Life In Christ - 2025

'പരസ്പരം സ്നേഹിക്കാൻ യേശു പ്രചോദനം നൽകുന്നു': ക്രിസ്തുമസ് ട്രീ ഉദ്ഘാടന ചടങ്ങിൽ ട്രംപ്

സ്വന്തം ലേഖകന്‍ 07-12-2019 - Saturday

വാഷിംഗ്ടണ്‍ ഡി‌സി: ഔദാര്യ മനോഭാവത്തോടും കൃപയോടും നിറഞ്ഞ ഹൃദയവുമായി പരസ്പരം സ്നേഹിക്കാൻ യേശുക്രിസ്തു പ്രചോദനം നൽകുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ ദിവസം വൈറ്റ് ഹൗസിന് സമീപം സംഘടിപ്പിക്കപ്പെട്ട ക്രിസ്തുമസ് ട്രീ ദീപം തെളിയിക്കൽ ചടങ്ങിൽ പങ്കെടുത്തു സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. എല്ലാ മനുഷ്യരും ദൈവത്തിന്റെ പ്രിയപ്പെട്ട മക്കളാണെന്ന നിത്യമായ യാഥാർത്ഥ്യം ക്രിസ്തുമസ് നമ്മെ ഓർമ്മപ്പെടുത്തുന്നുവെന്നും അമേരിക്കൻ പ്രസിഡന്റ് പറഞ്ഞു.

"രണ്ടായിരത്തിലധികം വർഷങ്ങൾക്ക് മുമ്പ്, കിഴക്ക് മിഴിവുള്ള ഒരു നക്ഷത്രം ഉദിച്ചു. അതിനെ ബഹുദൂരം പിന്തുടര്‍ന്ന ജ്ഞാനികൾ നക്ഷത്രം നിലയുറപ്പിച്ച ബെത്ലഹേമിൽ തിരുകുടുംബം സ്ഥിതി ചെയ്യുന്ന സ്ഥലം കണ്ടെത്തി. ബൈബിൾ പറയുന്നതുപോലെ, ജ്ഞാനികൾ കുഞ്ഞിനെ അവന്റെ അമ്മയായ മറിയത്തോടൊപ്പം കണ്ടു, കുമ്പിട്ടു വീണു അവനെ ആരാധിച്ചു". ട്രംപ് ക്രിസ്തുമസിന്റെ ചരിത്രം ഒരിക്കല്‍ കൂടി സ്മരിച്ചു. എല്ലാ മനുഷ്യരും അദ്ദേഹത്തിൻറെ പ്രിയപ്പെട്ട മക്കളാണെന്ന നിത്യമായ യാഥാർത്ഥ്യം ക്രിസ്തുമസ് നമ്മെ ഓർമ്മപ്പെടുത്തുന്നുവെന്നും ദൈവം ഏവരെയും അനുഗ്രഹിക്കട്ടെയെന്ന ആശംസയോടെയുമാണ് അദ്ദേഹം തന്റെ സന്ദേശം അവസാനിപ്പിച്ചത്.

ക്രിസ്തുമസ് ട്രീ വിളക്കുകൾ തെളിയിക്കാൻ ട്രംപിനൊപ്പം ഭാര്യ മെലാനിയ ട്രംപും ഉണ്ടായിരുന്നു. "ഓ ക്രിസ്തുമസ് ട്രീ" എന്ന പാട്ടിന്റെ അകമ്പടിയോടു കൂടിയാണ് ട്രംപ് വേദിയിൽ കയറിയത്. പങ്കെടുക്കാനെത്തിയവർക്ക് താനും ഭാര്യയും ക്രിസ്തുമസ് ആശംസകള്‍ നേരുന്നുവെന്ന് പറഞ്ഞതിനു ശേഷമാണ് അദ്ദേഹം ക്രിസ്മസ് ട്രീ വിളക്കുകൾ തെളിയിച്ചത്. 1923ൽ കാൽവിൻ കൂളിഡ്ജ് എന്ന മുൻ അമേരിക്കൻ പ്രസിഡന്റാണ് ക്രിസ്തുമസ് ട്രീ വിളക്ക് തെളിയിക്കൽ ചടങ്ങിന് ആരംഭം കുറിച്ചത്. അധികാരത്തിലേറിയതിന് ശേഷം താന്‍ പങ്കെടുത്ത ഓരോ ക്രിസ്തുമസ് ചടങ്ങിലും ലോക രക്ഷകന്റെ ജനനത്തെ കുറിച്ച് ട്രംപ് പ്രത്യേക പരാമര്‍ശം നടത്താറുണ്ടെന്നത് ശ്രദ്ധേയമാണ്.


Related Articles »