India - 2024

'ബിബ്ലിയ 2019 സംഗമം': ബൈബിള്‍ പകര്‍ത്തിയെഴുതിയത് 928 പേര്‍

18-12-2019 - Wednesday

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ അജപാലന ശുശ്രൂഷയുടെ വചനബോധന കമ്മിഷൻ 'ബിബ്ലിയ 2019 സംഗമം' സംഘടിപ്പിച്ചു. ലോഗോസ് പാസ്റ്ററൽ സെന്ററിൽ നടന്ന സംഗമം തിരുവനന്തപുരം ലത്തീൻ രൂപതാ അജപാലന ശുശ്രൂഷ ഡയറക്ടർ റവ.ഡോ.ലോറൻസ് കുലാസ് ഉദ്ഘാടനം ചെയ്തു. ദൈവവചനം പ്രാർത്ഥനാപൂർവ്വം ഹൃദയത്തിൽ പകർത്താൻ വിശ്വാസികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ബൈബിൾ പകർത്തിയെഴുത്ത് മത്സരത്തില്‍ 928 രൂപതാ അംഗങ്ങൾ പങ്കെടുത്തിരിന്നു.

ഒന്നാം സമ്മാനത്തിന് പേയാട് ഇടവക അംഗം ഡോ.സിന്ധു അർഹയായി. സർട്ടിഫിക്കറ്റും പതിനയ്യായിരം രൂപയുടെ ക്യാഷ് അവാർഡുമാണ് ഒന്നാം സമ്മാനം.

പുത്തൻകട ഇടവകയിൽ നിന്നുള്ള ബിന്ദു സി.എൻ. രണ്ടാം സ്ഥാനവും, നെടുവൻവിള ഇടവകയിൽ നിന്നുള്ള മിനി ബി. മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കൂടാതെ നറുക്കെടുപ്പിലൂടെ തെരെഞ്ഞെടുക്കപ്പെട്ട പത്തുപേർക്ക് സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും നൽകി ആദരിച്ചു. ആയിരത്തോളം മത്സരാർത്ഥികൾ തിങ്ങിനിറഞ്ഞ ബിബ്ലിയ 2019 സംഗമ സമ്മേളനത്തിൽ രൂപതാ അജപാലന അസി.ഡയറക്ടർ ഫാ.ജോയ് സാബു അധ്യക്ഷനായിരുന്നു. രൂപതാ ശുശ്രൂഷാ കോ-ഓർഡിനേറ്റർ മോൺ.വി.പി.ജോസ് അനുഗ്രഹപ്രഭാഷണം നടത്തി.


Related Articles »