News - 2025
ക്രിസ്തുമസ് കാലത്ത് ഇസ്രായേലിലെത്തുക ഒന്നരലക്ഷത്തിലധികം തീര്‍ത്ഥാടകര്‍
സ്വന്തം ലേഖകന്‍ 11-12-2019 - Wednesday
ജെറുസലേം: ഇത്തവണത്തെ ക്രിസ്തുമസ് സീസണില്‍ വിശുദ്ധ നാടായ ജെറുസലേം സന്ദര്‍ശിക്കുക ഒന്നരലക്ഷത്തിലധികം തീര്‍ത്ഥാടകര്‍. ഏതാണ്ട് 1,65,000-ത്തോളം സന്ദര്‍ശകര്‍ ഈ ക്രിസ്തുമസ് അവധിക്കാലത്ത് ജെറുസലേം സന്ദര്‍ശിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. പതിവ് പോലെ ഇത്തവണയും ടൂറിസം മന്ത്രാലയം ക്രിസ്തുമസ് ആഘോഷിക്കുവാന്‍ വിശുദ്ധ നാട്ടിലെത്തുന്ന സന്ദര്‍ശര്‍ക്ക് വരവേല്‍പ്പ് നല്‍കുന്നുന്നുണ്ട്. വിവിധ ക്രിസ്ത്യന്‍ സഭാ നേതാക്കള്‍, നയതന്ത്രപ്രതിനിധികള്‍, ഇസ്രായേലിലെ ക്രിസ്ത്യന്‍ സംഘടനാ നേതാക്കള്‍ തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.
ക്രിസ്തുമസിനെ വരവേല്‍ക്കുവാനുള്ള തയ്യാറെടുപ്പുകള്‍ ജെറുസലേമില്‍ ഏതാണ്ട് പൂര്‍ണ്ണമായി കഴിഞ്ഞു. ക്രിസ്തുമസിനു തൊട്ട് മുന്‍പിലത്തെ രാത്രിയും, ക്രിസ്തുമസ്സ് ദിനത്തിലും സന്ദര്‍ശകരുടെ സൗകര്യാര്‍ത്ഥം ജെറുസലേമില്‍ നിന്നും ബെത്ലഹേമിലെക്ക് സൗജന്യ വാഹന ഷട്ടില്‍ സൗകര്യം ടൂറിസം മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാര്‍ഷിക ക്രിസ്തുമസ് ട്രീ തിരിതെളിയിക്കല്‍ ചടങ്ങില്‍ പങ്കെടുക്കുവാന്‍ നൂറുകണക്കിന് വിശ്വാസികളാണ് തയാറെടുപ്പുമായി കാത്തിരിക്കുന്നത്.
യേശു ക്രിസ്തു ജനിച്ച സ്ഥലമെന്ന് വിശ്വസിച്ചുവരുന്ന തിരുപ്പിറവി ദേവാലയത്തിന്റെ മുന്നിലായിരിക്കും ക്രിസ്തുമസ് ട്രീക്ക് തിരിതെളിയിക്കുന്നത്. അതേസമയം ഈ വര്‍ഷം ഇസ്രായേല്‍ സന്ദര്‍ശിച്ച വിനോദ സഞ്ചാരികളില്‍ പകുതിയിലേറെയും (55%) ക്രിസ്ത്യാനികളാണെന്നാണ് വിനോദസഞ്ചാര വകുപ്പിന്റെ കണക്കുകളില്‍ പറയുന്നത്. ഈ മാസം ആദ്യം മുതല്‍ അടുത്ത വര്‍ഷം ജനുവരി അവസാനം വരെ ഇസ്രായേല്‍ സന്ദര്‍ശിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന 1,65,000 സന്ദര്‍ശകരില്‍ 43% കത്തോലിക്കരും, 31% പ്രൊട്ടസ്റ്റന്‍റ് വിഭാഗത്തില്‍ നിന്നുള്ളവരും 24% ഓര്‍ത്തഡോക്സ് വിശ്വാസികളുമായിരിക്കുമെന്നും നിരീക്ഷിക്കപ്പെടുന്നു.
പടിഞ്ഞാറന്‍ മതില്‍, തിരുകല്ലറപ്പള്ളി, വിയാ ഡോളറോസ, ഒലീവ് മല തുടങ്ങിയവയാണ് ജെറുസലേം സന്ദര്‍ശിക്കുന്ന ക്രിസ്ത്യാനികളുടെ പ്രിയപ്പെട്ട സ്ഥലങ്ങള്‍. മുന്‍കാല റെക്കോര്‍ഡുകളെ തകര്‍ത്തുകൊണ്ട് ഏതാണ്ട് 47 ലക്ഷം സന്ദര്‍ശകര്‍ ഇക്കൊല്ലം ഇസ്രായേല്‍ സന്ദര്‍ശിച്ചുവെന്നാണ് സെന്‍ട്രല്‍ ബ്യൂറോയുടെ കണക്കുകള്‍ വെളിപ്പെടുത്തുന്നത്.