്: ക്രൈസ്തവ ദേവാലയങ്ങളുടെയും മേല്‍ക്കൂരകളിലേയും, ഗോപുരങ്ങളിലേയും പ്രതീകങ്ങളില്‍ അസ്വസ്ഥരായ ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടം കടുത്ത നടപടികളിലേക്ക്. രൂപം ‘കൂടുതല്‍ ദൃശ്യമാണ്’ എന്ന കാരണം പറഞ്ഞുകൊണ്ട് കിഴക്കന്‍ ചൈനയിലെ ക്രൈസ്തവ ദേവാലയത്തിലെ മണിമാളികയിലെ ക്രിസ്തുവിന്റെ രൂപം മാറ്റി മിന്നല്‍ രക്ഷാചാലകം സ്ഥാപിച്ചതാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. കിഴക്കന്‍ ചൈനയിലെ ഷാഡോങ് പ്രവിശ്യാ തലസ്ഥാനമായ ജിനാനിലെ ലിന്‍ജിയാഴുവാങ് ദേവാലയ മണിമാളികയിലെ ക്രിസ്തു രൂപമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള യുണൈറ്റഡ് ഫ്രണ്ടിന്റെ നിര്‍ദ്ദേശപ്രകാരം മാറ്റി മിന്നല്‍ രക്ഷാചാലകം സ്ഥാപിച്ചത്.

കുരിശു രൂപങ്ങളോ, ദേവാലയങ്ങളോ തകര്‍ക്കുന്നത് കൊണ്ട് വിശ്വാസികളുടെ മനസ്സില്‍ വിശ്വാസം ഇല്ലാതാവുന്നില്ലെന്നും, എപ്പോഴൊക്കെ അടിച്ചമര്‍ത്തപ്പെട്ടുവോ അപ്പോഴൊക്കെ ശക്തിപ്രാപിച്ച ചരിത്രമാണ് ക്രൈസ്തവ വിശ്വാസത്തിനുള്ളതെന്ന കാര്യം ചൈനീസ്‌ സര്‍ക്കാര്‍ ഓര്‍ക്കണമെന്നും വിശ്വാസികള്‍ അഭിപ്രായപ്പെടുന്നു. ഷാഡോങ്ങിലെ ക്രിസ്ത്യന്‍ അടയാളങ്ങളും പ്രതീകങ്ങളും പൊതുദൃഷ്ടിയില്‍ നിന്നും മറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഈ വര്‍ഷം ആരംഭിച്ച നടപടികളുടെ ഭാഗമാണിതെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്.

2014-ല്‍ സേജിയാങ്ങിലെ പ്രാദേശിക കമ്മ്യൂണിസ്റ്റ് ഭരണകൂടമാണ്‌ ദേവാലയ മുഖവാരങ്ങളിലും മണിമാളികകളിലും ദൃശ്യമായ കുരിശുകള്‍ നീക്കം ചെയ്യുവാനുള്ള നടപടി തുടങ്ങിവെച്ചത്. ഇത് പിന്നീട് ചൈന മുഴുവന്‍ വ്യാപിക്കുകയായിരുന്നു. ഹെനാന്‍, ഷിന്‍ജിയാങ്, ഷാന്‍സി ഹുബേയി, ഗ്വിഴൊ തുടങ്ങിയ പ്രവിശ്യകളിലെ ആയിരകണക്കിന് കുരിശുകളും, വിശുദ്ധ രൂപങ്ങളും ഇതിന്റെ ഭാഗമായി തകര്‍ക്കപ്പെട്ടു.

ഹെനാന്‍ പ്രവിശ്യയിലെ ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന പത്ത് കല്‍പ്പനകള്‍ക്ക് പകരമായി പ്രസിഡന്റ് ഷി-ജിന്‍‌പിംങ്ങിന്റെ ഉദ്ധരണികള്‍ പ്രദര്‍ശിപ്പിക്കണമെന്ന ഉത്തരവും ഈ നടപടികളുടെ ഭാഗമായിരുന്നു. പൊക്കം കൂടുതലാണെന്ന കാരണം പറഞ്ഞുകൊണ്ട് ഇന്നര്‍ മംഗോളിയയിലെ വുഡാ ദേവാലയത്തിലെ മണിമാളികയിലെ നീക്കം ചെയ്തത് അടുത്ത ദിവസമാണ്. ഇതിനെതിരെ ഇടവക വികാരിയും വിശ്വാസികളും എതിര്‍പ്പുമായി രംഗത്തുവന്നെങ്കിലും ഫലം കണ്ടില്ല. ഹെനാന്‍ പ്രവിശ്യയിലെ ഴുമാഡിയാനിലുള്ള കുരിശും സമീപ ദിവസങ്ങളില്‍ നീക്കം ചെയ്തിരിന്നു.


Related Articles »