Life In Christ - 2025
പീഡിത ക്രൈസ്തവരുടെ വിഷയത്തിൽ തുറന്ന ചർച്ചയ്ക്കു ആഹ്വാനവുമായി ഹംഗേറിയൻ എംപി
സ്വന്തം ലേഖകന്‍ 01-12-2019 - Sunday
ബുഡാപെസ്റ്റ്: പീഡിത ക്രൈസ്തവ സമൂഹത്തെ പറ്റി ചർച്ച ചെയ്യുന്നതിന് അന്താരാഷ്ട്ര വേദികളിൽ നിന്നും കൂടുതൽ സ്വീകാര്യത ലഭിക്കേണ്ടിയിരിക്കുന്നുവെന്ന് ഫിഡെസ് പാർട്ടിയുടെ ജനപ്രതിനിധിയായ ഹംഗേറിയൻ എംപി സോൾട്ട് നെമത്ത്. ക്രൈസ്തവർ നേരിടുന്ന പീഡനങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ഹംഗറി വിളിച്ചുചേർത്ത അന്താരാഷ്ട്ര സമ്മേളനത്തിലാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്. പാർലമെന്റിലെ വിദേശകാര്യ കമ്മറ്റിയുടെ തലവൻ കൂടിയാണ് സോൾട്ട് നെമത്ത്. ക്രൈസ്തവ പീഡനങ്ങളെ പറ്റി തുറന്ന് സംസാരിക്കാൻ സാധിക്കുന്ന രീതിയിൽ നയതന്ത്ര ബന്ധങ്ങളിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ വരുത്തണമെന്നും അദ്ദേഹം നിർദ്ദേശം മുന്നോട്ടുവെച്ചു.
ക്രൈസ്തവർക്ക് നേരെ നടക്കുന്ന പീഡനത്തെ പറ്റി പരാമർശിക്കാതെ മതസ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുന്നത്, യഹൂദ വിരുദ്ധത പരാമർശിക്കാതെ വർഗീയതയ്ക്കെതിരെ പോരാടുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവർ ഇല്ലാതായാൽ തങ്ങളുടെ സംസ്കാരവും, വിശ്വാസവും ഇല്ലാതാകുമെന്നും അതിനാലാണ് ഹംഗറി പീഡത ക്രൈസ്തവ സമൂഹങ്ങളെ സഹായിക്കുന്നതെന്നും സോൾട്ട് നെമത്ത് വ്യക്തമാക്കി. ഹംഗറിയുടെ പ്രധാനമന്ത്രി വിക്ടർ ഒർബനും, നിരവധി ക്രൈസ്തവ നേതാക്കളും, ബുഡാപെസ്റ്റിൽ നടന്ന അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഭാഗമായിരുന്നു.