India - 2024

വിശുദ്ധ ചാവറയച്ചന്റെ പ്രവര്‍ത്തനങ്ങള്‍ ലോകത്തിനു മാതൃക: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

സ്വന്തം ലേഖകന്‍ 04-01-2020 - Saturday

മാന്നാനം: വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ പ്രവര്‍ത്തനങ്ങള്‍ ലോകത്തിനു മാതൃകയാണെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മാന്നാനം കെഇ സ്‌കൂളില്‍ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ സ്വര്‍ഗപ്രാപ്തിയുടെ 150ാമത് വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍. വിദ്യാഭ്യാസം, സ്ത്രീ ശക്തീകരണം തുടങ്ങിയ സാമൂഹിക ആശയങ്ങളില്‍ ചാവറയച്ചന്റെ കാഴ്ചപ്പാടുകള്‍ വലുതായിരുന്നു. ഈ രണ്ടു മേഖലകളിലും ചാവറയച്ചന്‍ നല്‍കിയ സംഭാവനകള്‍ ഭാവി തലമുറയ്ക്ക് മുതല്‍ക്കൂട്ടായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

ചാവറയച്ചനെക്കുറിച്ചു വായിക്കുംതോറും അദ്ദേഹത്തോടുള്ള ആദരവ് കൂടുകയാണ്. മരപ്രസ് സ്ഥാപിച്ച് അച്ചടിക്കു തുടക്കം കുറിച്ച ചാവറയച്ചനു പ്രസാധന രംഗത്തെക്കുറിച്ചു വലിയ കാഴ്ച്ചപ്പാടാണുണ്ടായിരുന്നതെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. തിരുവിതാംകൂര്‍ രാജഭരണകാലത്താണ് ചാവറയച്ചന്‍ പള്ളിയും എല്ലാ മതസ്ഥര്‍ക്കുംവേണ്ടി പള്ളിയോടു ചേര്‍ന്നു പള്ളിക്കൂടങ്ങളും സ്ഥാപിച്ചത്. ഇതിനെതിരേ ഭരണാധികാരികളുടെ ഭാഗത്തുനിന്നു വലിയ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. വിദ്യാഭ്യാസത്തിനു കൂടുതല്‍ ബലം നല്‍കാനായി ചവറയച്ചന്‍ സ്വന്തമായി നിര്‍മിച്ചെടുത്ത പ്രസിനെതിരേയും ധാരാളം എതിര്‍പ്പുകളുണ്ടായി. എന്നാല്‍, അതിനെയെല്ലാം മറികടന്നാണ് അദ്ദേഹം ഇന്നത്തെ നിലയില്‍ സഭയെ വളര്‍ത്തിയതെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

സിഎംഐ സഭയും സിഎംസി സഭയും മുന്‍കൈയെടുത്തു സംഘടിപ്പിച്ച ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും വിശുദ്ധ ചാവറയച്ചന്റെ പ്രതിഭയ്ക്കു മുന്നില്‍ ശിരസു നമിക്കുന്നെന്നും ഗവര്‍ണര്‍ പറഞ്ഞു. തോമസ് ചാഴികാടന്‍ എംപി അധ്യക്ഷതവഹിച്ചു. കേരള സമൂഹത്തില്‍ അയിത്തത്തിനും അനാചാരങ്ങള്‍ക്കുമെതിരേ ശബ്ദമുയര്‍ത്തിയ നേതാവാണ് ചാവറയച്ചനെന്നു സീറോ മലബാര്‍ സഭാ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ പ്രസംഗത്തില്‍ പറഞ്ഞു. സമത്വത്തിന്റെ സന്ദേശം രാജ്യത്തെന്പാടും പ്രഘോഷിച്ച മഹാനേതാവായിരുന്നു വിശുദ്ധ ചാവറയച്ചനെന്ന് ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു. സിഎംഐ പ്രിയോര്‍ ജനറാള്‍ ഫാ. പോള്‍ ആച്ചാണ്ടി, സിഎംസി സുപ്പീരിയര്‍ ജനറാള്‍ സിസ്റ്റര്‍ സിബി എന്നിവരും പ്രസംഗിച്ചു.


Related Articles »