India - 2025

കെമാല്‍ പാഷയുടെ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം: ക്രിസ്ത്യൻ അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ

സ്വന്തം ലേഖകന്‍ 02-01-2020 - Thursday

എറണാകുളം: സ്വന്തം മതത്തിലെ സ്ത്രീവിവേചനം പരസ്യമായി വെള്ളപൂശിയ ശേഷം ഇതര മതസ്ഥരെ സ്ത്രീ സമത്വം പഠിപ്പിക്കാൻ നടക്കുന്ന മുന്‍ ഹൈക്കോടതി ജസ്റ്റിസ് കെമാല്‍ പാഷയുടെ പ്രവർത്തി അപലപനീയമാണെന്ന്‍ ക്രിസ്ത്യൻ അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ (കാസ). മതനിയമങ്ങൾ ഒരു മതേതര രാജ്യത്തിന്റെ നിയമ വ്യവസ്ഥയിൽ ഉൾപ്പെടുത്താൻ കെമാല്‍ പാഷ ആവശ്യപ്പെടുന്നതിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കണമെന്നും ഇന്ത്യയുടെ നീതിനിർവഹണ സംവിധാനത്തിൽ ഉന്നത പദവി വഹിച്ച കമാൽ പാഷയുടെ സമീപകാലത്തെ പ്രസ്താവനകൾ ജനാധിപത്യ സംവിധാനത്തിനു മുകളിൽ ശരീഅത്തിനെ പ്രതിഷ്ഠിക്കുന്നത് പോലെയാണെന്നും സംഘടന പ്രസ്താവനയില്‍ കുറിച്ചു.

സൗദി തലസ്ഥാനമായ റിയാദിൽ "നിയമ വ്യവസ്ഥയിൽ പരിശുദ്ധ ഖുർആന്റെ പങ്ക്" എന്ന വിഷയത്തിൽ ജസ്റ്റിസ് കെമാൽ പാഷ നടത്തിയ പ്രഭാഷണത്തിൽ ഇസ്ലാമിൽ പുരുഷന്മാരേക്കാൾ സ്വാതന്ത്ര്യം സ്ത്രീകൾക്കാണെന്ന പരാമർശം തികച്ചും തെറ്റിദ്ധാരണാജനകമാണ്. തന്റെ വാദത്തിനു തെളിവായി കെമാല്‍ പാഷ പറയുന്നത് പുരുഷന്മാർക്ക് വിവാഹമോചനം ലഭിക്കണമെങ്കിൽ മൂന്നുവട്ടം തലാക്ക് ചൊല്ലണം എന്നാൽ സ്ത്രീകൾക്ക് വിവാഹ മോചനം ലഭിക്കാൻ ഒരൊറ്റ പ്രാവശ്യം ഫസ്ഖ് ചെയ്താൽ മതി എന്നാണ്. മുത്തലാഖിനെയും ഫസ്ഖിനെയും താരതമ്യപ്പെടുത്തുന്നത് തികച്ചും വിരോധാഭാസമാണ്. ഒരു പുരുഷൻ ഏകപക്ഷീയമായി നടത്തുന്നതാണ് തലാക്ക്, മറ്റൊരു വ്യക്തിക്ക് ഇതൊരിക്കലും തടയാൻ സാധിക്കില്ല.

അതേസമയം ഭാര്യയ്ക്ക് ഫസ്ഖ് ലഭിക്കണമെങ്കിൽ ശരിയത്ത് കോടതി അഥവാ ശരിയത്ത് കൗൺസിലിന്റെ കൂടി അനുവാദം ഉണ്ടായിരിക്കണം. ഭർത്താവിനെതിരായി വിവാഹ മോചനത്തിന് ഉന്നയിക്കുന്ന ആരോപണങ്ങൾ സത്യമാണെന്ന് ഭാര്യ ശരിയാ കോടതിയിൽ തെളിയിക്കേണ്ടതുണ്ട്. വസ്തുത ഇതായിരിക്കേ പുരുഷൻ നടത്തുന്ന തലാക്കിനേക്കാൾ എളുപ്പം ഫസ്ഖ് ആണെന്നും ഇതിനാൽ ഇസ്ലാമിൽ സ്ത്രീകൾക്കാണ് കൂടുതൽ സ്വാതന്ത്ര്യം എന്നും കെമാൽ പാഷ പറയുന്നത് സത്യത്തെ വളച്ചൊടിക്കലാണ്. പ്രസ്തുത പ്രഭാഷണത്തിൽ ഇത്തരം നിയമങ്ങൾ ഇന്ത്യയിലും ആവശ്യപ്പെടാനായി അദ്ദേഹം മുസ്ലിം സംഘടനകളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

