Life In Christ - 2024

ക്രിസ്ത്യന്‍ മിഷ്ണറിമാര്‍ നല്‍കിയ സംഭാവനകള്‍ നിസ്തുലം: പ്രശംസയുമായി വിജയവാഡ എം‌എല്‍‌എ

സ്വന്തം ലേഖകന്‍ 02-12-2019 - Monday

വിജയവാഡ: ഭാരതത്തില്‍ ക്രിസ്ത്യന്‍ മിഷ്ണറിമാര്‍ നല്‍കിയ സംഭാവനകള്‍ക്ക് അകമഴിഞ്ഞ അഭിനന്ദനവുമായി വിജയവാഡ എം.എല്‍.എ മല്ലാഡി വിഷ്ണു. വൈദ്യശാസ്ത്ര രംഗത്തെ ക്രിസ്ത്യന്‍ മിഷ്ണറിമാരുടെ സംഭാവനകള്‍ സ്വാതന്ത്ര്യത്തിന് മുന്‍പ് തൊട്ടേ ആരംഭിച്ചതാണെന്ന് മല്ലാഡി വിഷ്ണു പറഞ്ഞു. നവംബര്‍ മുപ്പതിന് വിജയവാഡയിലെ സോഷ്യല്‍ സര്‍വീസ് സെന്ററില്‍ വെച്ച് നടന്ന ‘ഓള്‍ ഇന്ത്യ കത്തോലിക്കാ യൂണിയന്‍’ന്റെ (എ.ഐ.സി.യു) ശതാബ്ദി ആഘോഷങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി വൈ.എസ്. ജഗമോഹന്‍ റെഡ്ഢിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ പിന്നോക്ക ജാതിക്കാരുടെയും മതന്യൂനപക്ഷങ്ങളുടേയും ഉന്നമനത്തിനായി വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരികയാണെന്ന്‍ മല്ലാഡി വിഷ്ണു പറഞ്ഞു. ഇന്ത്യയിലെ മെഡിക്കല്‍, വിദ്യാഭ്യാസ രംഗത്ത് ക്രിസ്ത്യന്‍ മിഷണറിമാര്‍ നല്‍കിയ സംഭാവനകളെ വേദിയില്‍ സന്നിഹിതരായിരുന്നവരെല്ലാവരും തന്നെ പ്രത്യേകം അനുസ്മരിച്ചു. ആന്ധ്രാപ്രദേശില്‍ ജനക്ഷേമപരമായ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ലഘുവിവരണം മോണ്‍. മുവ്വാല പ്രസാദ് നല്‍കി.

രാജ്യത്തിന്റെ വികസനത്തിനായും, അധികൃതരുടെ ഉന്നമനത്തിനായും ക്രിസ്ത്യന്‍ മിഷ്ണറിമാര്‍ അഹോരാത്രം പ്രയത്നിച്ചിട്ടുണ്ടെന്നും അവര്‍ നല്‍കിയ സംഭാവനകള്‍ മറക്കാനാവാത്തതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദളിത്‌ ക്രൈസ്തവരെ പിന്നോക്ക ജാതിയില്‍ ഉള്‍പ്പെടുത്തണമെന്ന്‍ ചടങ്ങില്‍ പങ്കെടുത്ത ക്രിസ്ത്യന്‍ നേതാക്കള്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. വിജയവാഡ രൂപതയിലെ മോണ്‍സിഞ്ഞോര്‍ മുവ്വാല പ്രസാദ്, എ.ഐ.സി.യു ദേശീയ പ്രസിഡന്റ് ലാന്‍സി ഡി. സിന്‍ഹാ, സംസ്ഥാന പ്രസിഡന്റ് ജി. സ്വാമിനാഥന്‍, ദേശീയ കോര്‍ഡിനേറ്റര്‍ ഡോ. മഡാല അന്തോണി, ഫാദര്‍ ഐ.എം. സ്വാമിനാഥന്‍ തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.


Related Articles »