News - 2024

ബിഷപ്പ് ജോർജ്ജ് പള്ളിപ്പറമ്പിൽ ഏഷ്യൻ സുവിശേഷവത്കരണ സംഘത്തിന്റെ അധ്യക്ഷന്‍

സ്വന്തം ലേഖകന്‍ 23-12-2019 - Monday

മിയാവോ: അരുണാചൽ പ്രദേശിലെ മിയാവോ രൂപതാധ്യക്ഷനും മലയാളി മെത്രാനുമായ ബിഷപ്പ് ജോർജ് പള്ളിപ്പറമ്പിൽ ഇനി ഏഷ്യൻ സുവിശേഷവത്കരണ വിഭാഗത്തിന്റെ അധ്യക്ഷൻ. ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്പ്സ് കോൺഫറൻസാണ് അദ്ദേഹത്തെ മൂന്ന് വർഷത്തേയ്ക്കു ദൌത്യം ഭരമേല്‍പ്പിച്ചിരിക്കുന്നത്. നിലവിലെ ഏഷ്യന്‍ സുവിശേഷവത്കരണ അധ്യക്ഷനായിരുന്ന ആര്‍ച്ച് ബിഷപ്പ് തോമസ് മേനംപറമ്പിൽ പുതിയ നിയമനത്തില്‍ സന്തോഷം പ്രകടിപ്പിച്ചു. ദശാബ്‌ദങ്ങളോളം സുവിശേഷവത്കരണത്തിൽ അനുഭവസമ്പത്തുള്ള അദ്ദേഹത്തിന് ലഭിച്ച ഉത്തരവാദിത്വത്തിൽ മികച്ച സംഭാവന നല്കാനാകുമെന്നും ബിഷപ്പ് തോമസ് പ്രസ്താവിച്ചു.

ബിഷപ്പിന്റെ നിയമനത്തെ വടക്കു -കിഴക്കൻ മേഖലയിലെ സഭ വളരെ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്. വടക്കു കിഴക്കൻ റീജിയണൽ ബിഷപ്പ്സ് കൗൺസിലിന്റെ യൂത്ത് കമ്മിഷന്റെയും സുവിശേഷവത്കരണ കമ്മീഷന്റെയും നിലവിലെ ചെയർമാനുമാണ് അറുപത്തിയഞ്ചുകാരനായ ബിഷപ്പ് ജോർജ് പള്ളിപ്പറമ്പിൽ. സുവിശേഷവത്കരണത്തിന്റെ തീക്ഷ്ണതയും വടക്കു കിഴക്കൻ മേഖലയിലെ ജനങ്ങളോടുള്ള സ്‌നേഹവും ബിഷപ്പിന്റെ പ്രത്യേകതകൾ ആന്നെന്നു സമ്പര്‍ക്ക മാധ്യമ ആഗോള കത്തോലിക്ക സംഘടനയായ സിഗ്നിസ് ഇന്ത്യ നോർത്ത് ഈസ്റ്റ്‌ പ്രസിഡന്റ്‌ ഫാ. ജോൺസൻ പാറക്കൽ അഭിപ്രായപ്പെട്ടു.

മനില സഹായമെത്രാൻ ബ്രോഡ്രിക്ക് പബില്ലോ, കുച്ചിങ് ആർച്ച് ബിഷപ്പ് സൈമൺ പൊഹ ഹൂൻ സെങ്, ബുസാൻ ബിഷപ്പ് ജോസഫ്‌ സൺ സാം സിയോക്, കൊളംബോ കാത്തലിക് പ്രസ്സ് പ്രതിനിധി ഡോ. കാമില്സ് ഫെർണാഡോ എന്നിവരോടൊപ്പം മറ്റു പത്തൊൻപതു ബിഷപ്പുമാരും എട്ടു അസ്സോസിയേറ്റ് ബിഷപ്പുമാരും ബിഷപ്പ് ജോർജ് പള്ളിപ്പറമ്പിലിനൊപ്പം ചേർന്നു പ്രവവർത്തിക്കും. കഴിഞ്ഞ ആഴ്ചയാണ് വത്തിക്കാന്‍ സുവിശേഷവത്കരണ തിരുസംഘത്തിന്റെ അധ്യക്ഷനായി ഫിലിപ്പീന്‍സില്‍ നിന്നുള്ള കർദ്ദിനാൾ ടാഗിളിനെ വത്തിക്കാന്‍ നിയമിച്ചത്. ഏഷ്യന്‍ സുവിശേഷവത്ക്കരണ സംഘത്തിന്റെ അധ്യക്ഷനായി ബിഷപ്പ് ജോര്‍ജ്ജ് പള്ളിപ്പറമ്പിലും നിയമിക്കപ്പെട്ടതോടെ ഏഷ്യന്‍ സഭയില്‍ സുവിശേഷത്തിന് പുതുവസന്തമുണ്ടാകുമെന്നാണ് പ്രതീക്ഷ.


Related Articles »