News - 2024
ഗാസയിലെ ക്രൈസ്തവരോടൊപ്പം ചെലവഴിച്ച് വിശുദ്ധ നാട്ടിലെ വത്തിക്കാന്‍ പ്രതിനിധി
സ്വന്തം ലേഖകന്‍ 17-12-2019 - Tuesday
ഗാസ: വിശുദ്ധ നാട്ടിലെ വത്തിക്കാന്റെ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് പിയര്‍ബാറ്റിസ്റ്റ പിസബെല്ല ഗാസാ മുനമ്പിലെത്തി വിശ്വാസികളോടൊപ്പം ചെലവഴിച്ചു. ഇടവക ജനതയുമായുള്ള കൂടിക്കാഴ്ചയും, ദേവാലയ വെഞ്ചരിപ്പും, ക്രിസ്തുമസ്സ് ആഘോഷങ്ങളും, പ്രഥമ ദിവ്യകാരുണ്യ സ്വീകരണങ്ങളുമായി ജെറുസലേമിലെ ലാറ്റിന്‍ പാത്രിയാര്‍ക്കേറ്റിന്റെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററായ പിസബെല്ല മെത്രാപ്പോലീത്ത ഡിസംബര്‍ 13 മുതല്‍ 15 വരെയാണ് സംഘര്‍ഷഭരിതമായ ഗാസയില്‍ സന്ദര്‍ശനം നടത്തിയത്. ക്രിസ്തുമസ്സിനു ഒരാഴ്ച മുന്‍പുള്ള ഗാസ സന്ദര്‍ശനം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ജെറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കേറ്റ് തലവന്‍മാരുടെ ഒരു കീഴ്വഴക്കമായി മാറിയിരിക്കുകയാണ്.
20 ലക്ഷത്തോളം ജനസംഖ്യയുള്ള ഗാസയില്‍ ഇപ്പോള്‍ വെറും ആയിരം ക്രിസ്ത്യാനികള്‍ മാത്രമാണുള്ളത്. ഇതില്‍ വെറും ഇരുനൂറു പേര്‍ മാത്രമാണ് കത്തോലിക്കാ വിശ്വാസികള്‍. ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭാ വിശ്വാസികളാണ് ഭൂരിഭാഗവും. അതേസമയം ഇക്കൊല്ലം ജെറുസലേമിലെ ക്രിസ്തുമസ് ആഘോഷം ഗാസയിലെ ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്നമായി അവശേഷിക്കും. ബെത്ലഹേം, ജെറുസലേം, നസ്രത്ത് എന്നീ വിശുദ്ധ നാടുകള്‍ സന്ദര്‍ശിക്കുവാനും ക്രിസ്തുമസ് ആഘോഷങ്ങളില്‍ പങ്കുകൊള്ളുവാനും ഇസ്രായേലില്‍ പ്രവേശിക്കുവാന്‍ വേണ്ട താല്‍ക്കാലിക വിസ അധികാരികള്‍ അനുവദിക്കാത്തതു ഇത്തവണയും ആവര്‍ത്തിച്ചിരിക്കുകയാണ്. എങ്കിലും പ്രതികൂലമായ ജീവിത സാഹചര്യത്തില്‍ പോലും ക്രിസ്തുമസിനെ വരവേല്‍ക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഗാസയിലെ ക്രിസ്ത്യന്‍ സമൂഹം.