News - 2024

സാത്താന്‍ ആരാധന കുട്ടികളിലേക്ക് എത്തിക്കുവാന്‍ ശ്രമം: പ്രമുഖ ഭൂതോച്ചാടകന്‍റെ മുന്നറിയിപ്പ്

സ്വന്തം ലേഖകന്‍ 19-12-2019 - Thursday

റോം: വിശ്വാസികളെ ദൈവത്തില്‍ നിന്നകറ്റുന്നതിനുള്ള പദ്ധതിയുടെ പുതിയ ഘട്ടമെന്ന നിലയില്‍ സാത്താന്‍ ആരാധന സാധാരണമാക്കുവാനുള്ള ശ്രമങ്ങള്‍ ആഗോളതലത്തില്‍ നടന്നുവരികയാണെന്ന് ഭൂതോച്ചാടകന്‍റെ മുന്നറിയിപ്പ്. അന്താരാഷ്ട്ര ഭൂതോച്ചാടകരുടെ കൂട്ടായ്മയുടെ വെബ്സൈറ്റിലൂടെ സംഘടന അദ്ധ്യക്ഷനായ ഫാ. ഫ്രാന്‍സെസ്കോ ബാമോണ്ടെ ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സാത്താന്‍ ആരാധനയെ പരോക്ഷമായി പ്രചരിപ്പിച്ചുകൊണ്ട് സമീപകാലത്ത് പുറത്തിറങ്ങിയ കുട്ടികളുടെ പുസ്തകത്തെ അദ്ദേഹം അപലപിച്ചു. പാരമ്പര്യ മതങ്ങള്‍ക്കും, തത്വശാസ്ത്രത്തിനുമുള്ള ഒരു ബദല്‍ സംവിധാനമായി സാത്താന്‍ ആരാധനയെ ഉയര്‍ത്തിക്കാട്ടുകയാണ് സാത്താന്‍ ആരാധകരുടെ ലക്ഷ്യമെന്ന് ഫാ. ബാമോണ്ടെയുടെ മുന്നറിയിപ്പില്‍ പറയുന്നു.

പിശാചിന്റെ സഹായം തേടുന്നത് കൈബോംബ്‌ കൊണ്ട് കളിക്കുന്നത് പോലെയാണെന്നാണ് ഫാ. ബാമോണ്ടെ പറയുന്നത്. ആരോണ്‍ ലെയിട്ടണ്‍ എഴുതി കാനഡയിലെ കൊയാമാ പ്രസ്സ് പ്രസിദ്ധീകരിച്ച ‘എ ചില്‍ഡ്രന്‍സ് ബുക്ക് ഓഫ് ഡെമണ്‍സ്’ എന്ന കുട്ടികളുടെ പുസ്തകം, കുട്ടികളെ തങ്ങളുടെ ഹോംവര്‍ക്കില്‍ നിന്നും, പരിഹസിക്കുന്നവരില്‍ നിന്നും രക്ഷപ്പെടുവാന്‍ സാത്താന്റെ സഹായം തേടുവാന്‍ പരോക്ഷമായി പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ഫാ. ബാമോണ്ടെ ചൂണ്ടിക്കാട്ടി. ഈ പുസ്തകത്തിലെ ചില പ്രയോഗങ്ങള്‍ ആത്മാക്കളെ വിളിച്ചുവരുത്തുക എന്ന ലക്ഷ്യത്തോടെയുള്ളതാണെന്നും, കുട്ടികളെ ഈ പുസ്തകം വായിക്കുവാന്‍ പ്രേരിപ്പിക്കുന്നവര്‍ സാത്താന്‍ ആരാധകനായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

1970-കളില്‍ സാത്താന്‍ ആരാധന സാര്‍വത്രികമാക്കുക എന്ന നിഗൂഡ ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയുടെ അടുത്ത ഘട്ടമാണ് ‘എ ചില്‍ഡ്രന്‍സ് ബുക്ക് ഓഫ് ഡെമണ്‍സ്’ എന്നാണ് ഫാ. ബാമോണ്ടെ പറയുന്നത്. “എന്നില്‍ വിശ്വസിക്കുന്ന ഈ ചെറിയവരില്‍ ഒരുവന് ദുഷ്പ്രേരണ നല്‍കുന്നവന്‍ ആരായാലും അവന് കൂടുതല്‍ നല്ലത് കഴുത്തില്‍ ഒരു തിരികല്ല് കെട്ടി കടലിന്റെ ആഴത്തില്‍ താഴ്ത്തപ്പെടുകയായിരിക്കും” (മത്തായി 18:6) എന്ന വിശുദ്ധ മത്തായിയുടെ സുവിശേഷ വാക്യത്തോടെയാണ് ഫാ. ബാമോണ്ടെ തന്റെ മുന്നറിയിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്. നേരത്തെ യുകെയിലെ കുട്ടികളും യുവാക്കളും സാത്താന്‍ ആരാധനാ സംഘം പോലെയുള്ള നാസി സംഘടനകളില്‍ ചേരുന്നത് വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണെന്ന് ‘ഹോപ്‌ നോട്ട് ഹേറ്റ്’ സംഘടന കഴിഞ്ഞ ഫെബ്രുവരിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

More Archives >>

Page 1 of 511