മതനിയമങ്ങൾ ഒരു മതേതര രാജ്യത്തിന്റെ നിയമ വ്യവസ്ഥയിൽ ഉൾപ്പെടുത്താൻ കമാൽ പാഷ ആവശ്യപ്പെടുന്നതിന്റെ കാരണം എന്താണെന്ന് അദ്ദേഹം വ്യക്തമാക്കണം. ഇന്ത്യയുടെ നീതിനിർവഹണ സംവിധാനത്തിൽ ഉന്നത പദവി വഹിച്ച കമാൽ പാഷയുടെ സമീപകാലത്തെ പ്രസ്താവനകൾ ജനാധിപത്യ സംവിധാനത്തിനു മുകളിൽ ശരീഅത്തിനെ പ്രതിഷ്ഠിക്കുന്നത് പോലെയാണ്.

മുൻ കന്യാസ്ത്രി ലൂസി കളപ്പുരയുടെ വിഷയത്തിൽ എഫ്‌സി‌സി എന്ന സമൂഹത്തിലെ അംഗമായിരിക്കുന്ന കാലത്തോളം ആ സ്ഥാപനത്തിന്റെ നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥയാണെന്നും സ്വതന്ത്രമായി ജീവിക്കാൻ താല്പര്യമുണ്ടെങ്കിൽ എഫ്‌സി‌സി സന്ന്യാസ സമൂഹത്തിൽനിന്ന് ഒഴിയാനുള്ള അവകാശമുണ്ടെന്നും സഭ വ്യക്തമാക്കിയിരുന്നു. പക്ഷേ ഈ വിഷയം വളച്ചൊടിച്ച രീതിയിൽ പൊതുസമൂഹത്തിൽ അവതരിപ്പിച്ച "ജസ്റ്റിസ് ഫോർ സിസ്റ്റർ ലൂസി" എന്ന കൂട്ടായ്മ നടത്തിയ പരിപാടിയുടെ മുഖ്യധാരാ പ്രഭാഷകനായിരുന്നു കെമാല്‍ പാഷ.

ഇതുകൂടാതെ ചില വൈദികർക്ക് സംഭവിച്ച വീഴ്ചകളും ചിലർ നേരിട്ട ആരോപണങ്ങളും അടിസ്ഥാനമാക്കി സകല ക്രൈസ്തവസഭകളെയും അടച്ചാക്ഷേപിക്കുകയും ക്രൈസ്തവ കൂദാശകളെ പറ്റി മ്ലേച്ഛമായ രീതിയിൽ പ്രസംഗിക്കുകയും പക്ഷേ മദ്രസകളിൽ നടക്കുന്ന ബാലപീഢനങ്ങളുടെ വാർത്ത പുറത്തു വന്നപ്പോഴും ഇന്ത്യയുടെ പല ഭാഗങ്ങളിലും നിക്കാഹ് ഹലാല വഴി മൗലവിമാർ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തപ്പോഴും കമാൽ പാഷ പുലർത്തിയ നിശബ്ദത അയാളുടെ നിഗൂഢലക്ഷ്യങ്ങളെ പറ്റിയുള്ള സംശയങ്ങൾ കൂടുതൽ വളർത്തുന്നു.

ഇത്തരത്തിൽ സമൂഹത്തിൽ മുഖമൂടിയണിഞ്ഞ് ചിലരുടെ കുൽസിത താൽപര്യത്തിനായി എന്തും എവിടെയും വിളിച്ചു പറയുന്ന ഇത്തരക്കാരുടെ പ്രവർത്തനത്തെ 'കാസ' വളരെ ശക്തമായി എതിർക്കുന്നു. നീതിബോധവും സത്യസന്ധതയും ഇല്ലാതെ സമൂഹത്തിൽ തെറ്റിധാരണകൾ ഉണ്ടാക്കി അതിലൂടെ മനുഷ്യരെ തമ്മി തല്ലിക്കുന്നവരും അനേകരുടെ വിശ്വാസത്തിന്റെ മേൽ കത്തിവെയ്ക്കുന്നവരുമായവരെ കേരള ജനത മനസിലാക്കി തുടങ്ങി. ഇത്തരക്കാർക്കെതിരെ ശക്തമായ നിയമ നടപടികളും പ്രതിക്ഷേധങ്ങും നടത്തി കേരള ജനതക്കു വേണ്ടി സർവ്വേപരി വിശ്വാസി ഗണത്തിനു വേണ്ടി നിലകൊള്ളാൻ മുന്‍ നിരയിൽ ഉണ്ടായിരിക്കുമെന്നും ക്രിസ്ത്യൻ അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ ഇന്ത്യ അറിയിച്ചു.


Related Articles »