News - 2024
ലാറ്റിൻ മെത്രാൻ സമിതിയുടെ പുതിയ സെക്രട്ടറിയേറ്റ് ഗോവയിൽ
സ്വന്തം ലേഖകന്‍ 02-01-2020 - Thursday
ഗോവ: ഭാരതത്തിലെ ലാറ്റിൻ മെത്രാൻ സമിതിയുടെ വിപുലീകരണത്തിന്റെ ഭാഗമായി ഗോവയിലെ ബെനൗലിമിൽ പുതിയ സെക്രട്ടറിയേറ്റ് മന്ദിരമായ ശാന്തി സദൻ ജനുവരി ആറിന് ഉദ്ഘാടനം ചെയ്യും. മന്ദിരത്തിന്റെ വെഞ്ചിരിപ്പും ഉദ്ഘാടനവും ബോംബെ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഓസ്വാള്‍ഡ് ഗ്രേഷ്യസ് നിർവഹിക്കും. സിസിബിഐ പ്രസിഡന്റും ഗോവ ആർച്ച് ബിഷപ്പുമായ റവ.ഫിലിപ് നേരി ഫെററോ ഗ്രൗണ്ട് ഫ്‌ളോറും വൈസ് പ്രസിഡന്റും മദ്രാസ്-മൈലാപ്പൂർ ആർച്ച് ബിഷപ്പുമായ റവ. ജോർജ് ആന്റണിസാമി ആദ്യ നിലയുടെ ഉദ്ഘാടനവും നടത്തും. സമിതി ജനറൽ സെക്രട്ടറിയും ഡൽഹി ആർച്ച് ബിഷപ്പുമായ അനിൽ കൂട്ടോ രണ്ടാം നിലയുടെ ഉദ്ഘാടനം നിർവഹിക്കും.
ദേശീയ ലത്തീന്‍ മെത്രാന്‍ സമിതിയുടെ ലിറ്റർജി, ഫാമിലി കമ്മീഷനുകൾ ബെനൗലിമിലെ ശാന്തിസദനിൽ കേന്ദ്രീകരിച്ചായിരിക്കും ഇനി പ്രവർത്തനം നടത്തുക. ലിറ്റർജി കമ്മീഷൻ എക്സിക്യൂട്ടീവ് സെക്രട്ടറി റവ. ഡോ. അയർസ് ഫെർണാഡസിനാണ് ശാന്തിസദന്റെ അഡ്മിനിസ്ട്രേറ്റർ പദവി. എപ്പിസ്കോപ്പൽ കോൺഫറൻസിന്റെ അനിമേഷൻ ട്രെയിനിങ് ശാന്തിസദനിൽ നടത്താനും പദ്ധതിയുണ്ട്. 25 റൂമുകളുള്ള മൂന്നുനില കെട്ടിടത്തിൽ നാൽപതു പേർക്ക് താമസം ഒരുക്കാനാകും. ചാപ്പൽ, കോൺഫറൻസ് ഹാൾ, ഡൈനിങ് ഹാൾ എന്നിവയും ചേർത്തിട്ടുണ്ട്. ശ്രീലങ്കൻ അപ്പസ്തോലൻ വിശുദ്ധ ജോസഫ് വാസിന്റെ ജന്മനാട്ടിലാണ് ശാന്തി സദൻ നിർമിച്ചിരിക്കുന്നത്.
സിസിബിഐയുടെ കമ്മീഷൻ ഫോർ പ്രൊക്ലമേഷൻ സെക്രട്ടറിയേറ്റ് മധ്യപ്രദേശിലും, യൂത്ത് കമ്മീഷൻ സെക്രട്ടേറിയറ്റ് ന്യൂഡൽഹിയിലും, പൊന്തിഫിക്കൽ മിഷൻ സെക്രട്ടറിയേറ്റും ആസ്ഥാന മന്ദിരവും ബാംഗ്ലൂരിലുമായി അഞ്ചാമത്തെ ഓഫീസാണ് ഗോവയിൽ ഉദ്ഘാടനം ചെയ്യപ്പെടുന്നത്. പതിനാറു കമ്മീഷനുകളും മൂന്ന് ഡിപ്പാർട്ടുമെന്റുകളുമായ ലാറ്റിൻ സഭയുടെ ദേശീയ എപ്പിസ്കോപ്പൽ കോൺഫെറൻസാണ് സിസിബിഐ. ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തിലെ നാലാമതുമായ മെത്രാൻ സമിതി എന്ന പ്രത്യേകതയുള്ള സിസിബിഐയിൽ നൂറ്റിമുപ്പത്തിരണ്ടു രൂപതകളിലായി നൂറ്റിതൊണ്ണൂറ് ബിഷപ്പുമാർ അംഗങ്ങളാണ്. റവ. ഡോ. സ്റ്റീഫൻ ആലത്തറയാണ് സിസിബിഐയുടെ ജനറൽ സെക്രട്ടറി.