News - 2024
വീണ്ടും ക്രൈസ്തവ നിന്ദയുമായി നെറ്റ്ഫ്ലിക്സ്: പ്രതിഷേധ നിവേദനത്തില്‍ ഒപ്പിട്ട് ഇരുപതുലക്ഷത്തിലധികം പേര്‍
സ്വന്തം ലേഖകന്‍ 19-12-2019 - Thursday
യേശുക്രിസ്തുവിനെ സ്വവര്‍ഗ്ഗാനുരാഗിയാക്കി അവതരിപ്പിച്ചുകൊണ്ട് ചിത്രീകരിച്ച പരിപാടി വിതരണം ചെയ്ത ഓണ്‍ലൈന്‍ മീഡിയ സ്ട്രീമിംഗ് കമ്പനിയായ നെറ്റ്ഫ്ലിക്സിന്റെ നിലപാടിനെതിരെ ആഗോളതലത്തില്‍ പ്രതിഷേധം ശക്തമാകുന്നു. 'ദി ഫസ്റ്റ് ടെംപ്റ്റേഷന്‍ ഓഫ് ക്രൈസ്റ്റ്' എന്ന പരിപാടിയുടെ സ്ട്രീമിംഗ് നിര്‍ത്തിവെക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഓണ്‍ലൈന്‍ നിവേദനത്തില്‍ ലോകമെമ്പാടുമുള്ള ഏതാണ്ട് ഇരുപത്തിരണ്ടുലക്ഷത്തിലധികം ആളുകളാണ് ഒപ്പിട്ടിരിക്കുന്നത്.
നെറ്റ്ഫ്ലിക്സ് ഡൊമൈനുകളില്‍ നിന്നും ഈ പരിപാടി നീക്കം ചെയ്യണമെന്നും, ക്രൈസ്തവരുടെ വികാരം വൃണപ്പെടുത്തിയതില്‍ നെറ്റ്ഫ്ലിക്സ് മാപ്പ് ചോദിക്കണമെന്ന ആവശ്യം ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ക്കിടയിലും ശക്തമാണ്. പരിപാടി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനത്തില്‍ ഒപ്പിട്ടിരിക്കുന്ന ലക്ഷകണക്കിന് ആളുകള്‍ക്കൊപ്പം താനും പങ്കുചേരുന്നതായി ഇന്ത്യന്‍ ക്രിസ്ത്യന്‍ വോയ്സ് സംഘടനയുടെ പ്രസിഡന്റായ എബ്രഹാം മത്തായി പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശമാണെങ്കില്‍ പോലും ഒരു പ്രത്യേക വിഭാഗത്തിലുള്ള ആളുകളുടെ വികാരം വൃണപ്പെടുത്തുന്ന അഭിപ്രായ സ്വാതന്ത്ര്യം വെറുപ്പുളവാക്കുന്നതും അസ്വീകാര്യവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദൈവനിന്ദ, അശ്ലീലം, അനാദരവ് എന്നിവക്ക് പുറമേ ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികളെ അപകീര്‍ത്തിപ്പെടുത്തുന്ന പരിപാടി ഉടന്‍തന്നെ നീക്കം ചെയ്യണമെന്നും, വിദ്വേഷപരമായ സന്ദേശം ലേഖനം ചെയ്തിരുന്ന ക്രിസ്തുമസ് സ്വെറ്റര്‍ നീക്കം ചെയ്യുകയും ക്ഷമാപണം നടത്തുകയും ചെയ്ത വാള്‍മാര്‍ട്ടിന്റെ മാതൃക നെറ്റ്ഫ്ലിക്സ് പിന്തുടരണമെന്നും എബ്രഹാം മത്തായി ആവശ്യപ്പെട്ടു. തന്റെ കളങ്കമറ്റ ജീവിതവും മാതൃകാപരമായ വ്യക്തിത്വവും വഴി ലോകത്തെ മാറ്റിമറിച്ച യേശുവിന്റെ ദിവ്യത്വത്തേയും ഔന്നത്യത്തേയും നിരാകരിക്കുന്നത് ഒരുതരത്തിലും അംഗീകരിക്കുവാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘പോര്‍ട്ടാ ഡോസ് ഫുണ്ടോസ്’ (പിന്‍വാതില്‍) എന്ന ബ്രസീല്‍ ആസ്ഥാനമായുള്ള സംഘമാണ് ‘ദി ഫസ്റ്റ് ടെംപ്റ്റേഷന്‍ ഓഫ് ക്രൈസ്റ്റ്’ന്റെ നിര്‍മ്മാതാക്കള്‍. അബോര്‍ഷന്‍ അനുകൂല നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ ഇതിനു മുന്‍പും വിവാദത്തിലാവുകയും, നഷ്ടത്തിലാവുകയും ചെയ്തിട്ടുള്ള കമ്പനിയാണ് നെറ്റ്ഫ്ലിക്സ്. വരും ദിവസങ്ങളില്‍ പ്രതിഷേധം ശക്തമാക്കാനാണ് ലോകമെമ്പാടുമുള്ള വിശ്വാസികളുടെ തീരുമാനം.