India - 2025
ആയിരങ്ങളെ സാക്ഷിയാക്കി ലൂര്‍ദ് ഫൊറോന ദേവാലയത്തിന്റെ കൂദാശ
24-11-2019 - Sunday
കോട്ടയം: കോട്ടയം നഗരത്തിനു ചൈതന്യമായി പണിതീര്‍ത്ത ലൂര്‍ദ് ഫൊറോന ദേവാലയത്തിന്റെ കൂദാശ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം നിര്‍വഹിച്ചു. ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ്, മാര്‍ തോമസ് തറയില്‍ എന്നിവര്‍ സഹകാര്‍മികരായി. വിശ്വാസ പാരന്പര്യവും പൈതൃകവും അടയാളമാക്കി ചാരുതയോടെ നിര്‍മിച്ച ദേവാലയത്തിന്റെ കൂദാശയിലും പൊതുസമ്മേളനത്തിലും ആയിരക്കണക്കിന് വിശ്വാസികള്‍ ഒന്നുചേര്‍ന്നു. വികാരി റവ.ഡോ. ജോസഫ് മണക്കളം, ഫാ. ജോസഫ് ആലുങ്കല്‍, ഫാ. പയസ് പായിക്കാട്ടുമറ്റത്തില്‍, ഫാ. ആന്റണി ചൂരവടി എന്നിവരുടെ നേതൃത്വത്തില്‍ ഇടവകസമൂഹമൊന്നാകെ തിരുകര്‍മങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും ഒരുമയോടെ നിലകൊണ്ടു.
ട്രസ്റ്റിമാരായ ഡോ. മാത്യു പാറയ്ക്കല്‍, കെ.വി. മാത്യു കുന്നേല്‍, തോമസ് തോമസ് പാലയ്ക്കല്‍, തോമസ് സെബാസ്റ്റ്യന്‍ ചൊവ്വാറ്റുകുന്നേല്‍, പാരീഷ് കൗണ്‍സില്‍ സെക്രട്ടറി പ്രഫ. ബേബി സെബാസ്റ്റ്യന്‍ ഒറ്റപ്ലാക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ലൂര്‍ദ് ഫൊറാനയുടെ കീഴിലെ 11 പള്ളികളെയും വിവിധ റീത്തുകളെയും രൂപതകളെയും ക്രിസ്തീയ സഭകളെയും പ്രതിനിധീകരിച്ച് ഒട്ടേറെ വൈദികരും സന്യസ്തരും വിശ്വാസികളും ചടങ്ങുകളില്‍ പങ്കെടുത്തു.