Life In Christ - 2024

വന്‍കിട മാര്‍ക്കറ്റുകളില്‍ ക്രിസ്തുമസ് സുവിശേഷവത്കരണവുമായി ഒരു വൈദികന്‍

സ്വന്തം ലേഖകൻ 22-12-2019 - Sunday

ലോസ് ആഞ്ചലസ്: ക്രിസ്തുമസ് കാലത്ത് വിശ്വാസപരമായ സന്ദേശങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുവാന്‍ ലോസ് ആഞ്ചലസ് അതിരൂപതയിലെ ഇടവക വൈദികനായ ഫാ. ഗോയോ ഹിദാല്‍ഗോ സ്വീകരിച്ച വ്യത്യസ്തമായ മാര്‍ഗ്ഗം ശ്രദ്ധയാകര്‍ഷിക്കുന്നു. ഹോബ്ബി ലോബ്ബി, ടാര്‍ജറ്റ് ഉള്‍പ്പെടെയുള്ള വന്‍കിട കച്ചവടസ്ഥാപനങ്ങളില്‍ ക്രിസ്തുമസ് വില്‍പ്പനക്ക് വെച്ചിരിക്കുന്ന കാലുറകള്‍, അക്ഷരങ്ങള്‍, അലങ്കാര വസ്തുക്കള്‍, വീട്ടുപയോഗ വസ്തുക്കള്‍ തുടങ്ങിയവയെ വിശ്വാസപരമായ സന്ദേശങ്ങള്‍ വായിക്കത്തക്ക വിധത്തില്‍ ക്രമീകരിക്കുകയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്.

സ്റ്റോക്കിംഗ്സുകളും, അക്ഷരങ്ങളും ഉപയോഗിച്ച് “ദൈവം” എന്നെഴുതിയിരിക്കുന്നതിന്റേയും, “യേശു” എന്നെഴുതിയിരിക്കുന്നതിന്റേയും ചിത്രങ്ങള്‍ ഫാ. ഗോയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ക്രിസ്തുമസിനോടനുബന്ധിച്ച് അദ്ദേഹം നടത്തിയ വ്യത്യസ്തമായ സുവിശേഷവത്കരണത്തിന്റെ ചിത്രങ്ങള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിരവധി പേരാണ് അദ്ദേഹത്തിന്റെ ഈ പ്രയത്നത്തെ അഭിനന്ദിച്ചുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്. ഡിസംബര്‍ 19-ന് ട്വീറ്റ് ചെയ്ത ഫോട്ടോകള്‍ക്ക് അമേരിക്കയിലെ മെത്രാന്‍ സമിതിയുടേതുള്‍പ്പെടെ നിരവധി കമന്റുകള്‍ ലഭിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. അനിമേറ്റഡ് ചിത്രത്തോടെയാണ് അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ കമന്റ്.



“എനിക്കിഷ്ടപ്പെട്ട കത്തോലിക്കന്‍. ഈ ലോകത്ത് താങ്കളെപ്പോലെ ഒരുപാടു വ്യക്തികളെ ആവശ്യമുണ്ട്” എന്നാണ് ലെയിം ഗോത്ത് മോം എന്ന ഉപയോക്താവ് കമന്റ് ചെയ്തിരിക്കുന്നത്. ദൈവത്തെ അന്വേഷിക്കുവാന്‍ അടയാളം ആവശ്യമുള്ളവര്‍ ഇത് കാണുകയും ദൈവത്തെ അന്വേഷിക്കുകയും ചെയ്യൂ എന്നാണ് മറ്റൊരു യൂസറിന്റെ കമന്റില്‍ പറയുന്നത്. “മനോഹരം. ഈ ആഘോഷത്തിന്റെ കാരണം യേശുവാണ്. ക്രിസ്തുമസ്സില്‍ ക്രിസ്തുവിനെ നിലനിര്‍ത്തുക” എന്ന തരത്തിലുള്ള കമന്റുകളും വരുന്നുണ്ട്. എന്തായാലും വൈദികന്റെ നവ സുവിശേഷവത്ക്കരണ ശ്രമം നവ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്.


Related Articles »