India - 2024

ന്യൂനപക്ഷ ക്ഷേമം: മെത്രാന്മാർ മുഖ്യമന്ത്രിക്ക് ഭീമഹർജി സമർപ്പിച്ചു

സ്വന്തം ലേഖകന്‍ 20-12-2019 - Friday

തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ വിവേചനം അവസാനിപ്പിക്കണമെന്നും കാർഷികപ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് ചങ്ങനാശേരി അതിരൂപതാദ്ധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം, കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ, പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, ചങ്ങനാശേരി അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ എന്നിവർ മുഖ്യമന്ത്രി ശ്രീ പിണറായി വിജയനെ കണ്ട് ഭീമഹർജി സമർപ്പിച്ചു. കേന്ദ്രസർക്കാർ ന്യൂനപക്ഷങ്ങൾക്കായി പ്രതിവർഷം 4700 കോടി രൂപയിലധികം ചെലവഴിക്കുന്നുണ്ടെങ്കിലും അതിന്റെ ഫലം കേരളത്തിലെ ന്യൂനപക്ഷവിഭാഗങ്ങളിലൊന്നായ ക്രൈസ്തവർക്ക് ലഭിക്കുന്നില്ല. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടായി തുല്യനീതി ഉറപ്പാക്കണമെന്ന് മെത്രാന്മാർ ആവശ്യപ്പെട്ടു.

മലയോര മേഖലയിലെയും കുട്ടനാട്ടിലെയും കാർഷികമേഖല നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരം കാണണമെന്നും സാമ്പത്തിക സംവരണത്തിന് കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ കേരളത്തിലെ പ്രത്യേക സാഹചര്യങ്ങൾ കൂടി കണക്കിലെടുത്തുകൊണ്ട് പുനർനിർണ്ണയിച്ച് ഉടൻ നടപ്പിലാക്കണമെന്നും നിലവിലെ പി.എസ്.സി. വിജ്ഞാപനങ്ങളിൽ ഭേദഗതി വരുത്തി സാമ്പത്തിക സംവരണം കൂടി ഉൾച്ചേർക്കണമെന്നും മെത്രാന്മാർ അഭ്യർത്ഥിച്ചു.

കാർഷിക കടങ്ങൾ എഴുതി തളളണമെന്നും റബറിന് 250 രൂപ താങ്ങുവില നിശ്ചയിക്കണമെന്നും റബറിന്റെയും ഏലം കുരുമുളക് തുടങ്ങിയ നാണ്യ വിളകളുടെയും വില സ്ഥിരത ഉറപ്പാക്കണമെന്നും കർഷക പെൻഷൻ പദ്ധതി ഉടൻ നടപ്പിലാക്കണമെന്നും നിലം-പുരയിടം, തോട്ടം-പുരയിടം നിർണയത്തിലെ അപാകതകൾ പരിഹരിക്കുക, കുട്ടനാട്ടിലെ കർഷകർക്ക് സർക്കാർ സംഭരിച്ച നെല്ലിന്റെ വില ഉടൻ ലഭ്യമാക്കുക, വിശാല കുട്ടനാടിനുവേണ്ടി ഒരു വികസന അതോരിറ്റി സ്ഥാപിക്കുക, ആവശ്യമായ കൊയ്ത്ത്-മെതിയന്ത്രങ്ങൾ ലഭ്യമാക്കുക, ജലാശങ്ങളുടെ ആഴം വർദ്ധിപ്പിച്ച് നീരൊഴുക്ക് സുഗമമാക്കുക തുടങ്ങിയ ആവശ്യങ്ങളും മെത്രാന്മാർ ഉന്നയിച്ചു.


Related Articles »