News

യുഎന്‍ തലവന്‍ പാപ്പയെ സന്ദര്‍ശിച്ചു: ലോകത്തിന് സംയുക്ത വീഡിയോ സന്ദേശം

സ്വന്തം ലേഖകന്‍ 21-12-2019 - Saturday

വത്തിക്കാന്‍ സിറ്റി: ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയെ നേരിട്ടു കൂടിക്കാഴ്ച നടത്തി. അനീതി, അസമത്വം, പട്ടിണി, ദാരിദ്ര്യം, എന്നിവ വഴി കുഞ്ഞുങ്ങള്‍ മരണമടയുന്നത് തുടങ്ങിയ തിന്മകള്‍ക്കു മുന്നില്‍ മുഖം തിരിച്ചു നില്ക്കാനാകില്ലെന്ന് മാര്‍പാപ്പയും ഐക്യരാഷ്ട്രസഭ മേധാവിയും സംയുക്തമായി നല്‍കിയ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. ഇന്നലെ വെള്ളിയാഴ്ച (20/12/19) വത്തിക്കാനില്‍ നടന്ന കൂടിക്കാഴ്ചക്കു ശേഷമാണ് വീഡിയോ സന്ദേശം നല്‍കിയത്. തിരുപ്പിറവിയോടടുത്തുകൊണ്ടിരിക്കുന്ന ഈ വേളയില്‍ തങ്ങള്‍ക്ക് ഈ കുടിക്കാഴ്ച നടത്താന്‍ കഴിഞ്ഞതിലുള്ള സന്തോഷം വെളിപ്പെടുത്തിയ പാപ്പ ലോകത്തില്‍ നന്മകള്‍ ദൃശ്യമാകുന്നതിലും മനുഷ്യത്വവും നീതിയും വാഴുന്ന ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിന് അനേകര്‍ അക്ഷീണം പരിശ്രമിക്കുന്നതിലും ദൈവത്തിന് നന്ദി പ്രകാശിപ്പിക്കുന്നതായും പ്രസ്താവിച്ചു.

സംഘര്‍ഷങ്ങള്‍, അതിക്രമങ്ങള്‍, ദുരിതങ്ങള്‍, കാലവസ്ഥാമാറ്റങ്ങള്‍ തുടങ്ങിയ പലവിധ കാരണങ്ങളാല്‍ സ്വന്തം നാടുവിട്ടുപോകാന്‍ നിര്‍ബന്ധിതരായിത്തീരുന്ന സഹോദരങ്ങളുടെ കാര്യത്തില്‍ കണ്ണടയ്ക്കാനാകില്ല. ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ മതത്തിന്‍റെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ പീഢനങ്ങള്‍, അടിച്ചമര്‍ത്തലുകള്‍, തീവ്രവാദപ്രവര്‍ത്തനങ്ങള്‍, നാടു കടത്തല്‍, എന്നിവയും ആയുധ വിപണനവും അണുവായുധവും ദൈവത്തിന് അപ്രീതികരമാണെന്നും സന്ദേശത്തില്‍ പാപ്പ ചൂണ്ടിക്കാട്ടി. ജീവിതത്തില്‍ പ്രധാനം സ്നേഹമാണെന്ന്‍ തിരുപ്പിറവി ലാളിത്യത്തില്‍ നമ്മെ അനുസ്മരിപ്പിക്കുന്നു എന്ന ഉദ്ബോധനത്തോടെയാണ് പാപ്പ വീഡിയൊ സന്ദേശം ഉപസംഹരിച്ചത്. തുടര്‍ന്നു ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് സംസാരിച്ചു.

ഫ്രാന്‍സിസ് പാപ്പാ പ്രത്യാശയുടെയും മാനവികതയുടെയും സന്ദേശവാഹകനാണെന്ന് പറഞ്ഞ അദ്ദേഹം മാനവികത സംരക്ഷിക്കുന്നതിന് പാപ്പാ നടത്തുന്ന ഇടപെടലുകളും ഐക്യരാഷ്ട്രസഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്ന അസാധാരണമായ പിന്തുണക്കും നന്ദി അറിയിച്ചു. തങ്ങളുടെ കൂടിക്കാഴ്ച, സമാധാനത്തിന്‍റെയും സന്മനസ്സിന്‍റെയും സമയമായ തിരുപ്പിറവിത്തിരുന്നാള്‍ വേളയിലായതിനാല്‍, അത് സവിശേഷമായൊരര്‍ത്ഥം കൈവരിക്കുന്നുവെന്നും എന്നാല്‍ ലോകത്തിലെ ഏറ്റം പുരാതനമായ ചില ക്രൈസ്തവ സമൂഹങ്ങള്‍ക്കുള്‍പ്പെടെ പല ക്രൈസ്തവ സമൂഹങ്ങള്‍ക്കും ക്രിസ്തുമസ് ആഘോഷിക്കാന്‍ കഴിയാത്ത ഒരവസ്ഥയ്ക്ക് സാക്ഷ്യം വഹിക്കേണ്ടി വരുന്നത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് ഗുട്ടെറസ് സന്ദേശം അവസാനിപ്പിച്ചത്.


Related Articles »