News - 2024
ബാഗ്ദാദില്‍ ക്രിസ്തുമസ് പാതിര കുര്‍ബാന റദ്ദാക്കി
സ്വന്തം ലേഖകന്‍ 20-12-2019 - Friday
ബാഗ്ദാദ്: വിശ്വാസികളുടെ സുരക്ഷ കണക്കിലെടുത്ത് ബാഗ്ദാദില്‍ ഇക്കൊല്ലം ക്രിസ്തുമസിന്റെ ഭാഗമായ പാതിരാകുര്‍ബ്ബാന റദ്ദാക്കിയതായി കല്‍ദായ പാത്രിയാര്‍ക്കീസ് കര്‍ദ്ദിനാള്‍ ലൂയീസ് സാകോ. ഇതുസംബന്ധിച്ച് ബാഗ്ദാദിലെ ഇടവക വൈദികരുമായി നടത്തിയ കൂടിക്കാഴ്ചക്കൊടുവിലാണ് പാതിരാകുര്‍ബബാന റദ്ദാക്കുവാനുള്ള തീരുമാനമായതെന്നും, അര്‍ദ്ധരാത്രി പള്ളിയില്‍ പോകുന്ന വിശ്വാസികള്‍ അക്രമങ്ങള്‍ക്ക് എളുപ്പത്തില്‍ ഇരയാകാനുള്ള സാധ്യതകൂടുതലാണെന്നും, വിശ്വാസികളുടെ സുരക്ഷയാണ് പരമപ്രധാനമായ കാര്യമെന്നും അദ്ദേഹം ഏഷ്യാന്യൂസിനോട് പറഞ്ഞു. തീരുമാനം എല്ലാ ദേവാലയങ്ങള്‍ക്കും ബാധകമാണെന്നും ഇതുസംബന്ധിച്ച് കല്‍ദായ പാത്രിയാര്‍ക്കേറ്റ് പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു.
നിലവിലെ പ്രതിസന്ധിക്ക് മാന്യമായ ഒരു പരിഹാരമാര്‍ഗ്ഗം ഉണ്ടാകുവാനും, ജനജീവിതം സാധാരണ നിലയിലാകുവാനും കൂടുതലായി പ്രാര്‍ത്ഥിക്കുവാനുള്ള ഒരവസരമാണ് ക്രിസ്തുമസെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ബാഗ്ദാദിലെ സുരക്ഷ വളരെ ദുര്‍ബ്ബലമാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. തട്ടിക്കൊണ്ടുപോകലുകളും, കൊലപാതകങ്ങളും, അക്രമണങ്ങളും പതിവായി മാറിയിരിക്കുകയാണ്. ഇത്തരം ആക്രമണങ്ങളുടെ പിന്നില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധക്കാരല്ല. മറിച്ച് നുഴഞ്ഞുകയറ്റക്കാരും, ജിഹാദി പോരാളികളുമാണ്. പ്രതിഷേധത്തിന് നേതൃത്വം കൊടുക്കുന്ന നിരവധി പേരെ ഇവര്‍ കൊന്നുകഴിഞ്ഞു, ദേവാലയങ്ങള്‍ ആക്രമിക്കപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് ക്രിസ്തുമസ് ദിനത്തില്‍ പകല്‍വെളിച്ചത്തില്‍ മാത്രം വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാന്‍ തീരുമാനിച്ചതെന്നും കര്‍ദ്ദിനാള്‍ സാകോ വ്യക്തമാക്കി.
സര്‍ക്കാരിന്റെ അഴിമതിക്കും, തൊഴിലില്ലായ്മക്കും, വിവേചനത്തിനുമെതിരെ ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച പ്രക്ഷോഭത്തെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുവാനാണ് സര്‍ക്കാര്‍ ശ്രമം. ഇതേതുടര്‍ന്ന്‍ ഇറാഖി പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദി രാജിവെച്ചെങ്കിലും തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുംവരെ പ്രക്ഷോഭം തുടരുവാനുള്ള തീരുമാനത്തിലാണ് പ്രതിഷേധക്കാര്‍. ഇതുവരെ ഏതാണ്ട് നാനൂറ്റിയന്‍പതിലധികം പേര്‍ കൊല്ലപ്പെടുകയും, ഇരുപതിനായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പ്രക്ഷോഭത്തിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ക്രിസ്തുമസുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ വേണ്ടെന്ന് വെച്ച് അതിനായി മാറ്റിവെച്ചിരുന്ന പണം മുറിവേറ്റവര്‍ക്ക് മരുന്നുകള്‍ വാങ്ങുവാന്‍ ഉപയോഗിക്കുമെന്ന്‍ കര്‍ദ്ദിനാള്‍ സാകോ നേരത്തെ പ്രഖ്യാപിച്ചിരുന്നു.