News - 2024

ചൈനീസ് ക്രൈസ്തവരുടെ ക്രിസ്തുമസ് ആഘോഷം ഇത്തവണയും നിശബ്ദതയില്‍

സ്വന്തം ലേഖകന്‍ 21-12-2019 - Saturday

ബെയ്ജിംഗ്: മതസ്വാതന്ത്ര്യത്തിന് കടുത്ത വിലക്കുകളുള്ള കമ്മ്യൂണിസ്റ്റ് ചൈനയില്‍ ഇത്തവണയും ക്രിസ്തുമസ് ആഘോഷം നിശബ്ദതയില്‍. സർക്കാർ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന രഹസ്യ സഭയിലെ അംഗങ്ങൾ മുന്‍ വര്‍ഷങ്ങളിലെ സങ്കേതങ്ങളിൽ നിശബ്ദമായി, പതിവുപോലെ തിരുകർമ്മങ്ങളിൽ പങ്കുചേരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം പ്രാബല്യത്തില്‍ വന്ന വത്തിക്കാന്‍-ചൈന കരാറിന് നിലവില്‍ ഫലവത്താകത്തതിനാല്‍ നിയന്ത്രണങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഔദ്യോഗിക അനുമതിയില്ലാതെ പ്രവർത്തിച്ചുവന്നിരുന്ന നിരവധി ദേവാലയങ്ങളും, വിശുദ്ധ സ്ഥലങ്ങളും സർക്കാർ അടച്ചു പൂട്ടിയതിനാൽ വർഷങ്ങളായി വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ സാധിക്കാത്ത സമൂഹങ്ങൾ ചൈനയിലുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടി അംഗീകരിക്കുന്ന പരസ്യ സഭയുടെ മേലും വലിയ നിയന്ത്രണങ്ങളുണ്ട്.

ക്രിസ്തുമസ് ആഘോഷം ചെറിയ രീതിയില്‍ മാത്രമാണെങ്കിലും തങ്ങൾ ഉള്ളതിൽ തൃപ്തരാണെന്ന് വടക്കുകിഴക്കൻ ചൈനയിൽ ഭൂഗര്‍ഭ സഭയില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികൻ ഫാ. ഡോൺ ജിയോവാനി ഏഷ്യാ ന്യൂസിനോട് പറഞ്ഞു. രണ്ടായിരം വർഷം മുന്‍പ് രക്ഷകനും ഇങ്ങനെയുള്ള ഒരു സാഹചര്യത്തിൽ അല്ലേ ഭൂമിയിൽ ജനിച്ചത് എന്ന ചോദ്യമാണ് അദ്ദേഹം ഉന്നയിക്കുന്നത്. ഭാവിയില്‍ സഭയ്ക്ക് പൂർണ്ണ മത സ്വാതന്ത്ര്യം ലഭിക്കുമെന്ന പ്രതീക്ഷയും ഫാ ഡോൺ ജിയോവാനി പങ്കുവെച്ചു. കഴിഞ്ഞവർഷം 18 വയസ്സിൽ താഴെയുള്ളവരെ ക്രിസ്തുമസ് ആഘോഷങ്ങളിൽ പങ്കെടുപ്പിക്കരുതെന്ന നിർദ്ദേശം സർക്കാർ നൽകിയിരുന്നുവെന്ന് മറ്റൊരു വൈദികനായ ഫാ. ഡോൺ ഡാനിയേലയും വെളിപ്പെടുത്തി. പ്രതികൂല സാഹചര്യങ്ങള്‍ മാറി ഭാവിയിൽ പൂർണ സ്വാതന്ത്ര്യത്തോടെ തിരുപ്പിറവി ആഘോഷിക്കാമെന്ന പ്രതീക്ഷയിലാണ് ചൈനയിലെ ക്രൈസ്തവ സമൂഹം.

More Archives >>

Page 1 of 511