News - 2024

ലോക സമാധാനത്തിനായുള്ള പാപ്പയുടെ ശ്രമങ്ങളെ വാനോളം പുകഴ്ത്തി യു‌എന്‍ തലവന്‍

സ്വന്തം ലേഖകന്‍ 18-12-2019 - Wednesday

റോം: ഫ്രാന്‍സിസ് പാപ്പയുടെ ലോകസമാധാനത്തിന് വേണ്ടിയുള്ള ശ്രമങ്ങള്‍ക്ക് ഐക്യരാഷ്ട്രസഭാ തലവന്റെ അഭിനന്ദനം. സമാധാനം പുനഃസ്ഥാപിക്കുവാനുള്ള ഐക്യരാഷ്ട്രസഭയുടെ ശ്രമങ്ങളെ പാപ്പ ഒരുപാട് സഹായിച്ചിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജെനറല്‍ അന്റോണിയോ ഗുട്ടെറസ് വെളിപ്പെടുത്തി. തന്റെ വത്തിക്കാന്‍ സന്ദര്‍ശനത്തിന്റെ മുന്നോടിയായി ഇറ്റാലിയന്‍ ദിനപത്രമായ ‘ലാ സ്റ്റാംപാ’ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗുട്ടെറസ് സമാധാനത്തിനായി പാപ്പ നടത്തുന്ന ശ്രമങ്ങളെ വാനോളം പുകഴ്ത്തിയത്. ഇറ്റലി സന്ദര്‍ശനത്തിടയില്‍ പാപ്പയുമായി കൂടിക്കാഴ്ച നടത്തുമെന്നും ഗുട്ടെറസ് അറിയിച്ചു.

കാലാവസ്ഥാ പ്രതിസന്ധി, ദാരിദ്ര്യം, അസമത്വം, അഭയാര്‍ത്ഥികളുടെ സംരക്ഷണം, നിരായുധീകരണം പോലെയുള്ള വിഷയങ്ങള്‍ പാപ്പയുമായി ചര്‍ച്ച ചെയ്യുമെന്നും, ഈ വിഷയങ്ങളിലെ ഒരുറച്ച ശബ്ദമാണ് ഫ്രാന്‍സിസ് പാപ്പയുടേതെന്നും അദ്ദേഹം പറഞ്ഞു. സുസ്ഥിരമായ വികസന ലക്ഷ്യങ്ങള്‍, കാലാവസ്ഥാ വ്യതിയാനം, സാംസ്കാരിക-സമാധാന പുനസ്ഥാപനം തുടങ്ങിയ തങ്ങളുടെ ലക്ഷ്യങ്ങളുടെ പൂര്‍ത്തീകരണത്തിന് തന്റെ പ്രവര്‍ത്തനങ്ങളിലൂടെ പാപ്പ സഹായിച്ചുകൊണ്ടിരിക്കുയാണ്. അന്താരാഷ്ട്ര തലത്തിലെ മതസ്വാതന്ത്ര്യ ലംഘനങ്ങളെക്കുറിച്ച് താന്‍ പാപ്പയുമായി ചര്‍ച്ച ചെയ്യുമെന്നും, വിശുദ്ധ സ്ഥലങ്ങളുടെ സംരക്ഷണവും, മതസ്വാതന്ത്ര്യ അവകാശങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതിനുമുള്ള രണ്ട് കര്‍മ്മപദ്ധതികള്‍ക്ക് താന്‍ രൂപം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ശീതയുദ്ധകാലഘട്ടത്തിലെ നിരായുധീകരണം സംബന്ധിച്ച പല ഉടമ്പടികളും ഇല്ലാതായികൊണ്ടിരിക്കുകയാണ്. വടക്ക്-കിഴക്കന്‍ ഏഷ്യയിലും, മധ്യപൂര്‍വ്വേഷ്യയിലും ന്യൂക്ലിയര്‍ ആയുധങ്ങളുടെ പരീക്ഷണം പുതിയ ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നും, ഈ വെല്ലുവിളി തടയേണ്ടതുണ്ടെന്നും ഗുട്ടെറസ് പറഞ്ഞു. അമേരിക്കയും ചൈനയും തമ്മില്‍ ഉടലെടുക്കുന്ന സാങ്കേതിക-വ്യാപാര ശീതയുദ്ധം രണ്ട് ഉപലോകങ്ങളുടെ സൃഷ്ടിക്ക് കാരണമാകുമെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു. സുരക്ഷാ സമിതിയുടെ നവീകരണം കൂടാതെ ഐക്യരാഷ്ട്രസഭയുടെ നവീകരണം സാധ്യമല്ലെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ അഭിമുഖം അവസാനിപ്പിച്ചത്.

More Archives >>

Page 1 of 510